ആലപ്പുഴ: മേടമാസത്തിലെ കത്തുന്ന വെയിലും തെരഞ്ഞടുപ്പ് പ്രചാരണച്ചൂടില്‍ തോല്‍വിയടഞ്ഞു. കനത്തചൂട് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശം കെടുത്തുമോ എന്ന ആശങ്ക മുന്നണികള്‍ക്ക് ആദ്യമുണ്ടായിരുന്നെങ്കിലും അത്തരം ആശങ്കള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ വിവിധ മുന്നണികളുടെ പ്രചരണങ്ങള്‍.
എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെല്ലാം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ മണ്ഡലത്തില്‍ അനൗദ്യോഗികമായി ഒരു തവണ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പ്രചാരണത്തിനു സമയമേറെയുള്ളതിനാല്‍ ഭവനസന്ദര്‍ശനവും സ്ഥാപനങ്ങളിലെ സന്ദര്‍ശനവും നടത്തി വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളെല്ലാവരും. രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന എന്‍ഡിഎയുടെ ഒന്നാം ഘട്ട പ്രചാരണം സമാപിച്ചു. സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പ്രചാരണവും നിയോജക മണ്ഡലം കണ്‍വന്‍ഷനുകളുമാണ് സമാപിച്ചത്.
കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുത്തു. രണ്ടാംഘട്ട പ്രചരണം ആരംഭിച്ചു. സംസ്ഥാന, ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മറ്റു വിവിധ മേഖലകളിലെ പ്രമുഖരും എത്തിച്ചേരും. ബൂത്ത് കണ്‍വന്‍ഷനുകള്‍, പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ കുടുംബ യോഗങ്ങള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ സംഘടിപ്പിക്കുക. മറ്റു മുന്നണികളുടെ തെരഞ്ഞെടുപ്പ് നിയോജകമണ്ഡലം കണ്‍വന്‍ഷനുകളില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി.
പല മണ്ഡലങ്ങളിലും ബൂത്ത് തല കണ്‍വന്‍ഷനുകള്‍ വരെ നടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തങ്ങളുടേതായ വ്യത്യസ്ഥത ഉറപ്പാക്കാന്‍ മുന്നണികള്‍ ശ്രമിക്കുന്നുണ്ട്. നവമാധ്യമങ്ങളിലെ പ്രചരണത്തിനും മുന്നണികള്‍ മുന്‍തെരഞ്ഞെടുപ്പുകളേക്കാള്‍ പ്രാധാന്യം ഇത്തവണ നല്‍കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കളെ നവമാധ്യമങ്ങളിലെ പ്രചരണത്തിനായി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുകയാണ്.
















