നാഭിപത്മസമുദ്ഭവനായ സര്‍വ്വഭൂതങ്ങള്‍ക്കും ജീവനേകുന്ന സൃഷ്ടാവായ ചതുരാനനന്‍ ബ്രഹ്മാവിനെയാണ് ചിലര്‍ പ്രപഞ്ചനാഥനായി കരുതുന്നത്. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് സൂര്യനാണ് സര്‍വ്വനാഥനെന്നാണ്. അവര്‍ രാവിലെയും വൈകിട്ടും സൂര്യനെ പൂജിക്കുന്നു. സഹസ്രാക്ഷനായ, സോമപ്രിയന്‍, ദേവദേവനായ ഇന്ദ്രനെയാണ് ചിലര്‍ പൂജിക്കുന്നത്. ചിലര്‍ വരുണനെയും മറ്റുചിലര്‍ വായുവിനെ, അഗ്‌നിയെ, കുബേരനെ, ചന്ദ്രനെ, യമനെ എല്ലാം പൂജിക്കുന്നു. സര്‍വ്വസിദ്ധിപ്രദായകനായ ഗണപതിയെ പൂജിക്കുന്നവരുമുണ്ട്.
പ്രമുഖരായ ആചാര്യന്മാരില്‍ ചിലര്‍ ആദിമായയായ ഭവാനീ ദേവിയെ പൂജിക്കുന്നു. മഹാശക്തിസ്വരൂപിണിയും നിത്യയും പ്രകൃതിയും പൂര്‍ണ്ണയും പരമപുരുഷവിധേയയുമായ ദേവിയാണ് സര്‍വ്വശക്ത എന്നാണവര്‍ വാദിക്കുന്നത്. സൃഷ്ടിസ്ഥിതിസംഹാരകാരിണിയും സര്‍വ്വവ്യാപിനിയുമായ അമ്മ ബ്രഹ്മൈക്യം നേടിയവളാണ്.
ആദ്യന്തമില്ലാത്ത നിര്‍ഗ്ഗുണയാണെങ്കിലും സകലജീവജാലങ്ങള്‍ക്കും സഗുണയായ ജനനി അവളാണ്. ശൈവി, വൈഷ്ണവി, ബ്രാഹ്മി, യൈന്ദ്രി, വാരാഹി, വാരുണി, നാരസിംഹ, മഹാലക്ഷ്മി എന്നിങ്ങനെയെല്ലാം പ്രകീര്‍ത്തിതയായ ദേവി സംസാരവൃക്ഷത്തിന്റെ തായ് വേരാണ്. ഭക്തര്‍ക്ക് അഭീഷ്ടങ്ങളെ പ്രദാനം ചെയ്യുന്ന അവര്‍ക്ക് മോക്ഷമേകുന്ന ഗുണാതീതയായ വിദ്യാസ്വരൂപിണിയാണ് ദേവി. ത്രിഗുണങ്ങളെ മഹത്വാഹങ്കാരഭാവങ്ങളാക്കി മാറ്റുന്നതും ദേവിയാണ്.
നിരഞ്ജനം, നിരാകാരം, നിര്‍ലേപം, നിര്‍ഗ്ഗുണം, പരം, സര്‍വ്വവ്യാപകം, ബ്രഹ്മം എന്നൊക്കെ വേദാന്തികള്‍ പറയുന്നത് ഇവളെയാണ്. തേജസ്സിന്റെ ഉറവിടമായ പരമപുരുഷനാണിതെന്ന് പറയുന്ന വേദവാദികളും ഉണ്ട്. സഹസ്രാക്ഷനും സഹസ്രശീര്‍ഷനും സഹസ്രബാഹുവുമായ പരമപുരുഷനായി ആകാശം പാദമാക്കിയ വിഷ്ണുവാണതെന്നും ചിലര്‍ പറയുന്നു. പരമപ്രശാന്തമായ ആ വിരാട്ടില്‍ രജസ്സില്ല.
ജഗത്തിന്റെ കാരണമായി പുരുഷോത്തമനെ ചിലര്‍ സ്തുതിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലും പ്രഭുവായ ഒരീശ്വരന്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്ന് ശഠിക്കുന്നവരുമുണ്ട്. ചിന്തകള്‍ക്ക് വഴങ്ങാത്തതാണ് ജഗത്തിന്റെ സൃഷ്ടിസ്ഥിതികാരണങ്ങള്‍ എന്നാണു മറ്റു ചിലരുടെ പക്ഷം. പ്രപഞ്ചം തന്നെയാണ് സത്ത്. അതിനായി പ്രത്യേകിച്ച് മറ്റൊരു ഈശ്വരന്‍ ഇല്ല. തനിയെ ഉദ്ഭൂതമായ ഈ ജഗത്തിന് ആരുടെയെങ്കിലും മേല്‍ കര്‍ത്തൃത്വം ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകൃതിപോലും ജഗത്തിന്റെ കര്‍ത്താവല്ല.
കപിലന്‍ മുതലായ മുനിമാര്‍ ഇങ്ങനെ പലതും പറയുന്നുണ്ട്. എന്നില്‍ സംശയങ്ങള്‍ അനേകമുണ്ട്. ധര്‍മ്മം എന്നാലെന്താണ്? അധര്‍മ്മമെന്നാല്‍ എന്താണ്? അവയുടെ ലക്ഷണങ്ങളോ? സത്വത്തില്‍ നിന്നും ഉണ്ടായ ദേവന്മാരും മറ്റും അധാര്‍മ്മികരായ അസുരന്മാരുടെ പീഡനങ്ങള്‍ക്ക് വിധേയരാകാന്‍ കാരണമെന്ത്? സദ്‌വൃത്തരായ പാണ്ഡവര്‍ എന്തിനാണിത്രയധികം ദുഃഖം അനുഭവിച്ചത്? ധര്‍മ്മവ്യവസ്ഥയെപ്പറ്റി എനിക്കാകെ സംശയം തോന്നുന്നു. എന്റെ ഈ സന്ദേഹങ്ങളെ തീര്‍ക്കാന്‍ അങ്ങേയ്‌ക്ക് കഴിയും. സംസാരക്കടലില്‍ ഒരെത്തും പിടിയുമില്ലാതെ വലയുന്ന എന്നെ ജ്ഞാന നൗകയിലേക്ക് കൈപിടിച്ചു കയറ്റാന്‍ അങ്ങേയ്‌ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
















