അക്കിത്തം എന്ന കവിയുടെ തണലേറ്റ് വളർന്ന മലയാളം-മലയാളി-ആ കാവ്യാനുഭാവന്റെ നവതിയാഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഭൂമിയോളം താണ് കടലോളം തന്ന അക്കിത്തത്തിനാവട്ടെ ആഘോഷങ്ങൾ അന്യവും.
നിർമമത്വത്തിന്റെ മൂലമന്ത്രമായ ‘ഇദം ന മമ’യെ ജീവിതസാരമാക്കിയ ഒരാൾ അക്കിത്തത്തെപ്പോലെ മറ്റാരുമില്ല. ഹൃദയത്തിലേക്ക് നോക്കി എഴുതുകയും അതിനായി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത യമിപ്രഭാവമാണ് നവതിയിലും അക്കിത്തത്തിൽ ജ്വലിക്കുന്നത്. ആഹിതാഗ്നിയുടെ പ്രഭാവമാണത്.
അക്കിത്തമെന്നത് കേവലമൊരു പേരല്ല. മഹത്വപൂർണമായ സംസ്‌കൃതിയുടെ സഞ്ചിതഭാവമുണ്ടതിന്. അതിന്റെ ശക്തിയും വിശുദ്ധിയുമുണ്ടതിന്. കാരണം ആഹിതാഗ്നിയാണ് അക്കിത്തം. പത്തുതലമുറ അഗ്നി അഥവാ അതിരാത്രം അനുഷ്ഠിച്ചതിൽനിന്നാണ് ‘അഗ്നിപ്പത്ത്’ ഉരുവം കൊണ്ടത്. ആ അഗ്നിപ്പത്താണ് കാലത്തിന്റെ ഹൃദയവിശുദ്ധിയിലൂടെ സ്‌നേഹസത്യങ്ങളുടെ മൂർത്തതയിലേക്ക്- അക്കിത്തത്തിലേക്ക്-പരിണാമപ്പെട്ടത്. കാലം ഈ വർത്തമാനത്തിൽ അതിനെ മലയാളത്തിന്റെ അത്യാദരണീയവും സ്‌നേഹനിർഭരവുമായ പേരാക്കി-അക്കിത്തമാക്കി-സ്വന്തപ്പെടുത്തി.
പൊതുവെ ത്യജിക്കലാണ് ത്യാഗം. പക്ഷേ അക്കിത്തത്തിന് ത്യാഗമെന്നത് ത്യജിക്കലല്ല. ‘ഇദം ന മമ’യിലൂടെ ജീവിച്ചുവളർന്ന ഒരാൾക്ക് ത്യജിക്കാനൊന്നുമില്ല. താൻ തന്നെ സ്വയം ത്യജിക്കപ്പെട്ടവനാണ്. പ്രകൃതിക്കും പുരുഷനും മുന്നിൽ. പിന്നെന്താണ് അക്കിത്തം എന്ന ജീവിതത്തിന് മുന്നിലെ ത്യാഗം? ഉൾക്കൊള്ളലാണ്-സ്വയമേറ്റെടുക്കലാണ്-അദ്ദേഹത്തിന് ത്യാഗം. അന്യദുഃഖങ്ങളെ ആത്മദുഃഖങ്ങളാക്കുന്നിടത്താണ് അക്കിത്തത്തിന്റെ ജീവിതം വസന്തമണിയുന്നത്. ഇവിടെ ഒന്നും ത്യജിക്കുന്നില്ല. ത്രികാലം സമ്മാനിക്കുന്ന സകല ദുഃഖങ്ങളും ഏറ്റുവാങ്ങുന്നതിലെ ആനന്ദമാണ് ആ ജീവിതത്യാഗം. മറ്റുള്ളവരുടെ ദുഃഖങ്ങളിൽ ചന്ദനലേപത്തിന്റെ സുഗന്ധസുഖം തഴുകിപ്പിടിപ്പിക്കുന്ന അക്കിത്തം സ്വയം സുഖപ്പെടുകയും സന്തോഷിക്കുകയുമാണ് ചെയ്യുന്നത്.
ആത്മവേദനയുടെ മറുമരുന്ന് അന്യഹൃദയ മന്ദഹാസമാണ് അക്കിത്തത്തിന്. ‘ഹൃദയത്തിലേക്ക് നോക്കി എഴുതാൻ’ ആഹ്വാനിക്കുകയും; കടുകിടെ രാജിയാവാതെ അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു കവിയെ ഹൃദയഭാഷയും ഹൃദയരാഗവും അടിമപ്പെടുത്തുക സ്വാഭാവികം. ഇവയ്‌ക്ക് അടിമയാണ് അക്കിത്തം. അതിനാലാണ് അഗ്നിപ്പത്തിന്റെ തികഞ്ഞ യാഥാസ്ഥിതികത്വത്തിലും ‘അഗ്നി’ നൽകുന്ന സ്ഥിതിസമത്വത്തിന്റെ സംസ്‌കാര വിശുദ്ധിയിലേക്ക് അക്കിത്തം സ്വയമേറിപ്പോയത്. അടിയുറച്ചുപോയ ബ്രാഹ്മണ്യത്തെ അടിച്ചുടച്ച് അദ്ദേഹം പറഞ്ഞു- ”പൂണൂലിട്ടിട്ടും അഴിച്ചിട്ടും കാര്യമില്ല. കർമംകൊണ്ട് ആർക്കും നേടാവുന്നതാണ് ബ്രാഹ്മണ്യം. ജാതിയും മതവും പ്രകൃതിയുമൊക്കെ ഒന്നാവുന്ന അവസ്ഥാവിശേഷമാണിത്.”
കിറുക്കല്ലേ യഥാർത്ഥത്തിൽ
ചാതുർവർണ്യവ്യവസ്ഥകൾ
സംസ്‌കാരാഭാസങ്ങളല്ലല്ലീ
ഷോഡശക്രിയയത്രയും എന്ന് കവിയെക്കൊണ്ട് പറയിപ്പിക്കുന്നതും ഈ സ്ഥിതിസമത്വ ചിന്തയേകുന്ന ആനന്ദമാണ്. മനോമയ പ്രകാശത്തിൽ വിളങ്ങുന്ന ചരാചരബദ്ധമായ അദ്വൈതാനന്ദത്തെയാണ് കവി അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും.
കവിയിലെ നിര്‍മമത്വം കവിയെ നയിക്കുന്നത് പരമാനന്ദത്തിലേക്കാണ്. ബ്രഹ്മാനന്ദത്തിലേക്കാണ്. കാവ്യജീവിതത്തില്‍ സ്വയമനുഭവിക്കുന്ന ഈ ആനന്ദത്തെത്തന്നെയാണ് ഈ കവി കവിതയായി കാണുന്നതും. അതുകൊണ്ടാണ് പരമാനന്ദാനുഭവത്തിലെ ധ്വനിമന്ത്രങ്ങളായി അക്കിത്തത്തിന്റെ കാവ്യകല്‍പ്പനകള്‍ പരിപക്വപ്പെടുന്നതും.
കാലത്തെ കവിതയാക്കുകയും; കവിതയെ സ്‌നേഹത്തിന്റെ ഹൃദയരാഗമാക്കുകയും ചെയ്യുന്ന അക്കിത്തം കാലം കടന്ന് കാഴ്ചകള്‍ കണ്ട/കാണുന്ന കവിയാണ്. മാനവരാശിയോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹമാണ് ഇത്തരം കാഴ്ചകള്‍ക്ക് പ്രേരകം. 1950 ല്‍ ’20-ാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലൂടെ കവി കണ്ടതും ഇത്തരമൊരു കാഴ്ചയായിരുന്നു. തന്റെ ദാര്‍ശനികമായ ബൗദ്ധികയാത്രകളുടെ നീതിപൂര്‍ണമായ എത്തിച്ചേരലുകള്‍ കവിക്കുതന്നെ അനുഭവിക്കാനായി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കാവ്യകല്‍പ്പനയോ പ്രത്യയശാസ്ത്ര നിരാസമോ അല്ലാത്ത ദാര്‍ശനിക സത്യമായി കവിക്കുമുന്നില്‍ തന്നെ പുനര്‍ജനിച്ചു; 1980 ലെ സോവ്യറ്റു റഷ്യയുടെ മാഞ്ഞുപോകലിലൂടെ.
‘ഇതിഹാസ’ത്തിലൂടെ കവി ഋഷിയും; ഋഷി കവിയുമായി തീരുന്ന പാരസ്പര്യത്തിന്റെ കാന്തികമായ കാന്തിയാണ് അക്കിത്തത്തില്‍ വന്നണഞ്ഞത്. പക്ഷേ ഈ കാന്തിക കാന്തിയിലൂടെ കവി ഇരയാവുകയും വേട്ടയാടപ്പെടുകയും ചെയ്തു. അക്കാര്യം കവി തന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. ”20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയ കാലത്ത് ഞാന്‍ വളരെയധികം ക്രൂശിക്കപ്പെട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് മാനവരാശിയോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ ഗീതമാണ്-”
മറ്റുള്ളവര്‍ക്കായ് പൊഴിക്കുന്ന കണ്ണീര്‍ക്കണത്തില്‍ ആയിരം സൗരമണ്ഡലത്തെ ഉദിപ്പിക്കുന്ന സ്‌നേഹസൂര്യനായിട്ടും മറ്റുള്ളവര്‍ക്കേകുന്ന പുഞ്ചിരിയിലൂടെ ഹൃദയത്തില്‍ നിത്യനിര്‍മല പൗര്‍ണമിയനുഭവിക്കുന്ന സ്‌നേഹചന്ദ്രനായിട്ടുംകൂടി അക്കിത്തം വേട്ടയാടപ്പെട്ടൂവെന്നതാണ് ദുരന്തം.
