വൃശ്ചികത്തില്‍ തുടങ്ങിയ മദ്ധ്യകേരളത്തിലെ പൂരങ്ങള്‍ തീരാന്‍ ഇനി ഇരിങ്ങാലക്കുട ഉത്സവം മാത്രം. അപ്പോഴേയ്‌ക്കും മഴകൊണ്ടു പിടിക്കാന്‍ തുടങ്ങും. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യസ്വാമിയുടെ തിരുവുത്സവം അതാണ് ഉത്സവനാളുകള്‍ക്ക് സമാപ്തി കുറിക്കുന്നത്. പിന്നെ ആനകള്‍ക്കും കലാകാരന്മാര്‍ക്കും വിശ്രമത്തിന്റെ കാലങ്ങളായി. ഇതുമുന്‍കാലങ്ങളിലെ സമ്പ്രദായമാണ്. എന്നാല്‍ പിന്നെയും പ്രതിഷ്ഠാദിനങ്ങള്‍ ബാക്കിയായി ആഘോഷങ്ങള്‍ കൊണ്ടാടുകതന്നെയാണ്. ക്ഷേത്രങ്ങളെല്ലാം.
ഭരതന്റെ പ്രതിഷ്ഠയുള്ള ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന പതിനഞ്ചാനയും പഞ്ചാരിമേളവുമായി പൊടിപാറുന്ന തിരുവുത്സവം. കഥകളി, തുടങ്ങിയ വിവിധ ക്ഷേത്രകലകളുമായി ആസ്വാദകര്‍ക്ക് മറക്കാനാവാത്ത കാഴ്ചയൊരുക്കുന്ന ഉത്സവദിനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവംമുതലാണ്. തുടര്‍ന്ന് ഒരോരോദേശങ്ങളിലേയും രക്ഷാസ്ഥാനത്തുനില്‍ക്കുന്ന ദേവതകളുടേയും വാര്‍ഷിക ഉത്സവത്തിന് കൊടികയറും.
മനുഷ്യമനസ്സിന് ആനന്ദം പകരുന്ന കാഴ്ചകളുമായി കലകള്‍ ഉണര്‍ന്നരാവുകളെ കാത്തിരിക്കും. ഇതെല്ലാം തരുന്ന വിശാലതയില്‍നിന്നാണ് പുതിയ കലാകാരന്മാരെ നമുക്ക് കിട്ടുന്നത്. അതില്‍ ഭ്രമിച്ച് അഭ്യസിച്ച് വളരുന്നവര്‍ കലാകേരളത്തിന് മുതല്‍ക്കൂട്ടാവും ഇത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗം തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതിതന്നെയാണ് കലകള്‍ക്ക് പുഷ്ടി പ്രാപിക്കുവാന്‍ അവസരം നല്‍കുന്നത്. വിളഞ്ഞ നെല്‍പാടങ്ങളും, പൂത്തകണിക്കൊന്നയും, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ഹൃയത്തില്‍ ആഴ്ന്നിറങ്ങുന്നു. ഇതില്‍നിന്നുംകിട്ടുന്ന പ്രചോദനത്താല്‍ എന്തിലും ഏതിലും കലയെകണ്ടത്താന്‍ കഴിയും.
















