എനിക്ക് ചിത്രമാണ് ജീവിതം. ഒരു നല്ല ചിത്രകാരനായി, ചിത്രകലാധ്യാപകനായിത്തീരണമെന്നായിരുന്നു ചെറുപ്പത്തിലെ മോഹം. പക്ഷേ, പ്രപഞ്ച ചിത്രകാരന് നിശ്ചയിക്കുന്നതിടത്താണല്ലൊ നമുക്ക് സ്ഥാനം. മറ്റു ജോലികളില്‍ വ്യാപൃതനായിരിക്കുമ്പോഴും അടിസ്ഥാനപരമായി ഇന്നും ഞാന്‍ കാണുന്നതും സങ്കല്‍പ്പിക്കുന്നതും എല്ലാം ചിത്രത്തിന്റെ അടിത്തറയില്‍നിന്നാണ്. വിചിത്രമെന്നു പറയാം ഒരുപക്ഷേ, മഹാകവി അക്കിത്തത്തിന്റെ ചിത്രകലാപ്രേമവും പാരമ്പര്യവും ആയിരിക്കണം എന്നെ അദ്ദേഹത്തിലേക്കടുപ്പിക്കാനുള്ള പല കാരണങ്ങളില്‍ ഒന്ന്. അല്ലെങ്കില്‍ പ്രപഞ്ച ചിത്രകാരന് അത് അങ്ങനെ വരച്ചുവച്ചതാവാം.
ചിത്രം വരയ്ക്കുന്നതോടൊപ്പം ചിത്രമെടുപ്പും പില്ക്കാലത്ത് എന്റെ വഴിയായിത്തീര്‍ന്നു. ഇന്ന് മൊബൈല്‍ ഫോണ്‍ കൈയിലുണ്ടെങ്കില്‍ എന്തും ചിത്രമാക്കാം എന്ന കാലത്തിനും പണ്ട് പണ്ട് കാമറ വിലകൂടിയ, അസാധാരണ വസ്തുവായിരുന്നു. അന്നെനിക്ക് യാഷിക്ക. എഫ്. എക്സ് 3 കാമറയുണ്ടായിരുന്നു. സാഹിത്യ അക്കാദമിക്കുവേണ്ടി ശ്രൗതം എന്ന ഗ്രന്ഥം തയ്യാറാക്കുമ്പോള്‍ എന്റെ ഗൈഡായിരുന്ന അക്കിത്തത്തെ കാണാനും കേള്‍ക്കാനും അറിയാനും അടിയ്ക്കടി അദ്ദേഹത്തിന്റെ ഇല്ലത്ത് പോയിപ്പോയി അദ്ദേഹത്തിന് ഞാന്‍ പ്രിയപ്പെട്ടവനായി. എന്റെ ചിത്രങ്ങള്‍, അവയുടെ ആംഗിളുകള്‍, പ്രത്യേകതകള്‍, ഫോക്കസ്, തീം ഒക്കെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് പില്‍ക്കാലത്തെനിക്ക് മനസ്സിലായി. അക്കിത്തത്തിലെ കവിയേയും ചിത്രകാരനേയും ആര്‍ഷജ്ഞാനിയേയും മറ്റും മറ്റും അറിയുന്നവര്‍ അദ്ദേഹത്തിലെ കര്ഷകമനസ്സ് എത്രത്തോളം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല.
പക്ഷേ ഞാന്‍ കണ്ടിട്ടുണ്ട്. അക്കിത്തം പാടത്ത് കിളയ്ക്കുന്നത്, കന്നുപൂട്ടുന്നത്, തേവുന്നത്… അതൊക്കെ എന്റെ അപൂര്‍വ ചിത്രശേഖരത്തിലുണ്ട്.
ഒരിക്കല്‍ വിഷുവിന് എന്നെ മനയിലേക്ക് വിളിപ്പിച്ചു. വിഷു വിളയിറക്കിന്റെ ഉത്സവമാണ്. അത് വിധിയാംവണ്ണം ചെയ്യുന്നത് ചിത്രത്തിലാക്കണം. ഞാന്‍ തയ്യാര്‍. ചാലുകീറല്‍, നിലമൊരുക്കല്‍ മുതല്‍ വിളയിറക്കല്‍ വരെ. അതൊരു ഗംഭീര ആഘോഷവും ചടങ്ങുമായിരുന്നു. കാളയെ അലങ്കരിച്ചാദരിച്ച്, ഭൂമിയെ വണങ്ങി അനുമതി ചോദിച്ച്… ആഘോഷത്തില്‍ കുടുംബം മുഴുവന്‍ പങ്കാളിയായിരുന്നു.
