കോഴിക്കോട്: ടൂറിസത്തിന് ഒരുപാട് സാധ്യതകളുള്ള കോഴിക്കോട് ജില്ലയില്‍ തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ വാട്ടര്‍ സ്‌പോര്‍ട്‌സിന് കോഴിക്കോട് ബീച്ചില്‍ ഇന്ന് തുടക്കമാവും. ജില്ലാ ഭരണകൂടം, തുറമുഖ വകുപ്പ്, ഡി.ടി.പി.സി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ് സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് കാംപയിനുമായി ബന്ധപ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യുവവോട്ടര്‍മാരെ തെരഞ്ഞെടുപ്പിലേക്കാകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
ഇന്ന് വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ മെയിന്‍ സ്‌റ്റേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡയറക്ടര്‍ ഓഫ് പോര്‍ട്‌സ് ഷെയ്ഖ് പരീത് പദ്ധതി ഉല്‍ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സ്വീപ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, ജില്ലാ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് കുമാര്‍, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു എന്നിവര്‍ സംബന്ധിക്കും. ചടങ്ങിന്റെ ഭാഗമായി ഡിഫോര്‍ ഡാന്‍സ് ഫെയിം ഫര്‍സാന റസാഖിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് ഒരുക്കിയിട്ടുണ്ട്.
ബീച്ചിലും കടലിലും ഒരു പോലെ റൈഡുകള്‍ ഒരുക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. ജെറ്റ്‌സ്‌കി (വാട്ടര്‍ ബൈക്ക്), സ്പീഡ് ബോട്ട്, ബനാന ബൈക്ക്, ഇരുന്നും നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന റിങ്കോ, റെസ്‌ക്യൂ ബോട്ട്, ബീച്ചില്‍ ഉപയോഗിക്കുന്ന എ.ടി.വി ബൈക്ക് എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.
തുടര്‍ ഘട്ടങ്ങളില്‍ സാധ്യതകള്‍ പരിശോധിച്ച് നിരവധി ആകര്‍ഷണീയമായ റൈഡുകളും ജമ്പുകളും കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.
സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കത്തക്ക രീതിയിലാണ് റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത പൊളാരിസ് കമ്പനിയുടേതുള്‍പ്പെടെ സുരക്ഷയും വിനോദവും സമന്വയിപ്പിക്കുന്നതും തികഞ്ഞ സാങ്കേതിക മികവോടുകൂടിയുള്ളതുമായ സംവിധാനങ്ങളാണ് റൈഡുകള്‍ക്ക് ഉപയോഗിക്കുന്നതെന്ന് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹാറൂണ്‍ എരോത്ത് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9946510343.
















