കോഴിക്കോട്: എടക്കാട്ടെ സ്വകാര്യ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ്. ആശുപത്രി കെട്ടിട നിര്‍മ്മാണ അനുമതിയോടൊപ്പം ഹാജരാക്കിയ പിസിബി-എന്‍ഒസിയുടെ കാലാവധി അവസാനിച്ചതിനാലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ആശുപത്രി നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സാധുതയുള്ള പിസിബി-എന്‍ഒസി കൂടാതെയുള്ള നിര്‍മ്മാണം നിയമവിധേയമല്ലാത്തതിനാല്‍ പിസിബി-എന്‍ഒസി പുതുക്കി ഹാജരാക്കുന്നതുവരെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കാന്‍ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷന്‍ 406(2) പ്രകാരമാണ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ആശുപത്രി നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് കാണിച്ച് എടക്കാട് പുത്തന്‍വള്ളിവയല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ആശുപത്രി നിര്‍മ്മാണത്തിന് എന്‍ഒസി നല്‍കിയത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സ്റ്റേറ്റ് എന്‍വയേണ്‍മെന്റ് ബോര്‍ഡിനോട് വിശദീകരണം തേടി. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാതിരുന്ന കേരള സ്റ്റേറ്റ് എന്‍വയേണ്‍മെന്റ് ബോര്‍ഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടത്തിയ ഈ ഇടപെടലിനെത്തുടര്‍ന്ന് പിസിബി-എന്‍ഒസി പുതുക്കി നല്‍കാനും തയ്യാറായില്ല. അനുമതിയില്ലാതെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സമരസമിതി കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ് ക്കാന്‍ സെക്രട്ടറി ഉത്തരവിട്ടത്.അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ എടക്കാട് പുത്തന്‍വള്ളിവയല്‍ സമര സമിതി ജനറല്‍ ബോഡി യോഗം തിരുമാനിച്ചു.
















