എല്ലാപേരും പ്രാര്‍ത്ഥനാപൂര്‍വ്വം എണ്ണയൊഴിക്കുന്ന എന്റെ ഭാഗവതവിളക്കിന് തൊണ്ണൂറായി. ഈ തൊണ്ണൂറിലെ പത്ത് എന്റേതുകൂടിയാണ്. അത് അക്കിത്തത്തിനറിയാം, എനിക്കുമറിയാം.
അക്കിത്തം 1975 ജനുവരിയില്‍ കോഴിക്കോട്ടുനിന്നു മാറ്റമായി, ആകാശവാണിയുടെ തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി രംഗപ്രവേശം ചെയ്യുന്നു! അതൊരു പ്രമോഷനായിരുന്നു. പുത്തനായി നിയമിതനായ ഞാന്‍ രണ്ടാഴ്ച മുമ്പേ ചാര്‍ജ്ജെടുത്ത് അക്കിത്തത്തിന്റെ വരവും കാത്ത് ഇരിപ്പാണ്.
ഒരു ദിവസം, ഖദറും ഖദറും കയ്യില്ത്തൂക്കിയ തോല്‍ബാഗും നിറഞ്ഞ ചിരിയുമായി അക്കിത്തം വന്നു. ഞങ്ങള്‍ പരസ്പരം കണ്ടു. അന്നാണ് ആദ്യമായി നേരിട്ടു കാണുന്നത്. വന്നു; കണ്ടു; കീഴടക്കി എന്നു പറയുന്നതാവും ശരി. എന്റെ അനേകം പൂര്വ്വജന്മങ്ങളിലെ പുണ്യം! ശാകുന്തളം അഞ്ചാമങ്കത്തില്‍ കാളിദാസമഹാകവി സാക്ഷ്യപ്പെടുത്തിയതുപോലെ, “’ഭാവസ്ഥിരാണി ജനനാന്തരസൗഹൃദാനി’.
അക്കിത്തം മലയാളത്തിന്റെ കെടാവിളക്കാണ്. മഹാകവിയാണ്. കണ്ണടച്ചാല്‍ വ്യക്തമായും കണ്ണു തുറന്നാല്‍ ‘അസ്പഷ്ടം ദൃഷ്ടമാത്രേ’ എന്ന മട്ടിലും ഗുരുവായൂരപ്പനെ നേരിട്ടു കാണുന്നയാളാണ്. ബിരുദത്തിന്റെ കണ്ണടയില്ലാതെതന്നെ വിശ്വജ്ഞാനം വായിച്ചുള്‍ക്കൊണ്ട ആളാണ്. എങ്കിലും എനിക്ക് അദ്ദേഹം അക്കിത്തം മാത്രമാണ്. ആ ഒരധികാരസ്വരത്തില്‍ മാത്രമേ ഞാനദ്ദേഹത്തെ എന്നും സംബോധന ചെയ്തിട്ടുള്ളൂ.
സ്വന്തം വലിപ്പം കാണാന്‍ കഴിയാത്ത, ഒരു തവണപോലും മദമിളകാത്ത, ഗുരുവായൂരപ്പന്റെ ഈ അച്യുതനാനയ്ക്ക് അങ്ങനെ ഞാന്‍ വിനീതനായ ഒരു പാപ്പാനായി. പത്തു വര്‍ഷത്തോളം കൊണ്ടുനടന്നു. പാപ്പാനെപ്പോലും ഗുരുവായൂരപ്പനായിക്കാണുന്ന മറ്റൊരാന ലോകത്തെവിടെയങ്കിലും കാണും എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ അക്കിത്തം കാരണം ഞാനും ഭഗവാനായി.
ജനാധിപത്യത്തിലെ ഏറ്റവും വലിയ തമാശയാണല്ലോ ‘സര്‍ക്കാര്‍’. അര്‍ഹതയുള്ളവരെ ഇരുത്താന്‍ കഴിയാത്ത കസേരകളുടെ നിശ്ശബ്ദമായ നിലവിളിയാണ് കാലം. എങ്ങും സമൃദ്ധമാണ് ഉദാഹരണങ്ങള്‍.
ആകാശവാണിയും ഒട്ടും പിന്നിലല്ല. ‘വയലും വീടും’ (എമൃാ & ഒീാല) വിഭാഗത്തിലായിരുന്നു മഹാകവി അക്കിത്തത്തിനു കിട്ടിയ നിയമനം. ‘എഡിറ്റര്‍’ എന്ന പോസ്റ്റ് ആ വിഭാഗത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണു കാരണം പറഞ്ഞു കേട്ടത്. പുരുഷന്മാര്മാത്രം അധിവസിക്കുന്ന ദ്വീപിലേ ഒരു ഗൈനക്കോളജിസ്റ്റിന്റെ തസ്തിക ഒഴിവുള്ളൂ എന്നുപറയുംപോലെ! ഡൈമക്രോണ്‍, നുവാക്രോണ്‍ തുടങ്ങിയ കീടനാശിനികള്‍ പത്തു ലിറ്റര്‍ കവിതയില്‍ കലര്‍ത്തി ചെള്ളിന്റെ ബാധയുള്ള തെങ്ങിന്‍മണ്ടകളില്‍ തളിക്കുക! അരസികനും അവിവേകിയും അഹന്തക്കാരനുമായ ജന്മിയുടെ കീഴില്‍ പാടത്തുപണിയെടുക്കുക! അതായിരുന്നു എഡിറ്ററുടെ ജോലി!
അപ്പോഴും അക്കിത്തം നിര്‍മ്മമനായി ചിരിച്ചു.
പത്താം നമ്പര്‍ മുറിയുടെ മൂലയ്ക്കിരുന്ന് ഒഴിവുസമയം മുഴുവന്‍ ‘നാരായണ’ ജപിച്ചു. തൊട്ടടുത്ത കസേരയിലായിരുന്നു ഞാന്‍. കുത്തൊഴുക്കില്പ്പെടുമ്പോള് തൊട്ടടുത്തു കാണുന്ന പുല്‍ക്കൊടിയില്‍പ്പോലും മുറുകെപ്പിടിച്ചുപോകും. ‘തനിക്കു താനും പുരയ്ക്കു തൂണും’ എന്നു പറയുന്നതുപോലെ, എനിക്ക് അക്കിത്തവും അക്കിത്തത്തിനു ഞാനും! അങ്ങനെ പത്തുവര്‍ഷം!
ഇത്രമേല്‍ ആഴത്തിലുള്ളതും ചിരദൃഢവുമായ ഒരു ഹൃദയബന്ധം–അതും ഒരു ദശാബ്ദക്കാലം–രണ്ടു സര്ക്കാരുദ്യോഗസ്ഥന്മാര് തമ്മില്‍ ഈ കലിയുഗത്തില്‍ ഉണ്ടാവുക അസാദ്ധ്യം. ഞങ്ങള്‍ ഒരിക്കലും ഉദ്യോഗസ്ഥന്മാരായിരുന്നില്ല.
ആനയും പാപ്പാനും! ഗുരുവും ശിഷ്യനും! ജ്യേഷ്ഠനും അനുജനും! ശ്രീകൃഷ്ണനും കുചേലനും! അങ്ങനെ മറ്റു പലതും! അതിലുപരി ഒരു മഹാകവിയും ഒരു കുട്ടിക്കവിയും! അതോടെ രണ്ടായ നമ്മെയിഹ ആളുകള്‍ ഒന്നെന്നു കണ്ടളവ് അന്തരീക്ഷം മാറി. അക്കിത്തത്തിനോടു പറയേണ്ടത് എന്നോടു പറഞ്ഞാലും, മറിച്ചായാലും ഫലം ഒന്നായി. 1983 ജൂലൈയിലെ കലാകൗമുദിയില്‍ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസവും ജന്മപുരാണവും’ എന്ന ലേഖനത്തില്‍ ലീലാവതി ടീച്ചര്‍ എഴുതി.
”അക്കിത്തവും രമേശന്‍നായരും ഔദ്യോഗികരംഗത്ത് തൊട്ടുതൊട്ടിരിക്കുന്നവരാണ്. തുടര്പ്പുല്ലിട്ടു കൂട്ടിച്ചേര്‍ത്ത രണ്ടാവണപ്പലകമേലാണ് ഇരിക്കുന്നത്. അത്രയ്ക്കു സാദൃശ്യമുണ്ട് ഇരുവരുടെ ദര്‍ശനങ്ങള്‍ക്കും പ്രസ്തുത കൃതികളിലെ ജീവിതപ്രമേയങ്ങള്ക്കും. രണ്ടുദശകങ്ങളിലേറെ നീണ്ട ഒരു കാലഘട്ടത്തിന്റെ വിടവുണ്ട് ഈ കൃതികളുടെയിടയ്ക്ക്. എന്നിട്ടും ഇതിഹാസകൃത്ത് ഏതൊരു ജീവിതസമസ്യയുടെ മുമ്പില്‍ നിറഞ്ഞ കണ്ണുകളോടെ നിന്നുവോ അതേ സമസ്യയുടെ വിഷമവൃത്തത്തില്ത്തന്നെ പുകഞ്ഞുകത്തുന്ന കണ്ണുകളോടെ നില്‍ക്കേണ്ടിവരുന്നു രമേശന്‍നായര്‍ക്ക്.”
‘ജന്മപുരാണം’ എഴുതാന്‍ കാരണംതന്നെ അക്കിത്തമാണ്. മനസ്സുകൊണ്ട് ഒട്ടും ഇണങ്ങാത്ത ജോലി; ബ്രഹ്മസ്വം മഠത്തിലെ കുടുസ്സുമുറിയില്‍ താമസം; ഒരാഴ്ച കൂടുമ്പോള്‍ പ്രൈവറ്റു ബസ്സിന്റെ പ്രാരബ്ധക്കമ്പിയില് തൂങ്ങിനിന്ന് കുമരനല്ലൂര്ക്കുള്ള കുടുംബയാത്ര; എല്ലാം മടുക്കുമ്പോള്‍ കുറേനാള്‍ എന്നോടൊപ്പമുള്ള താമസം–എന്നിങ്ങനെ കാലം കഴിയുമ്പോള്‍ ഒരു ദിവസം അക്കിത്തം പറഞ്ഞു. ‘നിങ്ങള്‍ ഒരു മഹാകാവ്യം എഴുതണം.’ കാലം മാറിയതിനെച്ചൊല്ലി, വായനക്കാരില്‍ നാള്‍തോറും പടര്‍ന്നുകയറുന്ന നിസ്സംഗതയെച്ചൊല്ലി, മഹാകാവ്യം എന്ന സങ്കല്പത്തിന്റെ അപ്രായോഗികതയെച്ചൊല്ലി ഞാന്‍ ഏറെ വാദിച്ചു. അപ്പോഴും അക്കിത്തം പറഞ്ഞു.
‘ഇല്ല; നിങ്ങള്‍ക്കതു കഴിയും.’
ആ ഒറ്റവാക്കിന്മേലാണ് എന്റെ ‘ചിലപ്പതികാരപദ്യപരിഭാഷ’ പുറത്തിറങ്ങുന്നത്. സ്വന്തമായി ഒരു മഹാകാവ്യമില്ലെങ്കില്ക്കൂടി മഹത്തായ ഒരു കാവ്യത്തിന്റെ പരിഭാഷ അങ്ങനെ സ്വന്തമായി ഉണ്ടായി. മാത്രമല്ല, തിരുക്കുറള്‍ പരിഭാഷയ്ക്കും ആ വാക്ക് പ്രേരണയായി. എന്തായാലും അക്കിത്തം പറഞ്ഞതല്ലേ? മഹാകാവ്യമല്ലെങ്കില് ഒരു ഖണ്ഡകാവ്യമെങ്കിലും എഴുതി അദ്ദേഹത്തെ അനുസരിക്കണമെന്ന ഉള്‍വിളിയാണ് ‘ജന്മപുരാണ’മായത്. ഞങ്ങള്‍ അതുമായി കേരളത്തിന്റെ ഭീഷ്മപിതാമഹനായ വിടിയുടെ ഇല്ലത്തു പോയതും, അനുഗ്രഹാശിസ്സുകളോടെ വിടി അതിനൊരു അവതാരികയെഴുതിത്തന്നതും എല്ലാം പുണ്യമുഹൂര്ത്തങ്ങളായിരുന്നു.
ഏതാണ്ട് ഇതേ അനുഭവംതന്നെയായിരുന്നു ‘അഗ്രേപശ്യാമി’ എന്ന സമാഹാരവുമായി ഞങ്ങള്‍ എറണാകുളത്ത് ഭദ്രാലയത്തില്‍ മഹാകവി ജിയെ കാണാന്‍ ചെന്നപ്പോഴും. രാത്രി ധാരാളം വര്‍ത്തമാനം പറഞ്ഞ്, താഴത്തെ മുറിയില്‍ ഞങ്ങള്‍ക്കു കിടക്കാന്‍ സൗകര്യമൊരുക്കി, ജി മുകളിലേക്കു പോയി. ഇനി എന്തായാലും നേരം പുലര്‍ന്നിട്ടേ വരൂ എന്ന ധൈര്യത്തില്‍ ഞാന്‍ രഹസ്യമായി ഒരു ചാര്‍മിനാറിനു തീകൊളുത്തി. അക്കിത്തത്തിനു നിരന്തരമായി മുറുക്കാമെങ്കില് എനിക്കു ചാര്‍മിനാറും ആകാം എന്നതായിരുന്നു ഞങ്ങളുടെ പൊതുധാരണ.
എന്തിനു പറയുന്നു? അടുത്ത നിമിഷം വാതിലില്‍ മുട്ടി. ജി അകത്തു വന്നു! എന്റെ കൈയില്‍ എരിയുന്ന സിഗരറ്റ്. മുറി മുഴുവന്‍ പുക! ഞാന്‍ കൈയോടെ, തൊണ്ടിസഹിതം പിടിക്കപ്പെട്ട പ്രതിയായി. ശിക്ഷ വിധിക്കുന്നതും കാത്ത് ജാള്യതയോടെ നില്ക്കുമ്പോള് മഹാകവിയുടെ മധുരവും സൗമ്യവും ദീപ്തവുമായ സ്വരം–‘ചാര്മിനാറുണ്ടോ ഒരെണ്ണം എടുക്കാന്‍? സുഭദ്ര അറിയണ്ടാ.’
നേരിയ തോതിലുള്ള ഹൃദ്രോഗബാധയെത്തുടര്‍ന്ന് ജി പുകവലി നിര്‍ത്തിയിരിക്കുകയായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെകൂടി ഇഷ്ടബ്രാന്‍ഡായ ചാര്‍മിനാറിന്റെ പ്രചോദകഗന്ധം മുകളിലേക്കെത്തി അദ്ദേഹത്തെ ഉത്സാഹപൂര്‍വ്വം കൂട്ടിക്കൊണ്ടു വന്നത്. അറ്റം നടുവിരലുകള്ക്കകത്താക്കി ഒരു പ്രത്യേക രീതിയിലായിരുന്നു ജിയുടെ സിഗരറ്റുവലി. മറക്കാനാവാത്ത ഒരനുഭവമായി, എനിക്കത്.
ആകാശവാണി തൃശ്ശൂര്‍ നിലയത്തിലെ പത്താംനമ്പര്‍ മുറി ഞങ്ങളുടെ കാലത്ത് എന്നും സാഹിത്യചര്ച്ചകള്കൊണ്ടു മുഖരിതമായിരുന്നു. മഹാകവി ജി, മഹാകവി വൈലോപ്പിള്ളി, മഹാകവി ടി.ആര്. നായര്‍, ഓട്ടൂര്‍, ഒളപ്പമണ്ണ, ഉറൂബ്, എംആര്‍ബി, പ്രേംജി, പവനന്, പുതുക്കാടു കൃഷ്ണകുമാര്‍, മഹാകവി പി. കുഞ്ഞിരാമന്‍നായര്‍, കെ.പി. നാരായണപ്പിഷാരടി, എം.പി. ശങ്കുണ്ണിനായര് തുടങ്ങി എണ്ണിയാല്‍ത്തീരാത്ത ബന്ധങ്ങള്‍ അങ്ങനെയുണ്ടായി.
എന്‍.ഡി. കൃഷ്ണനുണ്ണിമാഷിന്റെ നേതൃത്വത്തിലുള്ള അഖില കേരള അക്ഷരശ്ലോകപരിഷത്തുമായും പി.സി. വാസുദേവന്‍ ഇളയത്, വി.എം. കുട്ടിക്കൃഷ്ണമേനോന്; കെ.പി.സി. അനുജന് ഭട്ടതിരിപ്പാട്, തേറമ്പില്‍ ശങ്കുണ്ണിമേനോന്‍, തേമ്പാട്ടു ശങ്കരന്‍നായര്‍, തേറമ്പില്‍ രാമകൃഷ്ണന് തുടങ്ങിയവരുമായുള്ള അടുപ്പം ഞങ്ങളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. ബസ്സിന്റെ ഗുഹയില്‍നിന്ന് പുനര്‍ജ്ജനി നൂണ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അക്കിത്തത്തിന്റെയും എന്റെയും സങ്കടങ്ങളും സന്തോഷങ്ങളും ഞങ്ങള്‍ തുല്യമായി വീതിച്ച് അനുഭവിച്ചു. ആയിടെയാണ് മകള്‍ ശ്രീജയുടെ വിവാഹം.
മറ നീങ്ങിയപ്പോള്‍ ഉണ്ണിക്കൃഷ്ണനെ സ്നേഹപൂര്‍വ്വം അംഗീകരിക്കാന്‍ അക്കിത്തം രണ്ടാമതൊന്ന് ആലോചിച്ചില്ല.
മറ്റൊരു മകള്‍ ഇന്ദിരയ്ക്ക് സാഹിത്യ അക്കാദമിയില്‍ ജോലിയായതും ത്രിവിക്രമന്‍ പാവറട്ടി സംസ്കൃത കോളേജില്‍ നിയമനം കിട്ടിയതും, മകന് വാസുദേവന്‍ ചിത്രകല പഠിക്കാന്‍ പോയതും ഒക്കെ ഈ കാലയളവിലായിരുന്നു. തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന ഇളയ മകളെ, ഒരു പ്രലോഭനമതംമാറ്റത്തിന്റെ മഹാസങ്കടത്തില്നിന്ന് നൂലിഴ വ്യത്യാസത്തില്‍ വീണ്ടെടുത്ത ദിവസങ്ങള്‍ നിര്ണ്ണായകങ്ങളായിരുന്നു.
കെടാത്ത അഗ്നിത്വത്തിന്റെ അവകാശപാരമ്പര്യങ്ങളുള്ള ഒരച്ഛന്റെ കണ്ണില്‍നിന്ന് രക്തത്തുള്ളികള്‍ അടര്‍ന്നുവീഴുകയായിരുന്നു.
എല്ലാറ്റിലും അണ്ണാന്‍കുഞ്ഞും തന്നാലായത് എന്ന മട്ടില്‍ ഇടപെടാന്‍ എനിക്കു ഭാഗ്യമുണ്ടായി. ഈ സംഭവ പരമ്പരകള്ക്കിടയ്ക്കുള്ള പാലം പണിയാനുള്ള അവസരങ്ങള്‍ എനിക്കും കിട്ടി. എന്നല്ല, അക്കിത്തം എഴുതുന്ന കവിതകള്‍ക്കു പേരിടുക തുടങ്ങി മറ്റുചില താന്‍പോരിമകളും ഞാന്‍ കാട്ടിക്കൂട്ടി.
ആഴ്ചയില്‍ രണ്ടു വൈകുന്നേരങ്ങളിലെങ്കിലും ഞങ്ങള്‍ തൃശ്ശൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്സില്‍ ചെല്ലുമായിരുന്നു, വൈലോപ്പിള്ളിമാഷിനെക്കാണാന്. മൂന്നോ നാലോ മണിക്കൂറുകള്‍ പോകുന്നത് അറിയില്ല. ഇത്രയും ശുദ്ധനും ലജ്ജാലുവുമായ ഈ കവിയാണോ മലയാളത്തിലെ കരുത്തുറ്റ അനേകം കവിതകളുടെ സ്രഷ്ടാവ്? എനിക്കത്ഭുതം തോന്നി. ചായസത്കാരവും സാഹിത്യസത്കാരവും ഒരുപോലെ മധുരം പകര്‍ന്ന ആ ധന്യസന്ധ്യകള്ക്കു പ്രണാമം!
ഒരു ദിവസം രാവിലെ ഗുരുവായൂരപ്പന്റെ തിരുനടയില്‍ ഭഗവാന്റെ കൊടിമരം പോലെ നില്ക്കുന്നു മഹാകവി. പി. കുഞ്ഞിരാമന്‍നായര്‍.
അക്കൊല്ലത്തെ ഏകാദശിപ്പരിപാടികള് റെക്കോര്‍ഡു ചെയ്യുന്നതുമായി ബന്ധപ്പെട്ട് അക്കിത്തവും ഞാനും ഗുരുവായൂരില്‍. ആ ഏകാദശിക്കാണ് ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ഗജവീരന് കേശവന് ചെരിഞ്ഞത്. മറക്കാനാവാത്ത ഒരനുഭവമായിരുന്നു അത്.
1981 ഏപ്രിലിലെ ദുഃഖവെള്ളിയാഴ്ചയായിരുന്നു എന്റെ വിവാഹം. തൃശ്ശൂര്‍ വിവേകോദയം ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക പി. രമയാണു വധു. കാര്മ്മികന് അക്കിത്തം. കല്യാണാലോചനയ്ക്ക് വധൂഗൃഹത്തില്ച്ചെന്നതും സന്ധിസംഭാഷണങ്ങള്‍ നടത്തിയതും എല്ലാം അക്കിത്തം.
ചടങ്ങിന് ‘ഇവന് എന്റെ പ്രിയപുത്രന്, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന് സാംസ്കാരികകേരളം ഇന്നും ആരുടെ നേര്‍ക്കു കൈചൂണ്ടുന്നുവോ, ആ അച്യുതമേനോനെ ക്ഷണിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നു. അദ്ദേഹമാണെങ്കില്‍ അല്പസ്വല്പം അസുഖങ്ങളുമായി വിശ്രമത്തിലാണ്. ആ സാഹചര്യത്തില്‍ എനിക്കു നേരിട്ടുപോയി അദ്ദേഹത്തെ ക്ഷണിക്കാന്‍ ഒരു ഭയം. എന്തായാലും ഞാനൊരു കത്തെഴുതി.
‘എന്റെ വിവാഹമാണ്. കേരളത്തെ മുഴുവന്‍ ക്ഷണിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴിയില്ല. അതുകൊണ്ട് പ്രതിനിധിയായി അങ്ങു സദയം ചടങ്ങില്‍ സംബന്ധിച്ച് ഞങ്ങളെ അനുഗ്രഹിക്കണം.’
കൃത്യം മൂന്നാം ദിവസം അച്യുതമേനോന്റെ കാര്‍ഡു കിട്ടി. ഇത്രമാത്രം.
‘ഞാന്‍ അവിടെ ഉണ്ടാകും.’
അച്യുതമേനോന് കൃത്യമായി എത്തി. രാവിലെ 10.30നായിരുന്നു മുഹൂര്‍ത്തം. എന്റെ അച്ഛന് ജ്യോതിഷത്തെ സംബന്ധിച്ച് വളരെ കര്‍ക്കശനിലപാടുകളുള്ള ഒരാളാണ്. 11.30നേ ശരിയായ മുഹൂര്‍ത്തമുള്ളൂ, അപ്പോള്‍ മതി താലികെട്ട് എന്നായി.
ഞാന്‍ ധര്‍മ്മസങ്കടത്തിലായി. അച്യുതമേനോന് വന്ന് ഇരിക്കുകയും ചെയ്യുന്നു. ഇനിയും ഒന്നില്‍ച്ചില്വാനം മണിക്കൂര്‍! ഞാന്‍ മെല്ലെ അടുത്തുചെന്ന് വിവരം പറഞ്ഞു. ‘മുഹൂര്‍ത്തത്തിന് ഒരു മണിക്കൂര്‍ കൂടി താമസമുണ്ട്.’ ഒരു നിമിഷം പോലും ആലോചിക്കാതെ അച്യുതമേനോന്റെ മറുപടി വന്നു.
‘ഞാന്‍ രമേശന്റെ കല്യാണം കൂടാനാണു വന്നത്. അതു കഴിഞ്ഞിട്ടേ പോകുന്നുള്ളൂ.’
ഒരു വലിയ മനുഷ്യന് ഒരൊറ്റ വാക്കിലൂടെ എങ്ങനെ ആകാശത്തോളം വളരാം എന്ന് അദ്ദേഹം അനായാസമായി തെളിയിച്ചുതന്നു. പവനന്, എംആര്‍ബി, അഡ്വക്കേറ്റ് കെ.ബി. വീരചന്ദ്രമേനോന്‍ തുടങ്ങിയവരൊക്കെ ഈ സംഭവത്തിനു സാക്ഷികളാണ്.
മാത്രമല്ല, പ്രധാന കാര്‍മ്മികനായ അക്കിത്തം രാവിലെ കുമരനല്ലൂരില്‍ നിന്നും ബസ്സു കയറി രംഗത്തെത്താന്‍ കുറേ വൈകിപ്പോയി. ഏതാണ്ട് 11.30 അടുപ്പിച്ചേ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞുള്ളൂ. ഉടനേ മുഹൂര്‍ത്തവും ആയി. ഊറിച്ചിരിച്ചുകൊണ്ട് അച്യുതമേനോന് പറഞ്ഞു. ‘അപ്പോള്‍ മുഹൂര്‍ത്തം മാറിയതല്ല; അക്കിത്തം വരാന്‍ വൈകി. ശരിയായ കാരണം മനസ്സിലായി. ശരി, ഇനി ചടങ്ങുകള്‍ നടക്കട്ടെ!’
ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അച്യുതമേനോനുപോലും ഉണ്ടായിരുന്ന ധാരണ അതായിരുന്നു. അങ്ങനെ എന്റെ ജീവിതമുഹൂര്ത്തങ്ങള്ക്കു മുകളിലും അക്കിത്തം എന്ന സൂര്യന് ഉദിച്ചുനിന്നു. അനേകം കവിതകളുടെ താമര അക്കാലത്തു വിടര്‍ന്നു. രമ ഗര്‍ഭവതിയായിരിക്കുമ്പോള്‍ ഗുരുവായൂരില്‍നിന്നുള്ള പ്രസാദനെയ്യ് കൃത്യമായി കൊണ്ടുവരിക; ഞങ്ങള്‍ക്കു ചില കുടുംബപ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ എടപ്പാളിലെ ജ്യോതിഷബ്രഹ്മര്ഷി ശൂലപാണിവാരിയരെ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചു പരിഹാരം കാണുക; തുടങ്ങി എന്തെന്തെല്ലാം കാര്യങ്ങള്‍! ഞങ്ങളുടെ ബന്ധം അത്രമേല്‍ ദൈവീകമായിരുന്നു എന്നേ എനിക്കു പറയാന്‍ കഴിയുന്നുള്ളൂ.
എന്റെ മകന് മനുവിന്റെ ജാതകം ഗണിച്ചെഴുതിയതും അക്കിത്തമായിരുന്നു. അസുഖത്തിന് വൈദ്യമഠവുമായി ബന്ധപ്പെടുത്തുക; അതിനു സഹായിക്കുവാന്‍ കെ.പി.സി. അനുജന് ഭട്ടതിരിപ്പാടിന്റെ സഹായം ലഭ്യമാക്കുക ഇതൊക്കെ അക്കിത്തം സ്വന്തം കാര്യങ്ങള്‍ മറന്നും ചെയ്തുതന്നിരുന്നു.
പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ധിക്കൃതശക്രപരാക്രമിയായ നിരൂപകകേസരിയാണല്ലോ പണ്ഡിതോത്തംസമായ എം.പി. ശങ്കുണ്ണിനായര്. ജിയുടെ ‘വിശ്വദര്‍ശനം’, വൈലോപ്പിള്ളിയുടെ ‘കണ്ണീര്‍പ്പാടം’, പി.യുടെ ‘കളിയച്ഛന്’ തുടങ്ങിയ കവിതകള്‍ക്ക് അദ്ദേഹം അക്കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ പഠനങ്ങള്‍ ശരിക്കും ധൃതരാഷ്ട്രാലിംഗനങ്ങളായിരുന്നു. കവിതയ്ക്കു പകരം പിന്നെ ആ പഠനങ്ങളാണു നിലനില്ക്കുക. അങ്ങനെയുള്ളൊരാളെ സ്നേഹബുദ്ധ്യാ നിര്‍ബന്ധിച്ച് ഒരു ആകാശവാണി പ്രഭാഷണത്തിനു കൊണ്ടുവരാന്‍ അക്കിത്തത്തിനു കഴിഞ്ഞു. അന്നേ ദിവസം തങ്ങേണ്ട കാര്യവുമുണ്ട്.
സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ അക്കിത്തം ചുമതലപ്പെടുത്തിയത് എന്നെയാണ്. രാത്തങ്ങല് എന്റെ വീട്ടില്‍. കുഴമ്പും മറ്റും കൊണ്ടുവന്നിട്ടുണ്ട്. ചൂടുവെള്ളം നിര്‍ബ്ബന്ധം. കൊതുകുശല്യമില്ലെങ്കിലും ദേഹത്തൊക്കെ ഓഡോമാസ് പുരട്ടിക്കിടന്നാലേ ഉറക്കം കിട്ടൂ. പിന്നെ, സന്ധ്യയ്ക്ക് വൈലോപ്പിള്ളിയെയും ഒന്നു കണ്ടാല്‍ കൊള്ളാം. ഇതുവരെ കണ്ടിട്ടില്ലത്രേ. അപ്പോള്‍ ‘കണ്ണീര്‍പ്പാട’ത്തിനെഴുതിയ പഠനം? കവിയെ കണ്ടറിയാതെ? എന്തിന്? കവിതയെയല്ലേ കാണേണ്ടൂ?
ദേവസ്വം ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഞങ്ങള്‍ കുറേയധികം കാത്തുനിന്നു. സാമാന്യം ഇരുട്ടായി. നടക്കാനിറങ്ങിയ വൈലോപ്പിള്ളി അതാ വരുന്നു, കൈയില്ത്തൂക്കിയ പച്ചക്കറിസാമാനങ്ങളുടെ സഞ്ചിയുമായി വന്നപാടേ വൈലോപ്പിള്ളി ചോദിച്ചു:
‘ആരാ അത്?’
‘ശങ്കുണ്ണിനായര്.’
ഘനഗംഭീരമായ മറുപടി. രണ്ടു മഹാരഥന്മാര് തമ്മിലുള്ള ഏറ്റുമുട്ടല്‍! വൈലോപ്പിള്ളി ഒരു നിമിഷം ആലോചിച്ചു.
‘ശങ്കുണ്ണിനായര് എന്ന് ഉറപ്പിച്ചു പറയണമെങ്കില്‍… എം.പി. ശങ്കുണ്ണി നായരായിരിക്കണം?’
‘അതേ. കാണണമെന്നു തോന്നി. കണ്ടു. അത്രേയുള്ളൂ.’
ശങ്കുണ്ണിനായര് തിരിഞ്ഞു നടന്നു. ഞാന്‍ പിന്നാലെയും. ഒരക്ഷരംപോലും തുടര്‍ന്നു സംസാരിക്കാതെ, അകത്തൊന്നു കയറിയിരിക്കാതെ ആ കൂടിക്കാഴ്ച അവിടെത്തീര്‍ന്നു. അതില്‍ വൈലോപ്പിള്ളിക്ക് എന്തെങ്കിലും പരിഭവമോ ശങ്കുണ്ണിനായര്‍ക്ക് എന്തെങ്കിലും നഷ്ടബോധമോ തോന്നിയതായി എനിക്ക് അനുഭവപ്പെട്ടില്ല. അക്കിത്തം പറഞ്ഞു:
‘കൂട്ടി എഴുന്നള്ളിക്കാന്‍ കഴിയാത്ത രണ്ടു മദയാനകള്‍. കണ്ടു. പിരിഞ്ഞു. അവര്‍ക്കത്രയേ വേണ്ടൂ…’
എനിക്ക് ഒരു മോഹമുണ്ടായിരുന്നു; ശങ്കുണ്ണിനായരുടെ ഒരവതാരിക. എന്നില്‍ അത്രയ്ക്കു വാത്സല്യം ചൊരിഞ്ഞ ആ പാറയിടുക്കിലുമുണ്ടാവും ഒരു നീരുറവ് എന്നു ഞാന്‍ കരുതി. കത്തെഴുതി.
മറുപടിക്കാര്ഡു വന്നു.
‘ഞാന്‍ അവതാരിക എഴുതാറില്ല. എന്നിരുന്നാലും രമേശന്റെ കവിതയെക്കുറിച്ച് എനിക്കുള്ള അഭിപ്രായം പറഞ്ഞേക്കാം…
‘ഹുതവഹപരീതം ഗൃഹമിവ’–ശങ്കുണ്ണിനായര്.
കഴിഞ്ഞു. ശാകുന്തളത്തില്നിന്നാണ് ഉദ്ധരണി.
‘ഹോമാഗ്നികളാല് ചുറ്റപ്പെട്ട യാഗശാലയെപ്പോലെ!’
അക്കിത്തം പറഞ്ഞു: ‘മതി, ധാരാളം മതി.’
അതാണു ശങ്കുണ്ണിനായര്!
ഇടശ്ശേരിയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു അക്കിത്തം. ഇടശ്ശേരിക്കവിതകള്‍ മുഴുവന്‍ വായിച്ചുള്ക്കൊള്ളാനുള്ള ഒരഭിനിവേശമായി എനിക്കത്. പിന്നീട് എഴുതിയ ‘ഇടശ്ശേരി’ എന്ന കവിതയ്ക്ക് (മലയാളം വാരിക–ഡിസംബര്‍ 2004) മൂലകാരണം അക്കിത്തംതന്നെ. ഭാഷയ്ക്കകത്ത് മറ്റൊരു ഭാഷ, തന്റേതായ ഭാഷ, സൃഷ്ടിക്കുന്നയാളാണ് യഥാര്‍ത്ഥ കവി. എഴുത്തച്ഛന് ചെയ്തത് അതാണ്. ഇടശ്ശേരിയും അതുതന്നെ ചെയ്തു.
‘എനിക്കുരസമീ നിമ്നോന്നതമാം
വഴിക്കുതേരുരുള് പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ…’
ആ രശ്മികള്‍ വീണു വിടര്‍ന്നതാണല്ലോ അക്കിത്തത്തിന്റെ കവിതകളും!
‘ഇടയ്ക്കുകണ്ണീരുപ്പുപുരട്ടാ-
തെന്തിനു ജീവിതപലഹാരം?’
എന്ന് ഇടശ്ശേരി സ്വയംപൂര്ണ്ണതയാര്ജ്ജിക്കുമ്പോള്,
‘ഒരു കണ്ണീര്‍ക്കണം മറ്റു-
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം!’
എന്ന് അക്കിത്തം സ്വയം സമാധാനിക്കുന്നു. അത്രയ്ക്ക് ഇണക്കമാര്‍ന്ന ബന്ധമായിരുന്നല്ലോ അവര്‍ തമ്മിലുണ്ടായിരുന്നത്! ആ തുടര്‍ച്ച തന്നെയാണ് അക്കിത്തത്തില്‍ ഞാനും കണ്ടെത്തിയത്.
സാഹിത്യ അക്കാദമിയുടെ ത്രൈമാസികമായ ‘സാഹിത്യലോക’ത്തില്‍ (1983 ജൂലൈ – സെപ്തംബര്‍) ‘എന്റെ കവിത’ എന്ന ലേഖനത്തില്‍ ഞാനതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
‘ഒരു ഏകലവ്യനെപ്പോലെയാണ് എന്റെയും കഥ. 1975ല്‍ ആകാശവാണിയുടെ തൃശ്ശൂര്‍ നിലയത്തില്‍വച്ച് അക്കിത്തത്തെ കണ്ടുമുട്ടുന്ന നിമിഷംവരെ, കവിതയില്‍ ഒരുതരം താന്തോന്നിതന്നെയായിരുന്നു ഞാന്‍. പുതിയ പുതിയ ബോധങ്ങള്‍ എനിക്ക് ഉണ്ടായിത്തുടങ്ങുന്നതും ഒരു കണ്ണാടിയില്ലാത്ത വിഷമത്തില്‍നിന്ന് എന്റെ കവിതയുടെ മുഖശ്രീ മുക്തമാവുന്നതും അതിനുശേഷമാണ്.’
മഹാകവി പി. എപ്പോഴാണു കയറിവരുന്നതെന്നും അദ്ദേഹത്തിന്റെയുള്ളിലേക്ക് എപ്പോഴാണ് കവിത നിറഞ്ഞുകവിയുന്നതെന്നും ദൈവത്തിനു മാത്രമേ അറിയൂ. ഒരിക്കല്‍ കവിത തോന്നിയത് പുലര്‍ച്ചെ നാലുമണിക്കാണ്. പക്ഷേ, എഴുതാന്‍ കഴിയുന്നില്ല. വലംകൈയിലെ ചൂണ്ടുവിരല്‍ മടങ്ങുന്നില്ല. കവിത പോകുംമുമ്പ് പിടിച്ചെടുക്കണം, റേഡിയോവില്‍ ചൊല്ലുകയും വേണം. ചെക്കു കിട്ടേണ്ട അത്യാവശ്യങ്ങള്‍ വേറെയും. എന്തുചെയ്യും?
പി. മറ്റൊന്നും ആലോചിച്ചില്ല. ജൂബയെടുത്തിട്ട് ഷാളും ചുറ്റി ഒറ്റ നടത്തം. നേരേ രാമവര്‍മ്മപുരത്ത് ആകാശവാണിയിലേക്ക്. അക്കിത്തവും രമേശന്‍നായരും അവിടെയുണ്ടല്ലോ. അവരെക്കൊണ്ട് വേഗം കവിത എഴുതിയെടുപ്പിക്കാം. റെക്കോര്‍ഡിങ്ങും കഴിക്കാം. അതായിരുന്നു വിശ്വാസം.
പക്ഷേ, പത്തുമണിയാവാതെ റേഡിയോനിലയം തുറക്കില്ലല്ലോ. സെക്യൂരിറ്റിക്കാര്‍ മലയാളികളല്ല. അവര്‍ക്കു മഹാകവിയെ മനസ്സിലായതുമില്ല. അതിരാവിലെ അഞ്ചുമണിക്ക് ആജാനുബാഹുവായ ഒരാള്‍ ഗേറ്റില്‍
പടര്ന്നുനില്ക്കുന്നു. ആക്രമണത്തിനു വന്ന വല്ല ഭീകരവാദിയുമാണോ? അവര്‍ ആകെ അങ്കലാപ്പിലായി. നിന്നു മുഷിഞ്ഞ്, എഴുതിയെടുക്കപ്പെടാത്ത കവിതക്കിളിയെ മനസ്സിന്റെ കൂട്ടില്‍ ഭദ്രമായി അടച്ചുപൂട്ടി പി. അടുത്തുള്ള ഒരു ഓലപ്പീടികയുടെ വരാന്തയില്‍ കയറി ഇരിപ്പായി.
ഒന്‍പതരയ്ക്ക് ഞാനെത്തുമ്പോള്‍ സംഗതി ആകെ തൃശ്ശൂര്‍പ്പൂരം! മഹാകവി ഓടിവരുന്നു. കവിത ചൊല്ലിത്തരുന്നു. ഞാന്‍ എഴുതിയെടുക്കുന്നു. അങ്ങനെ നാടകീയമുഹൂര്‍ത്തങ്ങളുടെ ഒരു ശൃംഖല! കുറേക്കഴിഞ്ഞപ്പോള്‍ അക്കിത്തവും എത്തി.
‘നിങ്ങളൊക്കെയുണ്ടല്ലോ എന്നു കരുതിയാണ് ഞാന്‍ വന്നത്.’
പി. പറഞ്ഞു.
‘പക്ഷേ, ഞങ്ങളുടെ താമസം ഇവിടെയല്ലല്ലോ!’
അക്കിത്തത്തിന്റെ മറുപടി.
‘ഇത് ആപ്പീസല്ലേ’ എന്ന് അക്കിത്തവും.
‘അത് ഓര്‍ത്തില്ലെന്ന്’ പി.യും.
എന്തായാലും റെക്കോര്‍ഡിങ് കഴിഞ്ഞ് ചെക്കുമായി പി. മടങ്ങി.
ആ കവിത പി.യുടെ അവസാന കവിതയായിരുന്നോ? അതു പിന്നീടു ഭാഷാപോഷിണിയില്‍ അച്ചടിച്ചുവരികയുണ്ടായി.
സഹ്യപുത്രനായ ഒരു മഹാകവി. ഭാരതപ്പുഴപോലെ അനര്‍ഗ്ഗളമായി ഒഴുകുന്ന കവിത! കവിമുഖത്തുനിന്നു കേട്ട് സംശയമോ അക്ഷരത്തെറ്റോ ഇല്ലാതെ ആ കവിത എഴുതിയെടുക്കാന്‍ കഴിയുക! എന്തൊരു ഭാഗ്യാനുഭവമാണത്!
തലപ്പൊക്കത്തില്‍ പി.യോടൊപ്പം നിന്ന ഒളപ്പമണ്ണയ്ക്കുമുണ്ടായിരുന്നു എന്നോട് ഒരു പ്രത്യേകവാത്സല്യം. അതൊക്കെ നിധികളായി ഞാന്‍ സൂക്ഷിക്കുന്നു. എല്ലാം എനിക്കു നേടിത്തന്ന പരമപുണ്യം ഭാഗവതം ഭാഷയില്പ്പകര്ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഓട്ടൂരിന്റെ ‘വന്ദേമാതര’ത്തിന് ഞാന്‍ തൃശ്ശൂരിലെ ‘എക്സ്പ്രസ്സ്’ പത്രത്തില്‍ ഒരു നിരൂപണമെഴുതി. (1976 ജൂണ്‍ 13)
‘കാട്ടില്പ്പൂത്തകടമ്പില്നിന്നു പൊഴിയും
കണ്ണന്റെ പുല്ലാങ്കുഴല്‍-
പ്പാട്ടോ? പൈക്കള്പരിഭ്രമത്തൊടുരുവി-
ട്ടീടുന്നൊരോംകാരമോ?
മേട്ടില്പ്പൊയ്കയിലാമ്പലില് കുളിര്‍നിലാ-
വൂറ്റുന്ന പീയൂഷമോ
ഓട്ടൂരിന് കവിതാപ്രവാഹ! മിതിലാ-
റാടുന്നു കാര്‍വര്‍ണ്ണനും!’
എന്നു തുടങ്ങി അഞ്ചു ശ്ലോകങ്ങളിലൂടെയായിരുന്നു നിരൂപണം. ഓട്ടൂരിനും സന്തോഷമായി.
‘എന്റെ ചില കാര്യങ്ങള്‍ ഗുരുവായൂരപ്പനോട് ഓട്ടൂര്‍ പറയണം’ എന്നായി ഞാന്‍.
‘ഞാന്‍ പറഞ്ഞാലൊന്നും ഭഗവാന് കേള്‍ക്കില്ല. താന്‍ ആ ആഞ്ഞത്തിനെക്കൊണ്ടോ മറ്റോ പറയിച്ചുനോക്കൂ’ എന്നായി ഓട്ടൂര്‍.
അതൊരു നേരമ്പോക്കായിട്ടല്ല അക്കിത്തം എടുത്തത്. ഒട്ടും വൈകാതെ ഞാന്‍ ആഞ്ഞം തിരുമേനിയുടെ മുമ്പില്‍!
അതാണ് അക്കിത്തം. അക്കിത്തത്തെക്കുറിച്ച് എഴുതുന്നതെല്ലാം എന്നെക്കുറിച്ചുതന്നെയാവുന്നതിന്റെ അദൈ്വതരഹസ്യവും മറ്റൊന്നല്ല!
മഹാകവി ജി.യുടെ ‘വെള്ളില്‍പ്പറവകള്‍’ വരെ, പലേ പുസ്തകങ്ങള്‍ക്കും അവതാരിക എഴുതിയിട്ടുള്ള അക്കിത്തത്തിന് അന്നുവരെ ഒരവതാരിക ഉണ്ടായിരുന്നില്ല. എന്നോടുള്ള അന്ധവിശ്വാസം കാരണം ആദ്യത്തെ അവതാരിക ഞാന്തന്നെയെഴുതണം എന്നദ്ദേഹം തീരുമാനിച്ചു. എസ്.പി.സി.എസ്. പ്രസിദ്ധീകരണമായ ‘അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍’ക്ക് 1976ല്‍ ‘കടമ്പില്‍ പൂത്ത കവിത’ എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ പഠനം അവസാനിക്കുന്നത്
ഇങ്ങനെ:
‘കുട്ടികളെ കര്‍മ്മധീരരാക്കുവാന്‍വേണ്ടി നമ്മുടെ കവിതയുടെ തീരങ്ങളില്‍ കടമ്പുവൃക്ഷം നട്ട കവിയാണ് അക്കിത്തം. അമ്പാടിക്കണ്ണനെപ്പോലെ കുട്ടികള്‍ അതിന്മേല് കയറിയിരുന്ന് ഓടക്കുഴലൂതുകയും, താഴെ, കാളിമപടര്ത്തുന്ന വിഷശീര്ഷങ്ങളുടെ മേല്‍ എടുത്തുചാടി അവയുടെ അഹംകൃതി ശമിപ്പിക്കുകയും വേണം. ജീവിതം എക്കാലത്തും തെളിഞ്ഞ കാളിന്ദിയായി അനേകായിരങ്ങളുടെ ദാഹം ശമിപ്പിച്ചുകൊണ്ട് ഇവിടെ ഒഴുകുകതന്നെ വേണം. ആ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍വേണ്ടി മാത്രമാണ് ഈ വലിയ മനുഷ്യന് ചെറിയ കുട്ടികളുടെ മുമ്പില്‍ അവരെക്കാള്‍ ചെറുതായിത്തീരുന്നത്.
അല്ലെങ്കില്‍പ്പിന്നെ ഇന്നും കുട്ടിത്തം വിട്ടുമാറാത്ത ഞാന്‍തന്നെ ഈ പുസ്തകത്തിന് ഒരു അവതാരിക എഴുതണമെന്ന് അദ്ദേഹം ആവശ്യപ്പെടുമോ? നിസ്സാരനായ എന്നെയും തന്റെ ചുമലിലെടുത്ത് ഒരു സാഹസികതയുടെ കടമ്പില്‍ കയറ്റിവിടുകയല്ലേ അദ്ദേഹം ചെയ്തത്?’
അതേ, ഒരിക്കലും തോരാത്ത അനുഗ്രഹവര്‍ഷംകൊണ്ട് എന്നെ ധന്യനാക്കിയ ഭഗവത്കാരുണ്യംതന്നെയാണ് അക്കിത്തം. 1981ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ എന്നെക്കുറിച്ചെഴുതിയ ‘അഭിഷേകമന്ത്രം’ എന്ന കവിതയും,
‘സൂര്യഹൃദയ’ത്തിന് ഇടശ്ശേരി അവാര്‍ഡു കിട്ടിയപ്പോള്‍, 1983ലെ വിജയദശമി നാളില്‍ മാതൃഭൂമിയുടെ ഞായറാഴ്ചപ്പതിപ്പിലെഴുതിയ ‘കോഹിനൂര്‍ ചുമക്കുന്ന കവി’ എന്ന ലേഖനവും മലയാളത്തിലെവിടെയും തിരിച്ചറിയല്‍ കാര്‍ഡുകളായി കൊണ്ടുനടക്കുവാനും വ്യക്തിത്വാവകാശം സ്ഥാപിക്കുവാനുമുള്ള അധികാരം എനിക്കു തന്നു.
പോരേ ഒരു തുടക്കക്കാരന്? മതി, ധാരാളം മതി! ഗുരുവായൂരപ്പന്റെ പ്രസാദം എന്തിന് അധികം?
‘അന്തരീക്ഷത്തില്‍ സുഗന്ധം പരക്കുവാന്‍
എന്തിനു കസ്തൂരിയേറെയോര്‍ത്താല്‍?’
എന്നിട്ടും ഈ മഹാമനുഷ്യന് പറയുന്നു:
‘എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!’
എല്ലാം ഗുരുവായൂരപ്പന്റേത്. നാരായണ! നാരായണ! 18.03.1926ന്റെ തൃക്കാര്‍ത്തികയായ അക്കിത്തം പൂര്‍ണ്ണകാമനായി പുരുഷായുസ്സായ 120 തികയ്ക്കട്ടെ. ഇപ്പോള്‍ തൊണ്ണൂറില്‍ പത്തിനേ ഞാന്‍ അവകാശം പറയുന്നൂള്ളൂ; പക്ഷേ, എന്റെ അറുപത്തേഴും അക്കിത്തത്തിന് അവകാശപ്പെട്ടതാകുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: