കാവാലം: കൊച്ചുകുട്ടികളില്‍ ഒരാള്‍ സിനിമാതാരം മഞ്ജുവാര്യരോടായി ചോദിച്ചു. അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവുമിഷ്ടമായത് ഏത്? തനിക്ക് അഭിനയിച്ച ചിത്രങ്ങളെല്ലാം ഒരുപോലെയാണെന്നും നിങ്ങളുടെ ഇഷ്ടം ഏതാണെന്നായി അതിഥിയുടെ മറു ചോദ്യം. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് കുട്ടികള്‍ ഒന്നടങ്കം മറുപടി നല്‍കിയപ്പോള്‍ മഞ്ജുവിന് നിറഞ്ഞ ചിരി. നിരുപമയെപ്പോലെ നിങ്ങളും ജൈവക്കൃഷി തുടങ്ങിയോയെന്ന് ചോദിച്ചപ്പോള്‍ അമ്മ ചെയ്യുന്നുണ്ടെന്നായിരുന്നു കൂട്ടത്തില്‍ ഒരു കുരുന്നിന്റെ പ്രതികരണം.
കാവാലം നാരായണ പണിക്കരുടെ നേതൃത്വത്തില്‍ കാവാലത്ത് 11 വര്‍ഷമായി സംഘടിപ്പിക്കുന്ന കുരുന്നുകൂട്ടം വേനല്‍ക്കാല ശില്‍പശാലയുടെ സമാപന ചടങ്ങിലാണ് മഞ്ജുവാര്യര്‍ മുഖ്യാതിഥിയായി എത്തിയത്. കുട്ടികള്‍ മഞ്ജുവിന്റെ സിനിമാ വിശേഷങ്ങളും മറ്റുമെല്ലാം ചോദിച്ചറിഞ്ഞു.
സിനിമയും നൃത്തവും പാട്ടുമെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന മാധ്യമമെന്ന നിലയില്‍ സിനിമ ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് മഞ്ജു പ്രതികരിച്ചു. കാവാലത്ത് ചിത്രീകരിച്ച സിനിമയായ കണ്ണെഴുതി പൊട്ടുംതൊട്ടില്‍ മഞ്ജു പാടി അഭിനയിച്ച ചെമ്പഴുക്ക എന്ന ഗാനം കുട്ടികള്‍ക്കൊപ്പം മഞ്ജു ആലപിച്ചു. ശില്‍പശാലയുടെ കളംപിരിയല്‍ സമ്മേളനം കാവാലം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രമേശ് ഉദ്ഘാടനം ചെയ്തു. മഞ്ജുവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. ചാലയില്‍ വേലായുധ പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
















