പുനലൂര്‍: കേരളാ കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.സിസില്‍ ഫെര്‍ണാണ്ടസ് പുനലൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതോടെ പുനലൂരില്‍ മത്സരം കടുക്കുമെന്ന് ഉറപ്പായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ കാലതാമസത്തെ മാറ്റിനിര്‍ത്തി പ്രചരണവേളയിലെക്ക് രംഗപ്രവേശവനം ചെയ്ത സിസില്‍ ഫെര്‍ണാണ്ടസിന് മണ്ഡലത്തില്‍ ജനകീയമായ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. പുനലൂരിന്റെ വികസനം ലക്ഷ്യമാക്കിയാണ് അദ്ദേഹം വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. സിസിലിന്റെ രംഗപ്രവേശനത്തോടെ ഇരുമുന്നണികളിലും അങ്കലാപ്പാണ്. മണ്ഡലത്തില്‍ കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിച്ചുചാട്ടം ഇരുമുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. നഗരഗ്രാമപ്രദേശങ്ങളിലെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിസിലിന്റെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മണ്ഡലത്തിലെ അവികസിത കാഴ്ചപാടുകള്‍ എടുത്തുകാട്ടിയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ വ്യത്യസ്ത പ്രചരണവുമായി മുന്നോട്ട് പോകാനാണ് മുന്നണിയുടെ തീരുമാനവും.
