പക്ഷേ കാലം കഴിഞ്ഞപ്പോള്‍ ചിലര്‍ക്കെങ്കിലും മലയാള കവിതയിലെ ഈ കണ്ണീര്‍ പുഞ്ചിരികളുടെ പ്രാധാന്യം തിരിച്ചറിയേണ്ടിവന്നു. ഒരിക്കല്‍ ഒഎന്‍വി അഭിപ്രായപ്പെട്ടു- ”നമ്മുടെ മലയാള കവിതയില്‍ രണ്ട് കണ്ണീര്‍ തുള്ളികള്‍ക്ക് അതുല്യമായ മുത്തിന്റെ മൂല്യം കൈവന്നിട്ടുണ്ട്. അതിലൊന്ന് വാസവദത്തയെ കാണാന്‍ ചെന്ന ഉപഗുപ്തനില്‍നിന്ന് ആമലകീഫലം പോലെ അടര്‍ന്നുവീണ ഒരു മുത്ത്. അത് കരുണതന്‍ കയത്തിലെ പരിണതോജ്വല മുക്താഫലമെന്ന് കവി. അതൊരു മുത്താണ്. ആ കണ്ണീര്‍ കണത്തിനുശേഷം മലയാള കവിതയില്‍ തത്തുല്യമായ മൂല്യമുള്ള ഒരു കണ്ണീര്‍ക്കണം നമ്മുടെ മുന്നില്‍ എടുത്തുവെച്ചത് നമ്മുടെ മഹാകവി അക്കിത്തമാണ്. മറ്റുള്ളവര്‍ക്കായ് പൊഴിക്കുന്ന ആ കണ്ണീര്‍ മുത്ത് അത് നമുക്കുതന്നെ മഹാകവിയാണ് അക്കിത്തം.” കണ്ണീര്‍ മുത്തുകളുടെ സ്‌നേഹസാരങ്ങള്‍ എന്തെന്നറിയാതെയുള്ള കല്ലേറേറ്റ് കവി ഒരുവേള ആത്മനിന്ദയോളം ചെന്നെത്തുകയും ചെയ്തു.
”കരളില്‍ കൊള്ളുന്നുണ്ടാ വേദന
ഞാനെന്തിനു കവിയായ്‌ത്തീര്‍ന്നു
ലോകനിന്ദതന്‍ കല്ലേറേല്‍ക്കാന്‍….” ഇങ്ങനെ പാടിപ്പോയെങ്കിലും കവിയിലെ നിര്‍മമത്വം; ത്യാജ്യമല്ലാത്ത ത്യാഗം ആ കല്ലേറിലും ആനന്ദം കണ്ടെത്താനുള്ള പ്രേരകമായി.
മലയാളത്തിന്റെ മഹാക്ഷേത്രത്തിലെ ജാജ്വല്യമായ ജീവപ്രതിഷ്ഠയാണിന്ന് അക്കിത്തം. ആരവവും ആരതിയുമൊഴിഞ്ഞ യമിസംയമത്വമാര്‍ന്ന അനാര്‍ഭാട ജീവിതം. ഈ നവതിവേളയിലും ”എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ
ഗര്‍ഭഗൃഹത്തിലുണ്ടാശ്രിതവാത്സല്യ
നിര്‍ഭരനായൊരാളെന്റെയായെന്റെയായ്.” എന്നുണര്‍ത്തിച്ചുകൊണ്ട് ആത്മഹൃദയത്തിലേക്കെന്നപോലെ പരഹൃദയത്തിലേക്കും ചെന്നെത്താന്‍ പ്രചോദനമേകുന്ന അത്യസാധരണമായ സാധാരണജീവിതത്തിലാണ് ഈ മഹാകവി. സത്യ-സ്‌നേഹ-ദയാ കര്‍മങ്ങളെ സ്വധര്‍മമാക്കി ജീവിക്കുന്ന ധര്‍മസൂര്യന്‍. കെടാത്ത, വാടാത്ത ആ ധര്‍മസൂര്യന്റെ ചൂടും വെളിച്ചവും സ്‌നേഹത്തിന്റെ നിത്യമേഘങ്ങളിലൂടെ ഇനിയുമിനിയും ഏറെയേറെക്കാലം നമുക്കുമേല്‍ വര്‍ഷിക്കുമാറാകട്ടെ. ഈ കവി മലയാളത്തിന്റേതല്ല; ഭാരതത്തിന്റെതാണ്. ഭാരതത്തിന്റെ ഈ മഹാകവിക്ക് സ്‌നേഹാദരങ്ങളോടെ നവതി നമസ്‌കാരങ്ങളര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: