കൊയിലാണ്ടി: ഗ്ലാസ് കൊണ്ടു മുറിവേറ്റ് സ്വകാര്യആശുപത്രിയില്‍ ചികിത്സതേടിയ രണ്ടുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി പൂക്കാട് ഉണ്ണിതാളി നാസറിന്റെയും സുലൈമത്തിന്റെയും മകന്‍ ഷഹല്‍ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുട്ടിക്കു നല്കിയ ചികിത്സയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിപ്രകാരം നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഗ്ലാസ് കൊണ്ട് മുഖത്ത് മുറിവേറ്റ കുട്ടിയെ ആദ്യം കൊയിലാണ്ടി മലബാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറിക്കായി എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിക്കു മുന്നോടിയായി അനസ്‌തേഷ്യ മരുന്ന് നല്കിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരുന്നു നല്കിയതിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഡോക്ടര്‍മാര്‍ മദ്യപിച്ചിരുന്നതായും പരാതി ഉന്നയിച്ചിട്ടുണ്ട്. അതേസമയം ചികിത്സയില്‍ പിഴവു വന്നിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള ഡോക്ടര്‍മാരും സൗകര്യങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. സ്ഥിരം ഡോക്ടര്‍ വിഷുഅവധിയിലായതിനാല്‍ കണ്‍സള്‍ട്ടന്റ് അനസ്തസ്റ്റികളാണ് കുട്ടിക്കു മരുന്നു നല്കിയത്.
അനസ്‌തേഷ്യ മരുന്നുകളോട് ചിലരുടെ ശരീരം പ്രതികൂലമായി പ്രതികരിക്കാറുണ്ട്. ഇത്തരത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
















