Categories: Kottayam

ദമ്പതീസംഗമം 2016

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലാ: മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 16ന് രാവിലെ 10ന് കടപ്പാട്ടൂര്‍ ക്ഷേത്രാങ്കണത്തില്‍ ദമ്പതീ സംഗമം 2016 സംഘടിപ്പിക്കുന്നു. യൂണിയനില്‍പെട്ട 104 കരയോഗങ്ങളില്‍ നിന്നുള്ള അന്‍പത് വര്‍ഷം ദാമ്പത്യജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ഒരേ വേദിയിലിരുത്തി അനുമോദിക്കുകയും പുരസ്‌കാരങ്ങള്‍ ആദരിക്കുകയും ചെയ്യും. അവരുടെ ജീവിതാനുഭവങ്ങള്‍ പുതിയ തലമുറയ്‌ക്ക് മാതൃകയാക്കാനും വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ കഴിയുന്ന പ്രായമായവരെ ബഹുമാനിക്കുന്നതിനും അവര്‍ക്ക് സ്‌നേഹം പകര്‍ന്നു നല്‍കുന്നതിനും പുതിയ തലമുറയ്‌ക്ക് പ്രചോദനം നല്‍കുകയെന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ പറഞ്ഞു. ഇരുനൂറോളം ദമ്പതികള്‍ പങ്കെടുക്കും.

സംഗമത്തില്‍ യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍എസ്എസ് എച്ച്ആര്‍ഡി സെക്രട്ടറി കെ.ആര്‍. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ സന്ദേശം നല്‍കും. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എസ്. ഷാജികുമാര്‍, യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.ആര്‍. വേണുഗാപാലന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് എ.കെ. സരസ്വതിയമ്മ, യൂണിയന്‍ സെക്രട്ടറി വി.കെ. രഘുനാഥന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പിന്നല്‍ തിരുവാതിരയും സ്‌നേഹവിരുന്നും നടക്കും.

പത്രസമ്മേളനത്തില്‍ യൂണിയന്‍ ഭാരവാഹികളായ സി.പി. ചന്ദ്രന്‍ നായര്‍, പി.എസ്. ഷാജികുമാര്‍, വി.കെ. രഘുനാഥന്‍ നായര്‍, വി.എസ്. ശശികുമാര്‍, കെ.ഒ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Recent Posts