മലപ്പുറം: എംഎസ്പിയിലെ ആശുപത്രി മുന്‍കൂട്ടി അറിയാതെ പൂട്ടാന്‍ ശ്രമിച്ചത് വനിതാ ഡോക്ടറോടുള്ള വൈരാഗ്യം തീര്‍ക്കാനെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. എംഎസ്പിയിലെ ഒരു ഉദ്യോഗസ്ഥന് അപമര്യാദയായി പെരുമാറിയതിനെതിരെ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നിന് ഇതു സംബന്ധിച്ച് ഡോക്ടര്‍ എംഎസ്പി അധികൃതര്‍ക്ക് മൊഴി നല്കി. ഇതിന്റെ വൈരാഗ്യം മൂലമാണ് വെള്ളിയാഴ്ച ആശുപത്രി എംഎസ്പിക്കാര്‍ കൈയേറി പൂട്ടിച്ചത്.
വനിതാ ഡോക്ടറെ നിരന്തരം ഉപദ്രവിക്കുകയും ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് എംഎസ്പി അധികാരികള്‍ സ്വീകരിച്ചു വരുന്നത്. ഏപ്രില്‍ ഒന്നിന് മൊഴിയെടുക്കുമെന്ന് അറിയിച്ചപ്പോള്‍ മൊഴി നല്കിയാല് ഇവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
ഏഴിന് ഇവര്‍ ആശുപത്രി കൈയേറി ഫര്‍ണിച്ചര്‍ പുറത്തിട്ട് പരിശോധനാ മുറി പൂട്ടി താക്കോലുമായി പോയി. വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ആശുപത്രി ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കയറാനാവാതെ പുറത്തുനില്ക്കുകയാണുണ്ടായത്. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി തുറക്കാന്‍ സമ്മതിച്ചില്ല എന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വ്യാജ പരാതി നല്കി ഡോക്ടറെ കള്ളക്കേസില്‍ കുടുക്കാനാണ് എംഎസ്പി അധികൃതര്‍ ശ്രമിച്ചത്. ആവശ്യത്തിന് രോഗികളില്ലാത്തതിനാല്‍ ആശുപത്രി പൂട്ടണമെന്ന നിലപാടാണ് എംഎസ്പിക്ക്. അങ്ങിനെയെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കേണ്ടിയിരുന്നെന്നും കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റഊഫ്, ജില്ലാ സെക്രട്ടറി ഡോ. കെ ഷംസുദ്ദീന്, ഡോ. പി രാജു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: