ഭഗവല്‍ ദര്‍ശനത്തിനും അദ്ദേഹത്തിന്റെ ആപുണ്യഭൂമിയില്‍ ചെന്നെത്തുന്നതിനും തേജോമയമായ ആവിഗ്രഹം കണ്ട് വന്ദിക്കാനാണ് താന്‍ പോകുന്നത് എന്ന ബോധം വേണം. കഴിവിനനുസരിച്ച് സാധിക്കുന്ന ഉപഹാരം അര്‍പ്പിക്കാന്‍ പറ്റിയ ഫലപുഷ്പാദികള്‍ കൈയ്യിലെടുക്കണം.
ദേഹശുദ്ധി വരുത്തണം. പ്രൗഢി കാണിക്കാനല്ല, നഗ്നത മറയ്‌ക്കുവാന്‍ ഉതകുന്ന വസ്ത്രങ്ങളേ ധരിക്കാവൂ. സാധിച്ചാല്‍ ഈറന്‍ വസ്ത്രമാകുന്നത് അധികം നന്ന്. വാഹനത്തില്‍ ഗോപുരനടയ്‌ക്കല്‍ ചെന്ന് ഇറങ്ങുകയല്ലവേണ്ടത്. നടക്കുവാന്‍ സാധിക്കാവുന്നത്ര ദൂരത്തുനിന്ന് നടന്ന് മനസ്സില്‍ ഈശ്വരഭാവനയോടൊപ്പം നാവില്‍ നാമജപത്തോടും അതീവ വിനയത്തോടെ ഒട്ടും ബദ്ധപ്പാടില്ലാതെ നടന്നാണ് ക്ഷേത്രത്തിലേക്ക് ചെന്നത്തേണ്ടത്.
പ്രധാന ഗോപുരദ്വാരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്, പുറത്ത് പ്രദക്ഷിണം വെച്ചു വേണം ചുറ്റമ്പലത്തില്‍ പ്രവശിക്കാന്‍. പിന്നെ തിരുനടയില്‍നിന്ന് ദിവ്യമംഗള സ്വരൂപത്തെ കണ്‍കുളുര്‍ക്കെ കണ്ട് ആനന്ദത്തിന്റെ അശ്രുധാര പൊഴിക്കണം.
തന്റെ ജന്മം സഫലമായി, താന്‍ കൃതാര്‍ത്ഥനായി എന്ന തോന്നല്‍ വരണം. ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ഭഗവദ്ദര്‍ശനത്തിനുശേഷം ചുറ്റമ്പലത്തിലോ മറ്റു സൗകര്യമുള്ള സ്ഥലത്തോ കുറച്ചുനേരം ഇരുന്ന് ധ്യാനിക്കണം. നാമജപം, കീര്‍ത്തനം മുതലായവ നടത്തി, ദണ്ഡ നമസ്‌കാരം നടത്തണം. കുറച്ചുനേരം ഭാഗവതം, രാമായണം, ഗീത മുതലായവ വായിക്കുകയോ പുണ്യാതാമാക്കളുടെ പ്രഭാഷണം കേള്‍ക്കുകയോചെയ്യണം. അതിനുശേഷം അഭിഷേകം ചെയ്ത തീര്‍ത്ഥം, പ്രസാദം, നിവേദ്യം ഇവ അനുഭവിക്കണം.
















