കൊല്ലം: വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി ന്യൂദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍നിന്ന് എട്ട് പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടെ പത്ത് ഡോക്ടര്‍മാരും രണ്ട് അനസ്‌തെറ്റിസ്റ്റുകളും രണ്ട് സഹായികളും ഉള്‍പ്പെടുന്ന സംഘം കൊല്ലത്തെത്തി. ദുരന്തത്തില്‍പെട്ട് ജില്ലാ ആശുപത്രിയിലും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലും(മെഡിസിറ്റി) പ്രവേശിക്കപ്പെട്ട എല്ലാവരുടെയും നില വിലയിരുത്തിയ സംഘം ഓരോരുത്തര്‍ക്കും ലഭ്യമാക്കേണ്ട ചികിത്സ സംബന്ധിച്ച് സ്‌പെഷ്യലിസ്റ്റുകളുമായി ചര്‍ച്ച നടത്തി. മെഡിസിറ്റി ആശുപത്രിയില്‍ സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍കൂടി ഉള്‍പ്പെട്ട സംഘം രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. ആരോഗ്യ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്റെ അധ്യക്ഷതയില്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന യോഗം ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു.
എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ജി.ആര്‍.ഗോകുല്‍, ഡിഎച്ച്എസ് ഡോ.ആര്‍.രമേഷ്, ആരോഗ്യവകുപ്പിന്റെ സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അപകടത്തില്‍പെട്ട എല്ലാവര്‍ക്കും സൗജന്യ പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്ന് ആരോഗ്യസെക്രട്ടറി നിര്‍ദേശിച്ചു.
സര്‍ക്കാര്‍, സ്വകാര്യആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട എല്ലാരോഗികളെയും ബന്ധപ്പെട്ട ഡോക്ടര്‍മാരെയും നേരില്‍കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
















