അദ്ധ്യാത്മരാമായണത്തില്‍ മാത്രമാണ് രാമേശ്വര കഥയുള്ളത്. അതിനെ ആധാരമാക്കി രചിച്ച കിളിപ്പാട്ടിലും കമ്പരാമായണത്തിലുമൊക്കെ പിന്നീടതു ചേര്‍ക്കപ്പെട്ടു. നാം ചെറിയൊരു വീടുപണിയാന്‍ തുടങ്ങുകയാണെങ്കില്‍പോലും തറപൂജ നടത്തുമല്ലോ. അസാധ്യവും അതിശ്രമകരവുമായ സേതുബന്ധനം ആരംക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവപൂജ നടത്തി. അവിടെയൊരു ശിവലിംഗപ്രതിഷ്ഠയും നടത്തി.
എന്നിട്ട് ആസ്ഥലത്തിന് രാമേശ്വരം എന്നുപേരിട്ടു. ശിവനെ പൂജിച്ചുകൊണ്ട് രാമന്‍ ലോകഹിതത്തിനായി പറയുന്നു. ”രാമേശ്വരത്തിലെ ശിവനെ ദര്‍ശിച്ച് സേതുബന്ധനത്തെ പ്രമണിക്കുന്നവര്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍ നിന്നുപോലും മുക്തനാകുന്നു. സേതുബന്ധനത്തില്‍ സ്‌നാനംചെയ്ത് രാമേശ്വരമഹാദേവനെ ദര്‍ശിച്ചിട്ട്, സങ്കല്‍പപൂര്‍വം കാശിയിലെത്തി അവിടെനിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരനെ അഭിഷേകം ചെയ്തിട്ട് ആ ജലപാത്രത്തെ സമുദ്രത്തില്‍ അര്‍പ്പിക്കുകയാണെങ്കില്‍ അവന് ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുമെന്നതിനു സംശയമില്ല.” ഇന്നുമത് പല ഹിന്ദുക്കളും അനുഷ്ഠിക്കുന്നുണ്ട്.
ഉത്തരേന്ത്യയില്‍ നിന്നു നിരവധി ഗ്രാമീണ ഭക്തന്മാര്‍ കാശിയില്‍പോയി ദര്‍ശനം നടത്തി. ഗംഗാജലവുമായി രാമേശ്വരത്തുവന്ന് സേതുവില്‍ കുളിച്ച് രാമേശ്വരന് അഭിഷേകം നടത്തി. സമുദ്രജലവുമായി മടങ്ങിപ്പോകുന്നു. ഹിമാലയത്തിലെ യമാനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരി എന്നീ ചാര്‍ധാം യാത്ര പുറപ്പെടുംമുമ്പ് രാമേശ്വരത്തെത്തി സമുദ്രസ്‌നാനവും ശിവദര്‍ശനവും നടത്തി സേതുവില്‍നിന്നും അല്പം മണലെടുത്ത് ഗംഗയില്‍കൊണ്ടിടുന്ന പതിവ് ഇപ്പോഴുമുണ്ട്. ചാര്‍ധാം യാത്ര പൂര്‍ത്തിയാക്കിയശേഷം ഗംഗയില്‍ കുളിച്ച് ഗംഗാജലവുമായി വീണ്ടും രാമേശ്വരത്തെത്തി അഭിഷേകം ചെയ്യുന്നു. അപ്പോഴാണ് യാത്ര പൂര്‍ത്തിയാകുന്നത് എന്നാണ് ചിലരുടെ വിശ്വാസം.
















