സമുദ്രത്തില്‍ എപ്പോഴും വെള്ളം നിറഞ്ഞുനില്‍ക്കുകയാണ്. ഗംഗ, യമുന, ഗോദാവരി, കൃഷ്ണ, കാവേരി, സിന്ധു തുടങ്ങിയ മഹാനദികളിലെ മുഴുവന്‍ വെള്ളവും അതില്‍ എത്തിച്ചേരുന്നു. എങ്കിലും ജലനിരപ്പിന് ഒരു മാറ്റവും വരുന്നില്ല. കൂടാതെ മഴക്കാലത്ത് ഭൂമിയില്‍ വീഴുന്ന ജലംകൂടി സമുദ്രത്തിലെത്തുന്നു. അപ്പോഴും ഒരു ഇഞ്ചുപോലും ജലനിരപ്പ് ഉയരുന്നില്ല. കരകവിഞ്ഞ് ഒഴുകുന്നുമില്ല. വേനല്‍ക്കാലത്ത് നദികളില്‍ വെള്ളം കുറയുന്നതുകാണാം, കുറഞ്ഞതോതിലെ വെള്ളം സമുദ്രത്തില്‍ എത്തിച്ചേരുന്നുള്ളൂ.
എങ്കിലും ഒരു തുള്ളി വെള്ളംപോലും കുറയുന്നുമില്ല. ഈ അവസ്ഥയെയാണ്, രണ്ടാമധ്യായത്തിലെ 70-ാം ശ്ലോകത്തില്‍ ‘ആപൂര്യമാണം’ എന്ന പദംകൊണ്ട് ഭഗവാന്‍ പറയുന്നത്. മാത്രമല്ല, സമുദ്രത്തിലെ വെള്ളത്തില്‍ ദ്രവഭാവത്തിനോ ഉപ്പുരസത്തിനോ നിറത്തിനോ ഒരു മാറ്റവും വരുന്നില്ല.
ഈ അവസ്ഥയെയാണ് ‘അചലപ്രതിഷ്ഠ’ എന്ന് വിശേഷിപ്പിച്ചത്.
സ്ഥിതപ്രജ്ഞന്റെ മനസ്സ് ഇതുപോലെയാണ്. സ്വാദ് ഏറിയ ഭക്ഷണങ്ങളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും വാഹനസൗകര്യവും സ്വീകരണങ്ങളും കീര്‍ത്തിയും ചിലപ്പോള്‍ ലഭിച്ചേക്കാം. അഷ്ടാംഗയോഗം പരിശീലിക്കുന്ന യോഗിക്ക് ദൂരശ്രവണം, ദൂരദര്‍ശനം തുടങ്ങിയ ദിവ്യസുഖങ്ങളും കിട്ടിയേക്കാം. അവയെല്ലാം സ്ഥിതപ്രജ്ഞനായ ഭക്തന്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം.
സ്ഥിതപ്രജ്ഞനായ ഭക്തന്റെ മനസ്സിനെ തെല്ലുപോലും അവ ചലിപ്പിക്കുകയില്ല, ‘അചലം’തന്നെ. വിവിധ നദികളിലെ വെള്ളം സമുദ്രം സ്വീകരിക്കുന്നു; സമുദ്രജലമാക്കി മാറ്റുന്നു. ഭൗതികസുഖങ്ങള്‍, കഴിഞ്ഞ ജന്മങ്ങളിലെ കര്‍മങ്ങളുടെ ഫലമായി ലഭിക്കുന്നതാണെന്നും ഭഗവാന്‍ പ്രസാദിച്ച് തരുന്നതാണെന്നും ഉള്ള അവബോധം കാരണം സന്തോഷമോ സന്താപമോ സ്ഥിരപ്രജ്ഞന് ഉണ്ടാവുന്നേയില്ല; അക്ഷോഭ്യനായി ഭഗവദ്ധ്യാനാദികള്‍ തുടരുന്നു. ”സ ശാന്തിമാപ്്‌നോതി.”
ശ്രീമദ് ഭാഗവതത്തിലെ സുദാമ ബ്രാഹ്മണന്റെ (കുചേലന്റെ) മനസ്ഥിതി ഉദാഹരണമായി സ്വീകരിക്കാം.
സുദാമ പത്‌നി കൊടുത്തയച്ച കല്ലും നെല്ലും ചേര്‍ന്നതെങ്കിലും ഭക്തിയാകുന്ന അമൃതില്‍ കുതിര്‍ന്ന അവില്‍ ഭക്ഷിച്ച് സന്തോഷിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍, ”സുദാമാവിന്റെ പത്‌നിക്ക് തുംഗസൗധങ്ങളും സ്വര്‍ഗത്തിനെക്കാള്‍ ഉത്കൃഷ്ടമായ സകല ഭൗതികസുഖങ്ങളും കൊടുത്തുവല്ലോ. അതുകണ്ട്, സുദാമാവിന് തെല്ലുപോലും അതില്‍ കൊതി തോന്നിയില്ല.
”ഇത്ഥം വ്യവസിതോ ബുദ്ധ്യാ
ഭക്തോതീവ ജനാര്‍ദ്ദനേ
വിഷയാന്‍ ജായയാ ത്യക്ഷന്‍
ബുഭജേ, നാളതിലമ്പടഃ
(ഭാഗം 10.81-39)
(= ആ ഭക്തന്റെ ബുദ്ധി വ്യവസായാത്മികയായിരുന്നു. ഭൗതികസുഖങ്ങള്‍ മനുഷ്യനെ അഹങ്കാരിയാക്കും എന്ന് നിശ്ചയിച്ചുറപ്പിച്ച സുദാമാവ് ആ സുഖങ്ങളെല്ലാം ഉപേക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍, പരിചാരകന്മാര്‍ ”ഭഗവാന്റെ പ്രസാദമല്ലേ?” എന്ന് ഓര്‍മ്മിപ്പിച്ചപ്പോഴാണ്, സ്വീകരിക്കാന്‍ തുടങ്ങിയത്. ‘ന അതിലമ്പടഃ’- പദാര്‍ത്ഥങ്ങളോടുള്ള അത്യാഗ്രഹംകൊണ്ടല്ല ഭഗവാന്റെ പ്രസാദത്തോടുള്ള ഭക്തികൊണ്ടുമാത്രം.)
സ്ഥിതപ്രജ്ഞനായ ഇത്തരം ഭക്തന്മാര്‍ക്കു മാത്രമേ ശാന്തിയും പരമമായ ആനന്ദവും ലഭിക്കൂ. അല്ലാതെ ഭൗതികസുഖം കാംക്ഷിക്കുന്നവന്‍ വിവിധ മാര്‍ഗങ്ങളിലൂടെ നടന്ന്, അലഞ്ഞ് തളര്‍ന്നുവീണ്, നാശസമുദ്രത്തില്‍ ആണ്ടുപോവുന്നു. ന തു കാമ കാമീ- ഒരിക്കലും പരമാനന്ദം നേടുകയില്ല.
















