മേപ്പയ്യൂര്‍: ഹോമിയോ ആശുപത്രിക്കായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത സഹകരണ ആശുപത്രിയുടെ ഇരു നില കെട്ടിടം കാടുകയറി നശിക്കുന്നു. പതിനഞ്ച് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനം നിലച്ച സഹകരമ ആശുപത്രി കെട്ടിടം ഒരു വര്‍ഷം മുമ്പാണ് ഹോമിയോ ആശുപത്രിക്കായി എറ്റെടുത്തത്. ഏറ്റെടുക്കല്‍ അല്ലാതെ മറ്റൊന്നും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഇതിനോട് ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സിലാണ് ഹോമിയോ ഡിസ്പന്‍സറി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്. ദിവസവും നൂറു കണക്കിന് രോഗികള്‍ പയ്യോളി, പേരാമ്പ്ര, കുറ്റിയാടി, വടകര ഭാഗങ്ങളില്‍ നിന്ന് ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. ഒരു ഡോക്ടറും മറ്റ് മൂന്ന് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. ദിനംപ്രതി രോഗികള്‍ ഏറിവരുന്ന കാഴ്ചയാണ് ഇവിടെ ഉള്ളത്. എന്നാല്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്.ഹോമിയോ ആശുപത്രിക്കായി ഏറ്റെടുത്ത കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തി എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ചര്‍ച്ചയാവുന്നതൊഴിച്ചാല്‍ പിന്നെ ആരും തന്നെ ഈ ഭാഗം തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി. കോടികളുടെ എംപി, എംഎല്‍എ ഫണ്ടുകള്‍ ഉളളപ്പോഴാണ് ആശുപത്രിയോട് ഈ അവഗണന.
















