അഭിഷേക കുംഭങ്ങളില്‍ പുണ്യഗംഗാജലം ശേഖരിച്ച്, ശിരസ്സിലൂടെ ചൊരിയുമ്പോള്, ചുറ്റും ഭക്തിയുടെ സുവര്‍ണ്ണരേണുക്കള്‍ പ്രകാശം ചൊരിയുമ്പോള്, സുഗന്ധപൂരിതവും ദീപ്തവുമായ അന്തരീക്ഷത്തില്‍ വേദമന്ത്രങ്ങളുടെ മംഗളമന്ത്രണം ഉതിരുമ്പോള്‍ ഇതൊന്നും എന്റേതല്ല എന്ന സ്ഥായിയായ ഭാവത്തോടെ ഇരിക്കുന്ന ഉന്നതശീര്‍ഷന്‍-അക്കിത്തം അച്യുതന് നമ്പൂതിരി. വേദേതിഹാസങ്ങളുടെ പാരംഗതന്‍, സമകാലിക പ്രശ്നങ്ങളില്‍ ആദ്യന്തം പ്രതികരിച്ചവന്, പണ്ഡിതനേയും പാമരനേയും ഇടം-വലംകണ് വ്യത്യാസമില്ലാതെ ഒന്നുപോലെ ദര്ശിച്ചവന്. മനുഷ്യസ്നേഹത്തിന്റെ ചൂളയില്‍ ചുട്ടെടുത്ത കവിത്വത്തിന്റെ ഋഷിമുഖന്. മഹാകവി അക്കിത്തത്തിന് വിശേഷണങ്ങള്‍ അനവധിയാണ്.
നവതി ആഘോഷിക്കുന്ന മഹാകവി അക്കിത്തത്തിനു ആദ്യമേ മലയാളത്തിന്റെ മുകുളാഞ്ജലി! മലയാളത്തിന്റെ മഹാകവിയുടെ നവതി ആഘോഷത്തിനു കേരളമെങ്ങും സജ്ജമായിക്കഴിഞ്ഞു. ‘തൊണ്ണൂറു കഴിഞ്ഞാല്‍ ഈശ്വരനാകും’. കുട്ടിക്കാലത്ത് എന്നോ എന്റെ ചെവിയില്‍ വീണ ഒരു വാചകമാണത്. നവതി ആഘോഷിച്ചുകഴിഞ്ഞ വലിയ മുത്തശ്ശി, ഞങ്ങളുടെ തറവാടിന്റെ കിഴക്കേകോലായില്‍ ഇരുന്നു പറഞ്ഞതാണത്. ഫ്രോക്കിട്ടുനടക്കുന്ന ചെറിയൊരു കുട്ടിയായിരുന്നു അന്നു ഞാന്‍. ഇന്നും ഞാനാ വാചകം മറന്നിട്ടില്ല. തെളിഞ്ഞ മേഘക്കൂട്ടങ്ങളില്‍ എവിടെയെങ്കിലും, തനിക്ക് ഈശ്വരത്വം കല്പ്പിച്ചുതന്ന ഈശ്വരന് ഉണ്ടോ എന്നും, തനിക്കുവേണ്ടി അവിടെ ഒരു പീഠം ഒഴിച്ചിട്ടിട്ടുണ്ടോ എന്നും തിരയുന്ന മട്ടില്‍ മുത്തശ്ശി എപ്പോഴും ഉമ്മറക്കോലായില്‍ മാനത്തേയ്ക്കു നോക്കിയിരിക്കുന്നതും കാണാറുണ്ട്.
