മാനന്തവാടി : ഗുരുവിന് കുഴിമാടം തീര്‍ക്കുന്ന സംസ്ക്കാരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ.ഷാജി. ദേശീയ ജനാധിപത്യ സഖ്യം മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിറന്നുവീഴുന്ന കുഞ്ഞിനുപോലും കടമുള്ള സംസ്ഥാനമായി കേരളം മാറി. എല്ലാ ജനവിഭാഗങ്ങളെയും ഒരു കുടകീഴിലാക്കുവാന് ശ്രമിക്കുകയും പാര്ശ്വവത്ക്കരിക്കപ്പെട്ടവനെപറ്റി പറയുകയും ചെയ്തപ്പോള്‍ വെള്ളപ്പള്ളി നടേശന് എല്ലാവര്ക്കും വിഷം ചീറ്റുന്നവനായി. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോഴിക്കോട് ഡിസിസി പ്രസിഡന്റ് വര്‍ഗീയത പറഞ്ഞപ്പോള്‍ കേരളത്തിലെ ഇരു മുന്നണികളും വെള്ളം തൊടാതെ വിഴുങ്ങിയെന്നും രാഹുല്‍ ഗാന്ധി ദുരന്തഭൂമിയില്‍ വന്നിറങ്ങിയത് പബ്ലിസിറ്റ്ക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണതുടര്‍ച്ചയെന്നത് അഴിമതിയുടെ തുടര്ച്ചയെയാണോ എന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നത് എല്ലാവരെയും ശരിയാക്കും എന്നുമാണോ ജനം മനസിലാക്കേണ്ടതെന്നും കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ജിത്ത് ചോദിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയമായിരിക്കും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിജെപി മെമ്പറെപോലും പാര്‍ലമെന്റില്‍ എത്തിക്കാന്‍ കൂട്ടാക്കാത്ത കേരളത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എല്ലാതരത്തിലും വാരിക്കോരി നല്‍കുകയാണ് ചെയ്യുന്നത്. കേരളത്തിലെ റോഡ് വികസനത്തിനായി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോട് ചോദിച്ചത് 5000 കോടി രൂപയാണ്. എന്നാല്‍ മന്ത്രി അനുവദിച്ചതാകട്ടെ 34000 കോടിയും. യുപിഎ ഭരണകാലത്ത് കേന്ദ്രത്തിലെ എട്ട് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയതത് കേരളത്തില്‍നിന്നുള്ളവരായിരുന്നു, എന്നിട്ടും കേരളത്തിന് എന്തുകിട്ടിയെന്ന് ജനങ്ങള്‍ ചിന്തിക്കണം.
എന്‍ഡിഎ സര്‍ക്കാര്‍ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവയ്ക്കായി ഫണ്ടനുവദിച്ചു. യുപിഎ ഭരണകാലത്ത് ദിവസവും ഒരു കിലോമീറ്റര്‍ റോഡെന്നത് മോദിയുടെ ഭരണത്തില്‍ ദിവസവും 22 കിലോമീറ്റര്‍ എന്ന നിലയിലായി. കൊല്ലം വെടിക്കെട്ടപകടത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി എത്തുന്നതിനുമുന്പെതന്നെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും എല്ലാവിധ സഹായസന്നാഹത്തോടുകൂടി ദുരന്ത സ്ഥലത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പുല്‍മേട് ദുരന്തത്തില്‍ യുപിഎ സര്‍ക്കാര്‍ അനുശോചസന്ദേശത്തില് കാര്യങ്ങള്‍ ഒതുക്കുകയായിരുന്നു. വയനാട്ടില്‍തന്നെ ആദിവാസി വിഭാഗത്തില്‍നിന്നും മന്ത്രി ഉണ്ടായിട്ടുകൂടി ആദിവാസി സ്ത്രീകള്‍ ആംബുലന്‍സില്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതിനുപരിഹാരമായി മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. വയനാട് മെഡിക്കല്‍ കോളേജ് വോട്ടബാങ്ക് മാത്രമായി മാറുന്നു.
നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടന്നാല്‍ കണ്ണൂര്‍ പോലുള്ള ജില്ലകളില്‍ സിപിഎം എട്ടുനിലയില്‍ പൊട്ടുമെന്നും മുന്‍ ലോക്സഭയില്‍ 58 സീറ്റോടെ പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷമാണ് ഇന്ന് രണ്ടക്കം തികക്കാന്‍ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡണ്ട് സജിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് എന്‍.കെ.ഷാജി, മണ്ഡലം പ്രസിഡണ്ട് കെ.കെ.പ്രഭാകരന്, ജില്ലാസെക്രട്ടറി ടി.പുരുഷോത്തമന്, ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പാലേരി രാമന്, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സി.കെ.ഉദയന്‍, ലക്ഷ്മി കക്കോട്ടറ, പി.ശിവദാസന്‍ മാസ്റ്റര്‍, വിജയന് കൂവണ, ഇരിമുട്ടൂര് കുഞ്ഞാമന്, അഖില്‍പ്രേം, കെ.രാജന്, ശ്രീലതാ ബാബു, സജിത്കുമാര്‍, ഹരിദാസ്, രാജന് കൊല്ലിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: