വാനരന്മാര്‍ക്ക് സമുദ്രം കടന്നുപോകത്തക്കവിധം ഒരു സേതു നിര്‍മ്മിക്കണം. ആവശ്യമുള്ള സ്ഥലം ഞാന്‍ തരാം. സമുദ്രത്തിലെ തിമിംഗലങ്ങളോ മകരമത്സ്യങ്ങളോ വാനരന്മാരെ ഉപദ്രവിക്കുകയില്ല. വിശ്വകര്‍മ്മാവിന്റെ പുത്രനാണ് നളന്‍, അദ്ദേഹത്തിനു തുല്യനുമാണ്. ഇയാള്‍ സേതുബന്ധിക്കട്ടെ.” എന്നുപറഞ്ഞ് സമുദ്രം മടങ്ങി.
നളന്‍ രാമനോടു പറഞ്ഞു. ”മന്ദരപര്‍വ്വതത്തില്‍വച്ച് വിശ്വകര്‍മ്മാവ് അമ്മയ്‌ക്കു വരം നല്‍കിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ പുത്രനും അദ്ദേഹത്തിനു സമനുമാണെന്ന്. വരുണന്റെ താമസസ്ഥലത്ത് അണക്കെട്ടാന്‍ എനിക്കു കഴിവുണ്ട്. വാനരശ്രേഷ്ഠന്മാര്‍ ഉത്സാഹിക്കട്ടെ.” ഇതുകേള്‍ക്കാത്ത താമസം വാനരന്മാര്‍ ഉത്സാഹത്തോടെ പണിതുടങ്ങി.
പൈന്‍, അശോകം, കരിങ്ങാലി, കുടകപ്പാല, പന, മയിലെള്ള് താന്നി, ഇലഞ്ഞി തുടങ്ങിയ വന്‍മരങ്ങള്‍ വേരോടുകൂടിയും വേരില്ലാതെയും പിഴുതെടുത്ത് കൊടിക്കൂറകള്‍പോലെ പൊക്കിയെടുത്ത് കടലിലിട്ടു. ആനയോളം വലിപ്പമുള്ള പാറകളും കൊണ്ടിട്ടു സമുദ്രജലം ആകാശത്തോളം ഉയര്‍ന്നുപൊങ്ങി. നൂലുപിടിക്കാനും വടിപിടിക്കാനും കുറെപ്പേര്‍. അവര്‍ ക്ഷീണം കൂടാതെ അനവരതം പണിതുടങ്ങി. നൂറുയോജനനീളവും പത്തുയോജന വീതിയുമുള്ള സേതുവാണ് നിര്‍മ്മിക്കേണ്ടത്.
















