പത്തനാപുരം: എല്‍ഡിഎഫിന്റെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ പോയത് സമീപത്തെ ബാറിലും ബിവറേജസിലും. വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന നൂറുകണക്കിന് ഇടതു അനുകൂലികളാണ് ബാറുകളും ബിവറേജസും കയ്യടക്കിയത്.
മദ്യം വാങ്ങാനുള്ള നിര പുനലൂര്‍-മൂവാറ്റുപുഴ റോഡ് വരെ നീണ്ട കാഴ്ചയാണ് കണ്ടത്. പലരും ഇവ അന്വേഷിച്ചുനടക്കുന്ന കാഴ്ചയും കാണാമായിരുന്നു. ബിവറേജസില്‍ അനുഭവപ്പെട്ട വലിയ തിരക്കുമൂലം സ്ഥിരമായി മദ്യം വാങ്ങുന്ന പലര്‍ക്കും മദ്യം കിട്ടിയില്ല എന്ന പരാതിയും കേള്‍ക്കുന്നുണ്ട്. പത്തനാപുരത്തെ സ്ഥിരം മദ്യപസംഘമാണ് ഇടതു അനുകൂലികളുടെ തിരക്കിനെപ്പറ്റി ആക്ഷേപം ഉന്നയിച്ചത്. പലരും കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ കല്ലുംകടവിലെ സാംസ്‌കാരിക നിലയത്തിലും മറ്റും മദ്യപിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഇന്നലെ ഉച്ചമുതല്‍ രാത്രി വരെയായിരുന്നു തിക്കും തിരക്കും. കണ്‍വന്‍ഷന്‍ കൊണ്ട് നല്ല കച്ചവടം നടന്ന സന്തോഷത്തിലാണ് പത്തനാപുരത്തെ ബാര്‍ മുതലാളിമാര്‍.
യാത്രാവാഹനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള പ്രകടനം മണിക്കൂറുകളോളം പൊതുജനത്തെ ബുദ്ധിമുട്ടിലാക്കി. സമ്മേളനത്തില്‍ ആളെ തികയ്‌ക്കാന്‍ കേരളത്തിലുളള മുഴുവന്‍ കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകരെയും പത്തനാപുരത്ത് എത്തിച്ചിരുന്നു.
















