നാട്ടറിവുകളിലും പഴഞ്ചൊല്ലിലും കഴമ്പുണ്ടോ എന്ന് പുതുതലമുറ പുച്ഛിച്ചു തള്ളുമ്പോഴും ആ ആചാരങ്ങള്‍ ഇന്നും നെഞ്ചേറ്റുന്ന നിരവധി പേര് ഇന്നുമുണ്ട്. അന്യം നിന്നുപോകാവുന്ന നാട്ടറിവുകളില്‍ പലതിലും കഴമ്പുണ്ട് എന്ന് കാലം തെളിയിച്ചതാണ്. അതില്‍ പ്രത്യേകതയുള്ള ഒരു ആചാരമാണ് തണുങ്ങു പെറുക്കുന്ന ആചാരം.
അമ്പതുവര്‍ഷം മുമ്പ് ആറന്മുള ഭാഗത്തായിരുന്നു സവിശേഷമായ ഈ ആചാരം നിലനിന്നിരുന്നത്. പണ്ട് കുട്ടികളില്ലാതിരുന്നവര് അനുഷ്ഠിച്ചിരുന്ന ആചാരങ്ങളിലൊന്നായിരുന്നു ഇത്. മകരമാസത്തില്‍ വഴിപാടു നടത്താനുദ്ദേശിക്കുന്ന കുടുംബം നാട്ടുപ്രമാണിയുടെ വീട്ടിലെത്തി വഴിപാടിനെക്കുറിച്ച് അറിയിക്കും.
തുടര്‍ന്ന് ആ പ്രദേശങ്ങളിലെ കുട്ടികള്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ഒത്തുചേര്‍ന്ന് പറമ്പുകളില്‍ പൊഴിഞ്ഞുവീഴുന്ന തണുങ്ങുകള്‍ (അടയ്ക്കാമരത്തിന്റെ പാളകള്‍) ശേഖരിച്ച് വഴിപാടു നടത്തുന്ന ആളിന്റെ പറമ്പില്‍ കൂട്ടിയിടും.
ദിവസവും ഈ പ്രക്രിയ തുടരും. മാസാവസാനം ഒരു നല്ലദിവസം നോക്കി എല്ലാ കുട്ടികളും കൂടിവന്ന് ആ തണുങ്ങുകള്‍ മുഴുവന്‍ തീയിടും. അതിനുശേഷം ആ വീട്ടുകാര്‍ കൊടുക്കുന്ന എണ്ണ തേച്ച് അമ്പലക്കടവില്‍ മുങ്ങിക്കുളിക്കും.
ആ വീട്ടുകാര്‍ ധനസ്ഥിതിക്കനുസരിച്ച് സദ്യയോ കഞ്ഞിയും പുഴുക്കുമോ കുട്ടികള്‍ക്കു നല്‍കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലായിരുന്നു തണുങ്ങു പെറുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി നല്‍കിയിരുന്നത്. തുടര്‍ന്ന് വഞ്ചിപ്പാട്ടുപാടി ആറന്മുള ഭഗവാനെ സ്തുതിച്ച് അവരവരുടെ വീട്ടിലേക്ക് മടങ്ങും.
ഭഗവാന് പ്രസാദിച്ചാല്‍ ഒരു വര്‍ഷത്തിനകം ആ കുടംബത്തില്‍ സന്താന ഭാഗ്യം ഉണ്ടാകുമായിരുന്നു. ദോഷം മാറാത്തവര്‍ക്ക് ഈ വഴിപാട് വീണ്ടും നടത്തേണ്ടിവരും. ഇന്ന് അന്യം നിന്നുപോയിരിക്കുന്ന അനേകം ആചാരങ്ങളിലൊന്നാണിത്. ധാരാളം ദമ്പതിമാര്‍ക്ക് ഈ ആചാരാനുഷ്ഠാനത്തോടെ സന്താനഭാഗ്യം ലഭിച്ചതായി പഴമക്കാര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: