കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തില്‍ ഇത്തവണ മത്സരം തീപാറും. മുസ്ലിംലീഗ് നേതാവും മുന്‍ മുസ്ലിംലീഗ് നേതാവും തമ്മിലുള്ള മത്സരം ബിജെപിയുടെ അലിഅക്ബറിന്റെ രംഗപ്രവേശത്തോടെ യഥാര്‍ത്ഥ ത്രികോണമത്സരമായി മാറിക്കഴിഞ്ഞു. കൊടുവള്ളിയില്‍ മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് റസാഖ് മാസ്റ്ററാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥില്‍. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് മണ്ഡലം ജനറല്‍സെക്രട്ടറി കാരാട്ട് റസാഖ് രാജിവെച്ച് സ്വതന്ത്രവേഷത്തില്‍ ഇടതുമുന്നണിയുടെ ബാനറില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു. രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതതു ഘടകങ്ങളില്‍ വന്‍പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കാരാട്ട് റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മില്‍ വന്‍പ്രതിഷേധമുണ്ട്. മുസ്ലിംലീഗ് നേതാവിനെ സിപിഎം വേഷത്തില്‍ അവതരിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഇരുമുന്നണികളും നേരിടുന്ന തര്‍ക്കത്തിനിടയിലാണ് കൊടുവള്ളിയുടെ മുഖച്ഛായ മാറ്റാനായി താന്‍ മത്സരിക്കുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അലിഅക്ബര്‍ പറയുന്നു.
ന്യൂനപക്ഷവിഭാഗങ്ങളും മലയോരകര്‍ഷകരുമുള്ള ഈ മേഖലയില്‍ വികസനം എത്തിനോക്കാത്തത് മുന്നണികളുടെ പരാജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സിനിമ മേഖലയില്‍ നിന്നാണ് അലി അക്ബര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുന്നത്. മുപ്പത് വര്‍ഷത്തെ സിനിമാരംഗത്തെ വിപുലമായ പരിചയവും അനുഭവസമ്പത്തും അലി അക്ബറിന് കൂട്ടുണ്ട്. രാഷ്‌ട്രീയം അലി അക്ബറിന് അന്യമല്ല. എല്ലാ സാമൂഹ്യ പ്രശ്‌നങ്ങളോടും വ്യക്തവും യുക്തവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അലി അക്ബര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വികെസി മമ്മദ് കോയയ്‌ക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.
1963 ല്‍ മീനങ്ങാടിയില്‍ അബൂബക്കര്‍ സാഹി ബ്ബിന്റെയും ബിപാത്തുവിന്റെയും മകനായാണ് ജനനം. 15 ഫീച്ചര്‍ ഫിലിമുകളും, 12 ഡോക്യുമെന്ററികളും , 7 ടെലിവിഷന്‍ സീരിയലുകളും അലി അക്ബര്‍ സംവിധാനം ചെയ്തു. 2000 ത്തില്‍ ആരംഭിച്ച റിയല്‍ ഇമേജസ് എന്ന ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ മുന്നൂറിലധികം പ്രതിഭകളെ കണ്ടെത്തി. 1988 ലാണ് ആദ്യ സംസ്ഥാന പുരസ്‌കാരം നേടുന്നത്. 1997 ല്‍ റാബിയ മൂവ്‌സ് എന്ന ഡോക്യുമെന്റിക്ക് ദേശീയ പുരസ്‌കാരം കിട്ടി. സുന്ദരികളും സുന്ദരന്‍മാരും എന്ന കൃതിയെ ദൃശ്യവല്‍ക്കരിച്ചതിനാണ് ഇദ്ദേഹത്തിന് രണ്ടാമത് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. . മുഖമുദ്ര, പൊന്നുചാമി,ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമപഞ്ചായത്ത്, അച്ഛന്‍ എന്നിവയാണ് പ്രധാന സിനിമകള്‍.
കഴിഞ്ഞതവണ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു 51 കാരനായ കാരാട്ട് റസാഖാണ് സിപിഎം സ്ഥാനാര്‍ത്ഥി. 10 വര്‍ഷം കൊടുവള്ളി പഞ്ചായത്ത് അംഗവും— 1995 മുതല്‍ 2007 വരെ കൊടുവള്ളി കോ-ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി പ്രസിഡന്റുമായിരുന്നു.
മുസ്ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് കാരാട്ട് റസാഖ്— രാഷ്‌ട്രീയ രംഗത്തെത്തിയത്. കൊടുവള്ളി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.—എം.എ റസാഖ് മാസ്റ്റര്‍ കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കോഴിക്കോട് സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എല്‍ ചെയര്‍മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വികസന സൊസൈറ്റി മെമ്പര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് ട്രഷററായിരുന്നു. തെരഞ്ഞെടുപ്പ് രംഗം ചൂടാകുന്നതോടെ കൊടുവള്ളിയും മാറ്റത്തിന്റെ വഴിയിലാണ്.
