എനിക്ക് ഗ്രന്ഥരചനയില്‍ ഗൈഡായിരുന്ന മഹാകവി എന്റെ കാമറക്കുമുമ്പില്‍ പലപ്പോഴും മോഡലിനെപ്പോലെ നിന്നുതന്നു. പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിന് കവിയുടെ അര്‍പ്പണം അത്രമാത്രമായിരുന്നു.
ആ വിജ്ഞാനസൂര്യന്റെ മുന്നിലിരിക്കുമ്പോള്‍ പലപ്പോഴും ഞാന്‍ സങ്കടപ്പെട്ടു, ഇപ്പറയുന്നതൊന്നും എനിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ലല്ലോ. ജന്മനാ നസ്രാണി, സംസ്കൃത ജ്ഞാനവും കമ്മി. പക്ഷേ, എന്റെ എല്ലാ വിഡ്ഢിത്തങ്ങളും അദ്ദേഹം ക്ഷമയോടെ കേട്ടു, തിരുത്തി, ഒരിക്കലും പരിഹസിച്ചില്ല, ചിരിച്ചാസ്വദിച്ചു.
അക്കാര്യത്തില്‍ മറ്റു പലരില്‍നിന്നും വ്യത്യസ്തനാണ് അക്കിത്തം. എന്റെ ഈ സങ്കടം അടുത്ത തലമുറയ്ക്കുണ്ടാകരുത് എന്നു കരുതി ഞാന്‍ ശങ്കയോടെ ചോദിച്ചു, ഒരാഗ്രഹമുണ്ട്, എന്റെ മകള്‍ക്ക് അങ്ങ് വിദ്യാരംഭം കുറിയ്ക്കണം. ശങ്ക അസ്ഥാനത്തായി, കവി പറഞ്ഞു, ആവാം; അതിനുമുമ്പ് മകളുടെ ജാതകം ഒന്നു കണ്ടാല്‍ തരക്കേടില്ല. നസ്രാണിയായ ഞാന്‍ അപ്പോഴേക്കും ജാതക വിശ്വാസിയും മറ്റും ആയിരുന്നു. മകളുടെ ജാതകം നോക്കി; കവി സന്നദ്ധന്. പഴയ അക്കിത്തം മനയിലെ ശ്രീലകത്ത് വിധിപ്രകാരം വിദ്യാരംഭം.
കുട്ടി മിടുക്കിയാവുമെന്ന് പറഞ്ഞു. അന്നെടുത്ത ഫോട്ടോ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് മുഖചിത്രമാക്കി. അവളുടെ ഓരോ വളര്‍ച്ചയും അദ്ദേഹം സാകൂതം അറിഞ്ഞുവച്ചു, ഞാന്‍ പറയാതെ. അമ്മു ചുങ്കത്ത് എന്ന പേരില്‍ അവള് കഥയെഴുതിയപ്പോള്‍, റേഡിയോയില്‍ നാടകമവതരിപ്പിച്ചപ്പോള്‍ എല്ലാം ഞാന്‍ അറിയിച്ചില്ലെങ്കിലും ഇങ്ങോട്ടു കവി പറഞ്ഞു, നന്നാവുന്നുണ്ട്. അമ്മു ചുങ്കത്ത് ഇപ്പോള്‍ കഞ്ചിക്കോട്ട്, കേന്ദ്രീയ വിദ്യാലയത്തില്‍, അധ്യാപികയാണ്.
ശ്രൗതം എന്ന ആദ്യത്തെ പുസ്തകം എഴുതുമ്പോള്‍ എനിക്ക് ഓരോ വഴിയും തെളിച്ചു തന്നത് അക്കിത്തം എന്ന ഗൈഡ് തന്നെയാണ്. എന്റെ പഴയ സ്കൂട്ടറിന്റെ പിന്നിലിരുന്നത് യാത്ര ചെയ്ത്, ഞാനെഴുതിയ ഓരോ വരിയും വായിച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എന്നെ സൂക്ഷ്മമായി വളര്‍ത്തിയ ഗൈഡ്. ശ്രൗതത്തില്‍ തുടങ്ങി സ്മാര്‍ത്തത്തില്‍ തീരട്ടെ എന്ന് ചിന്തിച്ച് മഹാകവിയെ കണ്ടപ്പോള്‍ നല്ല തീരുമാനം, പക്ഷേ അന്നത്തെപ്പോലെ വഴികാട്ടാനൊന്നും ആവില്ലെന്ന് വിശദീകരിച്ചു. അനുമതിയും മാര്‍ഗ്ഗദര്‍ശനവും മാത്രം മതിയെന്ന് ഞാനും സമ്മതിച്ചു.
സന്തോഷമായി. അനുഗ്രഹം നേടി, സ്മാര്‍ത്തത്തെക്കുറിച്ചുള്ള പുസ്തക രചനയ്ക്കുള്ള പ്രവൃത്തി തുടങ്ങി. 90 ശതമാനം ജോലിതീര്‍ന്നു. അതിനുവേണ്ടി ആധികാരിക രേഖകളും തെളിവുകളും തേടി ഓരോ യാത്രയും കഴിഞ്ഞ് കിട്ടിയ അമൂല്യ വിജ്ഞാനനിധികള്‍ കവിയെ കാണിക്കുമ്പോള്‍, അവ വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മുഖത്തുവിരിയുന്ന അത്ഭുതവും സന്തോഷവും ആഹ്ലാദവുമുണ്ടല്ലൊ, അത് അക്കിത്തത്തെപോലൊരു മഹാസൂര്യമനസ്സില്‍ നിന്നേ ഉണ്ടാവൂ. ചിലപ്പോള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അതൊക്കെ കേട്ടു ചിരിക്കും, ചിലപ്പോള്‍ തപസ്വിയെപ്പോലെ ഗൗരവം പൂണ്ട് കേട്ടിരിക്കും.
അതാണ് പ്രേരണ. നൂറ്റിപ്പത്തുവര്‍ഷം മുമ്പുനടന്ന സംഭവങ്ങളുടെ ആധികാരിക രേഖകള്‍ കണ്ടെത്താന്‍ മടുപ്പില്ലാതെ സഞ്ചരിക്കാന്‍ പ്രചോദനമായത് മഹാകവിയുടെ ഈ മനസ്സും സമീപനവും തന്നെയാണ്. ഓരോതവണയും പറഞ്ഞു, ഈ സംസ്കാര ചരിത്രം, പൈതൃകം, രേഖപ്പെടുത്തി വയ്ക്കേണ്ടതു തന്നെയാണ്. അതു മറ്റാര്‍ക്കും തോന്നിയില്ലല്ലൊ. ഇതൊക്കെ നിമിത്തമാണ്. അതാണല്ലൊ ശരിയായ വഴികാട്ടിയുടെ ധര്‍മവും.
പുസ്തകം തീരാറായി. അപ്പോള്‍ ഗൈഡ് പറഞ്ഞു, അവസാനിപ്പിക്കാന്‍ ഒരു അദ്ധ്യായം കൂടി വേണം. അത് സ്മാര്‍ത്ത സാഹിത്യത്തെക്കുറിച്ചാകട്ടെ. അമ്പരന്നുപോയി, അങ്ങനെയൊരു സാഹിത്യമോ. ഭക്തിസാഹിത്യം പോലെ സ്മാര്‍ത്ത സാഹിത്യമോ. തൊണ്ണൂറുകാരന് ഓര്‍മയില്‍ നിന്ന് പട്ടികനിരത്തി, കുറിയേടത്തു താത്രിയുടെ സ്മാര്‍ത്തവിചാരണക്കു ശേഷം ഒട്ടേറെ സാഹിത്യസൃഷ്ടികള്‍ ആ വിഷയത്തിലുണ്ടായി.
കവിത, ശ്ലോകം, നാടകം, കഥ, നോവല്‍, ലേഖനം, ചര്‍ച്ച….ഒറ്റയിരിപ്പില്‍ അമ്പതിലേറെ രചനകളുടെ പേരും കര്ത്താക്കളെയും വിവരിച്ചു. ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കവിതയായിരുന്നു അതില്‍ ആദ്യത്തേത്. ഗൈഡിനു മുന്നില്‍ മനസ്സുകൊണ്ട് വീണ്ടും വീണ്ടും നമസ്കരിച്ചു. എനിക്ക് അന്നത്തെപ്പോലെ പറ്റില്ലെന്ന് തുടക്കത്തില്‍ പറഞ്ഞത് ഭൗതികമായ പരിമിതികള്‍ മുന്‍നിര്‍ത്തിമാത്രമായിരുന്നു.
എന്റെ ഗൈഡ് എന്നേക്കാള്‍ മുന്നേ സഞ്ചരിക്കുകയായിരുന്നു. എന്നിലെ എന്നെ തിരിച്ചറിഞ്ഞ്, എന്നെ ഞാനാക്കിയതില്‍ മഹാകവിയുടെ പങ്ക് വലുതാണ്. പ്രപഞ്ച ചിത്രകാരന് കാന്‍വാസില്‍ എന്നെക്കൂടി ഇത്രയെങ്കിലും വലുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രേരണ കൊടുത്തത് നിശ്ചയമായും അക്കിത്തമെന്ന വഴികാട്ടിയാണ്. എനിക്ക് ഗൈഡും മോഡലുമായ ഗുരുവര്യന് എന്റെ നവതി പ്രണാമം; സാഷ്ടാംഗ നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: