അഹമ്മദാബാദ്: ഒരു പതിറ്റാണ്ടിലേറെക്കാലമായി ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഗുജറാത്തിലെ ‘ഹിന്ദു ഫാസിസ’ത്തിന്റെ മുഖമായി പ്രചരിപ്പിച്ചുപോന്ന ചിത്രം വ്യാജമാണെന്ന് തെളിഞ്ഞു. 2002 ലെ കലാപത്തില്‍ പങ്കെടുത്തതായി പ്രചരിച്ച അശോക് പാര്‍മര്‍ എന്ന ചെരുപ്പുകുത്തിയുടെ ചിത്രമാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
കലാപം പൊട്ടിപ്പുറപ്പെട്ട 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ദുധേശ്വര്‍ തെരുവില്‍ കയ്യില്‍ ഇരുമ്പുദണ്ഡും കാവി തലക്കെട്ടുമായി പിന്നില്‍ കത്തിക്കാളുന്ന തീയുടെ പശ്ചാത്തലത്തില്‍ ചോരയ്ക്കുവേണ്ടി അലറിവിളിക്കുന്ന അശോക് പാര്‍മറുടെ ചിത്രമാണ് ഹിന്ദുവിരുദ്ധ മാധ്യമങ്ങള്‍ ഗുജറാത്തിനും ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പ്രചരിപ്പിച്ചത്. ഒറ്റ രാത്രികൊണ്ട് ഈ ചിത്രം ഗുജറാത്ത് കലാപത്തിലെ അക്രമിയുടെ മുഖമായി മാറി. ഈ ചിത്രമുപയോഗപ്പെടുത്തി സംഘടിതവും ആസൂത്രിതവുമായ പ്രചാരണമാണ് ഗുജറാത്ത് വിരുദ്ധ മാധ്യമങ്ങളും ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളും നടത്തിയത്. ഇന്ത്യയെയും ഗുജറാത്തിനെയും അപകീര്‍ത്തിപ്പെടുത്താന്‍ വിദേശമാധ്യമങ്ങളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചു.
കലാപത്തില്‍ പങ്കെടുത്തയാളെന്ന നിലയ്ക്ക് കുറഞ്ഞകാലത്തെ ജയില്‍വാസത്തിനുശേഷം അശോക് പാര്‍മര്‍ തന്നെയാണ് സത്യം വെളിപ്പെടുത്തിയത്. “എന്നെ ഒരു ബജ്രംഗദളുകാരനായി മുദ്രയടിച്ചു. ഞാന്‍ കാവി ഭീകരതയുടെ മുഖമായി മാറി. ഞാന്‍ ഇത് രണ്ടുമല്ല,” അഹമ്മദാബാദിലെ തെരുവില്‍ ചെരുപ്പുകുത്തിയായി തിരിച്ചെത്തിയ അശോക് പറയുന്നു.
അന്നേ ദിവസം രാവിലെ പത്ത് മണിയോടെയാണ് അശോക് പാര്‍മര്‍ ജോലിക്കെത്തിയത്. ബന്ദ് ജനജീവിതത്തെ ബാധിച്ചിരുന്നു. “എന്റെ അന്നത്തെ ജോലി പോയി. ബന്ദായതിനാല്‍ എല്ലാ ഹോട്ടലുകളും അടച്ചിരുന്നു. എനിക്ക് ഭക്ഷണമൊന്നും കിട്ടിയില്ല. ഇത് ഞങ്ങളെപ്പോലുള്ള പാവങ്ങളെ വല്ലാതെ ബാധിച്ചു. എനിക്ക് ദേഷ്യം വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു,” പാര്‍മര്‍ പറയുന്നു.
തലേദിവസം ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ 59 രാമഭക്തര്‍ ചുട്ടെരിക്കപ്പെട്ടതിനോടുള്ള പ്രതികരണം തേടി ഫോട്ടോഗ്രാഫര്‍ കൂടിയായ ഒരു പത്രപ്രവര്ത്തകന് അശോക് പാര്‍മറെ സമീപിച്ചു. ഗോധ്ര സംഭവത്തിലും തനിക്കുണ്ടായ വിഷമതയിലും ദേഷ്യമുണ്ടെന്ന് പാര്‍മര്‍ പ്രതികരിച്ചു. “ഫോട്ടോഗ്രാഫര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു ഫോട്ടോയ്ക്ക് പോസുചെയ്തു.” ഇംഗ്ലീഷ് ദിനപ്പത്രം ബിസിനസ്സ് ലൈനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
റോഡരികില്‍ കിടന്നിരുന്ന ഒരു ഇരുമ്പുദണ്ഡ് പാര്‍മര്‍ കയ്യിലെടുത്തു. അയല്ക്കാരനില് നിന്ന് വാങ്ങി കാവി റിബണ്‍ തലയില്‍ കെട്ടി. “കാവി ഹിന്ദുധര്‍മത്തിന്റെ പ്രതീകമാണെന്ന് ഞാന്‍ കരുതി.” എന്നിട്ട് ഫോട്ടോക്ക് പോസു ചെയ്തു. ഇതിനുശേഷം പാര്‍മര്‍ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയി. ആ രാത്രി അവിടെ തങ്ങി. പിറ്റേ ദിവസത്തെ എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ ‘കലാപകാരിയായ’ പാര്‍മറുടെ ചിത്രമുണ്ടായിരുന്നു.
ഈ ഫോട്ടോയാണ് പാര്‍മറെ രണ്ടാഴ്ചക്കാലം ജയിലിലടച്ചത്. നാലുതവണ കേസ് നീട്ടിവെച്ചിട്ടും കീഴ്ക്കോടതിക്ക് കലാപത്തില്‍ പാര്‍മര്‍ പങ്കെടുത്തതായി ഒരു ദൃക്സാക്ഷിയുടെ പോലും മൊഴി ലഭിച്ചില്ല. കോടതി പാര്‍മറെ വെറുതെവിട്ടു.
“ചിത്രത്തില്‍ ഞാന്‍ മാത്രമാണുള്ളതെന്ന് നിങ്ങള്‍ക്ക് കാണാം. അക്രമിസംഘത്തിലൊന്നും ഞാനുണ്ടായിരുന്നില്ല. കലാപത്തിലും പങ്കെടുത്തിട്ടില്ല. ചിത്രം വലിയ കുഴപ്പമുണ്ടാക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല,” പാര്‍മറുടെ ഈ വിശദീകരണത്തില്‍ പൊളിഞ്ഞുവീഴുന്നത് കലാപത്തെക്കുറിച്ചുള്ള കള്ളക്കഥകളാണ്.
മാധ്യമസൃഷ്ടിയായ അന്നത്തെ ഫോട്ടോക്ക് വേണ്ടി സഹകരിച്ചതില്‍ തനിക്ക് വലിയ ദുഃഖമുണ്ടെന്ന് പാര്‍മര്‍ പറയുന്നു. “മാധ്യമങ്ങള്‍ എന്നെ ഒരു ഭീകരവാദിയായി ചിത്രീകരിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്റെ ചിത്രം ഇ-മെയിലില്‍ പ്രചരിപ്പിച്ചു. ഒരു ഗുജറാത്തി പത്രം ഇന്ത്യയുടെ ഭൂപടത്തിനുമേലെയാണ് എന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. എന്തിനാണെന്ന് എനിക്ക് മനസിലായില്ല,” പാര്‍മറുടെ വാക്കുകളില്‍ അമര്‍ഷം പ്രകടമാണ്.
കലാപത്തിന്റെ ഇരയായി ചിത്രീകരിക്കപ്പെട്ട ഖുത്തുബ്ദീന്‍ അന്‍സാരിയുടെ ചിത്രവും അശോക് പാര്‍മറുടെ ചിത്രത്തിനൊപ്പം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇരുവരെയും പങ്കെടുപ്പിച്ച് അടുത്തിടെ കണ്ണൂരില്‍ ‘വംശഹത്യയുടെ വ്യാഴവട്ടം’ എന്ന പേരില്‍ സിപിഎം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
കലാപത്തില്‍ പങ്കെടുക്കുന്നതായുള്ള തന്റെ ചിത്രം വ്യാജമാണെന്ന് അശോക് പാര്‍മര്‍ തന്നെ വെളിപ്പെടുത്തിയതോടെ ‘ഇരയെയും വേട്ടക്കാരനെയും’ അണിനിരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച സിപിഎമ്മിന്റെ ഹിന്ദുവിരോധവും മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: