മാനന്തവാടി : തിരുനെല്ലി ബ്രഹ്മഗിരി മലയിലെയും തവിഞ്ഞാല്‍ മക്കിമല മുനീശ്വരന്‍കുന്നിലെയും ഇക്കോടൂറിസം പദ്ധതികള്‍ അവസാനഘട്ടത്തില്‍. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള രണ്ടു പദ്ധതികളിലും കുന്നിനു മുകളില്‍ രണ്ടുപേര്‍ക്കു താമസിക്കാവുന്ന അഞ്ചുവീതം കുടിലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുനെല്ലി ബ്രഹ്മഗിരിയിലെ കുടിലുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. പരിസ്ഥിതിയുമായി തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് രണ്ടു മലമുകളിലും ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ബയോടോയ്ലറ്റ്, സോളാര്‍ ലൈറ്റുകള്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സോളാര്‍ വൈദ്യുതി വേലി എന്നിവയും നിര്‍മ്മിച്ചു കഴിഞ്ഞു. ആറുകിലോമീറ്ററോളം വനത്തിലൂടെയുള്ള ട്രക്കിനുശേഷമാണ് ടച്ചുകളിലെത്തുക.ഇവിടെ രാത്രി താമസിക്കാനാണ് കുടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മഗിരിയില്‍ ഉയരത്തിലുള്ള വാച്ചിംഗ് ടവറും നിര്‍മിച്ചിട്ടുണ്ട്. ഇവിടെ നിന്നും കര്‍ണ്ണാടകയിലെ വനമേഖല മുഴുവന്‍ നിരീക്ഷിക്കാന്‍ കഴിയും. വിനോദ സഞ്ചാരികളെ ഇവിടെ എത്തിക്കുന്നതിന് രണ്ടുപേരെ നിയോഗിക്കും. രണ്ടുപേരടങ്ങുന്ന വിനോദസഞ്ചാരികളില്‍ നിന്നും ഭക്ഷണമുള്‍പ്പെടെ 4000 രൂപയാണ് ഈടാക്കുക. ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഇവിടെ ജോലി നല്‍കുക. പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കുടിലിന് രണ്ടുലക്ഷം രൂപ വീതമാണ് നിര്‍മ്മാണത്തിന് ചിലവഴിച്ചത്. വനംവകുപ്പ് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു.
ജില്ലയിലെത്തുന്ന വിദേശികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ ഇവിടേക്കാകര്ഷിക്കുന്നതിനായി ടൂറിസം വകുപ്പുമായി സഹകരണമുറപ്പിക്കും. മണ്‍സൂണ്‍ കാലമൊഴികെയുള്ള സമയങ്ങളിലായിരിക്കും ട്രക്കിംഗും താമസവും അനുവദിക്കുക. നേരത്തെ തിരുനെല്ലി പക്ഷിപാതാളം വരെയുണ്ടായിരുന്ന ട്രക്കിംഗ് ഇപ്പോള്‍ ബ്രഹ്മഗിരി വരെ മാത്രമാണുള്ളത്. ഇവിടെയാണ് വാച്ച് ടവര്‍, താമസസൗകര്യം, സോളാര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്നത്. മക്കിമല മുനീശ്വരന്‍കുന്നിലും നിരവധി സഞ്ചാരികള്‍ ട്രക്കിംഗിനായി എത്തുന്നുണ്ട്. പുതിയ പദ്ധതിതുടങ്ങുന്നതോടെ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: