കോഴിക്കോട്: ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയ കാമ്പിന്റെ സമയ മാറ്റത്തെ ചൊല്ലി തര്‍ക്കം. ഡെപ്യൂട്ടി ഡയറക്ടറെ അധ്യാപകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. കോഴിക്കോട് ഗവ. മോഡല്‍ സ്‌കൂളിലെ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയ ക്യാമ്പില്‍ പരിശോധനക്കെത്തിയ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എക്‌സാമിനര്‍ പി. സുമത്തിന്റെ നിര്‍ദേശമാണു പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതോടെ മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിക്കുകയും ഡെപ്യൂട്ടി ഡയറക്ടറെ മണിക്കൂറുകളോളം തടഞ്ഞു വയ്‌ക്കുകയും ചെയ്തു. അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നു രണ്ടു മണിക്കൂര്‍ മൂല്യനിര്‍ണയം തടസപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം 9.30 നാണ് ക്യാമ്പ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അധ്യാപകരുടെ യാത്രാസൗകര്യം കണക്കിലെടുത്തു ക്യാമ്പ് അരമണിക്കൂര്‍ നേരത്തെയാക്കി. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നില്ല. ഇന്നലെ കാലത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മിന്നല്‍ പരിശോധനയിലാണ് ക്യാമ്പ് ആരംഭിച്ചിട്ട് അധ്യാപകര്‍ പലരും വൈകുന്നത് ശ്രദ്ധയില്‍പെട്ടത്. ക്യാമ്പ് സമയം ഒന്‍പതിനാണെന്നു അധ്യാപകര്‍ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. എന്നാല്‍ ക്യാമ്പ് ആരംഭിച്ച് 45 മിനിറ്റിനു ശേഷവും അധ്യാപകര്‍ എത്തിക്കൊണ്ടിരുന്നത് ഡയറക്ടറുടെ ശ്രദ്ധയില്‍പെട്ടു. ഒരു കാരണവശാലും ക്യാമ്പ് നിര്‍ദേശിച്ചതിലും നേരത്തെ തുടങ്ങരുതെന്നും അധ്യാപകര്‍ ക്യാമ്പില്‍ സമയത്തുതന്നെ എത്തണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. ഇതിനെതിരെ അധ്യാപകര്‍ രംഗത്തെത്തുകയായിരുന്നുവെന്നു ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി. അധ്യാപകരെ അനുകൂലിച്ചു വിവിധ അധ്യാപക സംഘടനകളും രംഗത്തെത്തി. അതേസമയം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മാത്രം ക്യാമ്പു തുടര്‍ന്നാല്‍ മതിയെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ തീരുമാനമെടുത്തു. 600 ഓളം അധ്യാപകരാണു ജില്ലയിലെ മൂല്യനിര്‍ണയകാമ്പില്‍ പങ്കെടുക്കുന്നത്.
