അതു ശരിയാണ് എന്ന് ഇപ്പോള്‍ തോന്നുന്നു. നൂറുയാഗം ചെയ്തുകഴിഞ്ഞാല്‍ ഇന്ദ്രപദവി ലഭിക്കുന്നതുപോലെ, തൊണ്ണൂറുകഴിഞ്ഞാല്‍ ഈശ്വരതുല്യനാകും. കാലം മനുഷ്യനെ ജീവിതത്തിന്റെ തീയിലിട്ടു പഴുപ്പിച്ച് തല്ലിപ്പരത്തി, ശുദ്ധമായ സ്വര്‍ണ്ണം പോലെ, ഈശ്വരനെപ്പോലെ പരിപൂര്‍ണ്ണനാക്കി, പരിപക്വമതിയാക്കിത്തീര്ക്കുന്നു.
കാലത്തിനു മുമ്പേ നടന്ന ഋഷി തന്നെയാണ് അക്കിത്തം. തുറന്ന, നിഷ്കളങ്കമായ ചിരിയും മുഖത്തു പ്രസരിക്കുന്ന സ്ഥായിയായ സ്നേഹവും, ചലനങ്ങളിലെ നിര്‍മമത്വവും, കണ്ണുകളിലെ വാത്സല്യവും എല്ലാംകൂടി അക്കിത്തത്തെ വളരെ മുമ്പുതന്നെ കവികുലത്തിന്റെ ഋഷിയാക്കി.
1980-81 കാലങ്ങളിലാണ് ഞാന്‍ ഈ മഹാകവിയെ നേരിട്ടുകാണുന്നത്. അക്കാലങ്ങളില്‍ ഞാന്‍ തൃശൂര്‍ വിവേകോദയം ബോയ്സ് ഹൈസ്കൂളില്‍ മലയാളം അദ്ധ്യാപികയാണ്. ധാരാളം പ്രസിദ്ധീകരണങ്ങളില്‍ കഥയെഴുതി ധാരാളം സാഹിത്യക്യാമ്പുകളിലും, സെമിനാറുകളിലും പങ്കെടുത്ത്, ഒരു കഥാകൃത്ത് എന്ന നിലയില്‍ കുറച്ച് പേരും പെരുമയുമൊക്കെ നേടിയിരുന്ന കാലത്താണ് ഞാന്‍ വിവേകോദയത്തില്‍ അദ്ധ്യാപികയായി ചേരുന്നത്. യശഃശരീരനായ ടി.വി. കൊച്ചുബാവ അക്കാലങ്ങളില്‍ എന്റെ നല്ലൊരു സുഹൃത്തായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ബന്ധംമൂലമാണ്, ആകാശവാണി, തൃശൂര്‍ നിലയത്തിലേയ്ക്കു ഞാനൊരു കഥ അയച്ചത്. മൂന്നുനാലു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കഥ വായിക്കുവാന്‍ ആകാശവാണിയിലെത്തണമെന്ന അറിയിപ്പു ലഭിച്ചു. അക്കിത്തം, രമേശന്‍നായര്‍, മണികണ്ഠന്‍നായര്‍, കൗസല്യാമധു, തങ്കമണി തുടങ്ങി ധാരാളം പ്രഗത്ഭമതികള്‍ ഉള്ള, രാമവര്‍മ്മപുരത്തുള്ള ആകാശവാണിയിലേയ്ക്ക്, ഹാഫ് ഡേ ലീവെടുത്തു കഥവായിക്കുവാന് ഞാന്‍ പുറപ്പെട്ടു. എനിക്കാണെങ്കില്‍ ആരേയും പരിചയവുമില്ല. എന്തായാലും ചോദിച്ചു ചോദിച്ച് അക്കിത്തത്തിന്റെ മുറിയിലാണ് ഞാനെത്തിയത്.
വെള്ള പാന്റ്സും വെള്ള ഷര്‍ട്ടും ധരിച്ച് ഒരു റെയില്‍വേ സ്റ്റേഷന് മാസ്റ്ററെ ഓര്‍മ്മിപ്പിക്കുന്ന രമേശന്‍നായരും മുഴുവന്‍ ഖദറില്പൊതിഞ്ഞ് താംബൂല ചര്വ്വണത്തില് രസംപിടിച്ചിരിക്കുന്ന അക്കിത്തവും അവിടെ ഉണ്ടായിരുന്നു. ഞാന്‍ രണ്ടുപേരെയും മാറിമാറി തൊഴുതു. എനിക്ക് പീഠം നീക്കിയിട്ടുതന്ന് എന്റെ താമസം, ജോലി, വീട് തുടങ്ങി എല്ലാ കാര്യങ്ങളും വളരെ കൗതുകപൂര്‍വ്വം അക്കിത്തം ചോദിച്ചറിഞ്ഞു.
പിന്നീട് പലപ്പോഴും ആകാശവാണിയില്‍, സാഹിത്യരംഗത്തില് ഞാന്‍ കഥവായിക്കുവാന് പോയി. ഇതിനിടയില്‍ രമേശന്‍നായര്‍ക്കും എനിക്കുമിടയില്‍ അക്ഷരസൗഹൃദം വളര്‍ന്ന്, അതൊരു കല്യാണമണ്ഡപം തീര്‍ക്കുന്ന അവസ്ഥയിലേക്ക് മാറി.
യാഥാസ്ഥിതികരില്‍ യാഥാസ്ഥിതികരായ, മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന എന്റെ തറവാട്ടിലേക്ക് കല്യാണാലോചനയുമായി പോകാന്‍ അക്കിത്തം സന്നദ്ധനായി. അക്കിത്തം, യശഃശരീരനായ കവി പുതുക്കാട് കൃഷ്ണകുമാര്‍ മാഷ്, രമേശന് നായരുടെ അച്ഛന് എന്നിവര്‍ കൃത്യമായി എന്റെ വാര്യത്ത് എത്തി. തറവാട്ടിലെ ഒരു പെണ്കിടാവ്, അന്യജാതിക്കാരനെ വിവാഹം കഴിക്കുക എന്നത്, എന്റെ തറവാട്ടിലെ ഒരാദ്യസംഭവമായിരുന്നു. അതിന്റെ സംഘര്‍ഷാവസ്ഥ അന്തഃപുരത്തിലുണ്ടായിരുന്നു.
പക്ഷേ കവിതാഭ്രാന്തുപിടിച്ച എന്റെ മുത്തശ്ശിയെ ഇതൊന്നുംബാധിച്ചില്ല. അവര്‍ സന്തോഷത്തോടെ, ബഹുമാന്യരെ സ്വീകരിച്ചിരുത്തി വര്‍ത്തമാനം ആരംഭിച്ചു: വടക്കുംകൂര്ത്തമ്പുരാനും, ഉള്ളൂരും വള്ളത്തോളുമെല്ലാം ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു എന്നും അവര്‍ പലവട്ടം ഇവിടെ വന്നിട്ടുണ്ടെന്നും മുത്തശ്ശി പറഞ്ഞു. വാരസ്യാരുടെ കവിത, ദാ, ഇപ്പോള്‍ വിളമ്പിയ ചന്ദ്രക്കാരന്‍ മാമ്പഴക്കൂട്ടാന്പോലെതന്നെ തനിക്ക് പഥ്യമാണെന്ന്, ഉള്ളൂര്‍ ഒരിക്കല്‍, ഇവിടെവന്ന് ഭക്ഷണമദ്ധ്യേ തന്നോട് സൂചിപ്പിച്ചിട്ടുണ്ടെന്നും മുത്തശ്ശി ആത്മഹര്ഷത്തോടെ പറഞ്ഞു.
സംഭാഷണപ്രിയനായ കൃഷ്ണകുമാര്‍ മാഷും ഒട്ടും വിട്ടുകൊടുത്തില്ല. കവിത്രയം പിന്നിട്ട്, പി. യിലേയ്ക്കും, ജി.യിലേയ്ക്കും വൈലോപ്പിള്ളിയിലേയ്ക്കും സംസാരം വ്യാപിച്ചു. ‘രമേശന്‍നായരുടെ കവിതകള്‍ക്ക്, കുഞ്ഞിരാമന്‍നായരുടെ കവിതകളോട് സാദൃശ്യമുണ്ടെന്നും മുത്തശ്ശി അഭിപ്രായപ്പെട്ടു. കുറേസമയം കഴിഞ്ഞപ്പോള്‍, കല്യാണക്കാര്യം സംസാരിക്കാന്‍ വന്ന്, അവസാനം കവിതാപഠനക്ലാസ് നടത്തി പോകേണ്ടിവരുമോ എന്ന് രമേശന്‍നായര്‍ ഭയപ്പെട്ടു. നയവും മയവുമുള്ള അക്കിത്തത്തിനു വഴിതെളിക്കുവാന് നന്നായറിയാം. തറവാട്ടില്‍ മുത്തശ്ശിയുടെ ‘തിരുവായ്ക്ക് എതിര്‍വായില്ല.’ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മുത്തശ്ശി അഭിപ്രായപ്പെട്ടു-‘അക്ഷരങ്ങളെ മാത്രമല്ല, ഹൃദയങ്ങളേയും സ്നേഹിക്കാന്‍ കവിക്കു സാധിക്കും എന്ന് എനിക്കുറപ്പുണ്ട്.’
കേരളത്തിന്റെ പ്രിയപുത്രന് യശസ്വിയായ, സി. അച്യുതമേനോന്, എംആര്‍ബി, തേറമ്പില്‍ രാമകൃഷ്ണന്, പവനന്, തേമ്പാട്ടു ശങ്കരന്‍മാഷ്, തേറമ്പില്‍ ശങ്കുണ്ണിമേനോന്‍, അഡ്വ. വീരചന്ദ്രമേനോന്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍, അക്കിത്തത്തിന്റെ കാര്‍മ്മികത്വത്തില്‍ ഞങ്ങളുടെ വിവാഹം സമംഗളം നടന്നു.
പിന്നീട് അക്കിത്തം പലപ്പോഴും ചേറൂരുള്ള ഞങ്ങളുടെ വീട്ടില്‍ വരിക പതിവാണ്. ”സുഖാല്ലേ?” എന്ന തെളിഞ്ഞ ചിരിയോടെ, വാത്സല്യഭാവത്തില്‍, പിതൃനിര്‍വിശേഷമായ ഭാവത്തോടെ ചോദിക്കുമ്പോള്‍ മനം കുളിര്‍ത്ത് ഞാനങ്ങനെ നില്ക്കും.
അഞ്ചുമാസം ഗര്‍ഭിണിയായ എന്നേയും രമേശന്നായരെയും കൂട്ടി, ഒരു വൈകുന്നേരം ഗുരുവായൂരു തൊഴാന്‍ പോയതും, പിറ്റേദിവസം മേല്‍ശാന്തിയെ കണ്ട് പ്രത്യേകം വെണ്ണ നിവേദിച്ച് എനിക്കു നല്കി, സല്പ്പുത്രനുണ്ടാവട്ടെ എന്നനുഗ്രഹിച്ചതും, മഴവില്ലൊളിതൂകി ശോഭിക്കുന്ന ഒരോര്‍മ്മയാണ്. പിന്നീട് ഗുരുവായൂരുനിന്ന് പ്രത്യേകം നേദിച്ച നെയ്യ് തുടര്‍ച്ചയായി കൊണ്ടുവന്നുതരുവാനും അക്കിത്തം മടിച്ചില്ല.
മകന് ജനിച്ചപ്പോള്‍, തലക്കുറി എഴുതിയതും, അവന് ‘മനു’ എന്ന പേര് നിശ്ചയിച്ചതും അക്കിത്തം തന്നെയാണ്.
മനസ്സിന്റെ കിളിവാതില്‍ മെല്ലെ തുറന്നുനോക്കുമ്പോള്‍, ഹരിതാഭമായ എത്ര എത്ര കാഴ്ചകള്‍! ബോധമനസ്സിന് ഏകാഗ്രതയും, ശാന്തതയും, കുളിര്‍മ്മയും തന്ന് ഏതാണ്ട് ധ്യാനാവസ്ഥയിലേയ്ക്ക്, ഈവക ചിന്തകള്‍ എന്നെ പലപ്പോഴും കൂട്ടിക്കൊണ്ടുപോകാറുണ്ട്. സമയത്തിന്റെ പ്രതലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍, ദൂരദര്‍ശിനിയില്‍ കൂടി കാണുന്നവിധം അകലെ കിടക്കുന്ന പലതും വിരല്‍ദൂരത്തില്‍ കിടക്കുന്നതു കാണാം.
തൃശ്ശൂര്‍ താമസിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഞങ്ങള്‍ ഏറെ അനുഭവിച്ചു. പത്ത് രൂപ പടികയറി വന്നാല്‍ ഉടന്‍ നൂറുരൂപ പടിയിറങ്ങിപ്പോകുന്ന അവസ്ഥ.
ഇതു പലപ്പോഴും കുടുംബാന്തരീക്ഷത്തിലും കാറ്റുംകോളും ഇടിവെട്ടലുമൊക്കെ ഉണ്ടാക്കിത്തുടങ്ങി. ജ്യോതിഷത്തിലും അവഗാഹ പാണ്ഡിത്യമുള്ള അക്കിത്തം തന്നെയാണ് അതിനു പോംവഴി കണ്ടുപിടിച്ചത്. തന്റെ ആത്മസുഹൃത്തായ, പ്രസിദ്ധജ്യോതിഷിയായ എടപ്പാള്‍ ശൂലപാണി വാര്യരെ കൊണ്ടുവന്ന് ഒരു ദിവസം താമസിപ്പിച്ച് ഭംഗിയായി പ്രശ്നങ്ങള്‍ പരിഹരിച്ചുതന്നു.
രമേശന്‍നായര്‍ക്ക് തൃശ്ശൂര്‍ ആകാശവാണിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു മാറ്റമായപ്പോള്‍ ഞാന്‍ വളരെ പരിഭ്രാന്തയായി. എന്റെ തലയ്ക്കുമീതേ, നിന്നിരുന്ന മഹാവൃക്ഷത്തിന്റെ തണല്‍ എനിക്കു നഷ്ടപ്പെടുവാന്‍ പോകുന്നു. പക്ഷേ എല്ലായിടവും ആ തണലിന്റെ സുരക്ഷിതത്വം എനിക്കു ലഭിച്ചിരുന്നു.
ലീലാവതി ടീച്ചര്‍ പറഞ്ഞതുപോലെ ദര്‍ഭപ്പുല്ലിട്ടു കൂട്ടിച്ചേര്‍ത്ത രണ്ട് ആവണപ്പലകകള്പോലെ രണ്ടു കവിമഹത്ത്വങ്ങള്. തലമുറകളുടെ വിടവ് ഇവരുടെ ദര്‍ശനങ്ങളിലും പ്രമേയങ്ങളിലും ജീവിതാവിഷ്കാരങ്ങളിലും ഒന്നും പ്രകടമാകുന്നില്ല. അക്കിത്തവും രമേശന്‍നായരും തമ്മിലുള്ള ബന്ധം-ഗുരുശിഷ്യ ബന്ധം, അച്ഛനും മകനുമായുള്ള ബന്ധം, സുഹൃത്ബന്ധം, ആത്മബന്ധം, പൂര്‍വ്വജന്മബന്ധം-എനിക്കറിയില്ല. എന്തായാലും അത് വ്യവഛേദിക്കുവാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല.
അക്കിത്തത്തിന്റെ ശതാഭിഷേകം അതിഗംഭീരമായി ആഘോഷിക്കുന്ന വിവരം അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു. ചില അസൗകര്യങ്ങള്‍ കാരണം ഞങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. പിന്നീട് 85-ാം പിറന്നാളിനു രണ്ടുമൂന്നാഴ്ച മുന്നേ ‘ദേവായന’ത്തില്‍ നിന്ന് വിളിവന്നു. ‘രണ്ടുപേരും കൂടി നേരത്തെ എത്തണം.’
ദേവായനത്തില്‍ ഞങ്ങള്‍ കാലേകൂട്ടി എത്തി. മുറ്റത്തെത്തിയ കാറിന്റെ ശബ്ദംകേട്ട് അക്കിത്തം ഉമ്മറക്കോലായില്‍ എത്തി. കാറില്‍ നിന്നിറങ്ങിയ ഞങ്ങളെക്കണ്ട്, കൈയില്‍ വച്ചിരുന്ന, ഊന്നുവടി താഴെയിട്ട്, കൊച്ചുകുട്ടികളെപ്പോലെ കൈകൊട്ടി ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. അത്ഭുതസ്തബ്ധരായിനിന്ന ഞങ്ങളെ നോക്കി അക്കിത്തം പറഞ്ഞു.
-”ഇത്രയും വൈകിയ സ്ഥിതിക്ക്, ഇനി വരില്ല എന്നുതന്നെ കരുതി. പക്ഷേ നിങ്ങളെ കണ്ടപ്പോഴുള്ള സന്തോഷം, ഇങ്ങനെ പ്രതികരിക്കാനാണു എനിക്കു തോന്നിയത്.’
അക്കിത്തത്തിന്റെ നിര്‍മ്മലമായ സ്നേഹത്തിന്റെയും, വാത്സല്യത്തിന്റെയും, പിന്നെ പേരിട്ടുവിളിക്കാനറിയാത്ത മനോവികാരങ്ങളുടെയും മുന്നില്‍, കോലായില്വച്ചുതന്നെ ഞങ്ങള്‍ തലകുമ്പിട്ടു വണങ്ങി.
പിറന്നാള്‍ സദ്യയ്ക്കു ഞങ്ങളെ ഇടത്തും വലത്തും ഇരുത്തി. സഹധര്‍മ്മിണിയും പുത്രിമാരും വിളമ്പിയ വിഭവസമൃദ്ധമായ സദ്യ ഉണ്ട് വൈകുന്നേരം വരെ വര്‍ത്തമാനത്തില്‍ മുങ്ങിത്തുടിച്ച് മനസ്സില്ലാമനസ്സോടെ ഞങ്ങളന്ന് ദേവായനത്തില്‍ നിന്നു മടങ്ങി.
”ഇന്ന് അച്ഛന് ഉച്ചയ്ക്കുള്ള വിശ്രമം പോലും മറന്നു,” മകന് നാരായണന് ഇടയ്ക്കു സൂചിപ്പിക്കുന്നുണ്ടായിരുന്നു.
ഏതാണ്ട് നാലുവര്‍ഷം മുമ്പ് രമേശന്‍നായര്‍ക്ക് ബറോഡയില്‍, ഒരു സംഘടന ഒരു സ്വീകരണം നല്കി. അവിടെ അക്കിത്തത്തിന്റെ പുത്രന് വാസുദേവന്റെ ആതിഥ്യം സ്വീകരിക്കുകയുണ്ടായി. ശില്പിയും ചിത്രകാരനുമായ അദ്ദേഹത്തിന്റെ ഗൃഹം അതിമനോഹരമായി ഒരുക്കിയിരുന്നു. അദ്ദേഹത്തിന്റെ വധു ഗുജറാത്തിന്റെ മകളാണ്.
ഞങ്ങളുടെ സംഭാഷണത്തിന് ഭാഷ ഒരു തടസ്സമായില്ല. അക്കിത്തത്തിന്റെ കുടുംബത്തില്‍ ചെല്ലുമ്പോഴുള്ള ആത്മസന്തോഷവും പരിചിതത്വവുമെല്ലാം ഞങ്ങള്‍ക്ക് അവിടെയും അനുഭവപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ കേരളത്തിലേയ്ക്കുള്ള ട്രെയിനില്‍ കയറ്റിവിടാനായി ഞങ്ങളോടൊപ്പം വന്ന വാസുദേവന്‍ പറഞ്ഞു-”അച്ഛന് കുറച്ചുദിവസം മുമ്പുതന്നെ വിളിച്ചുപറഞ്ഞിരുന്നു, രമേശന്‍നായര്‍ വന്നാല്‍ ഒരസൗകര്യവും ഉണ്ടാക്കരുത്. എല്ലാം വാസ്വേവന് നോക്കിക്കോളണമെന്ന്.”
ഞങ്ങള്‍ ബറോഡയില്‍ എത്തുന്ന വിവരം എങ്ങനെയോ നേരത്തെ അറിഞ്ഞ് മകനു വേണ്ടനിര്‍ദ്ദേശങ്ങള്‍ നല്കിയ ക്രാന്തദര്‍ശിയായ അക്കിത്തത്തെ മനസാ ഞാന്‍ നമസ്ക്കരിച്ചു. അതാണ് അക്കിത്തം. അല്ല അങ്ങനെയല്ലാതെ വരുമോ? ആര്‍ഷസംസ്കാരം സ്വാംശീകരിച്ച അദ്ദേഹത്തിന് ‘അതിഥിദേവോ ഭവ’ എന്ന ആപ്തവാക്യം പുതുമയല്ലല്ലോ.
ഇന്നും അക്കിത്തത്തിനെ കാണുമ്പോള്‍ ഞാന്‍ പഴയ തറവാട്ടിലെ പെണ്കുട്ടിയാകും. വലിയ കാരണവരുടെ മുന്നില്‍ വാതില്‍പ്പാളിയുടെ മറവില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന പഴയ തലമുറ. ആ വലിയ കാരണവരുടെ മുന്നില്‍ ഞാന്‍ നമസ്ക്കരിക്കുകയാണ്.
ജീവിതം കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും കിട്ടുന്ന ആകെത്തുക-അതെന്നെ സംബന്ധിച്ച് വലുതാണ്. ഇതെനിക്കു അനുഗ്രഹപൂര്‍വ്വം തന്നത് അക്കിത്തമാണ്. ‘ഇതു ഞാന്‍ പറയുമ്പോഴും സ്വതസിദ്ധമായ പുഞ്ചിരിയോടെ, എനിക്കൊന്നുമറിയില്ല എന്ന ഭാവത്തോടെ അദ്ദേഹം ഒന്നു തലയാട്ടി എന്നുവരാം. സത്യമായും രമേശന്‍നായരുടെ കുടുംബിനിയായുള്ള ജീവിതം-അന്ന് അക്കിത്തം ദൂതുമായിപോകാന് സന്നദ്ധത കാണിച്ചില്ലായിരുന്നെങ്കില്‍? അതു ചിന്തിക്കണ്ട. ദൈവഹിതത്തിനപ്പുറം കാണാനും പറയാനും ഞാനാരുമല്ല.
ലോകം മുഴുവന്‍ ആരാധിക്കുന്ന ഈ ഭാഗവതോത്തമന്റെ ജീവിതത്താളില്‍ എന്റെ പേര് എവിടെയെങ്കിലും ഒന്നു കോറി ഇട്ടുകാണും. എനിക്കതുമതി. പക്ഷേ എന്റെ ജീവിത പുസ്തകത്തില്‍ അക്കിത്തത്തിന്റെ കൈയൊപ്പുകള്‍ ഓരോ താളിലും നിറഞ്ഞുനില്‍ക്കുകയാണ്. ‘ഇതെന്റെ പൂര്വ്വജന്മപുണ്യമാണ്. അതു ഞാന്‍ നെഞ്ചോടുചേര്‍ത്തുപിടിച്ച്, തെളിഞ്ഞു കത്തുന്ന ആ ഭാഗവതവിളക്കിനു മുന്നില്‍ ഭക്തിപൂര്‍വ്വം നമസ്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: