വയനാടന്‍ ജനജീവിതത്തെ എക്കാലത്തും ആഴത്തില്‍ സ്വാധീനിക്കുന്ന പഞ്ചനദികളുടെ സംഗമരൂപമാണ് കിഴക്കോട്ടൊഴുകുന്ന കബനീ നദി.
തെന്നിന്ത്യന്‍ നദീജല രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ കാവേരിയുടെ കേരളത്തിലെ പ്രധാന കൈവഴിയാണ് കബനി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് കരകവിയുകയും വേനലില്‍ കരിഞ്ഞുണങ്ങുകയും ചെയ്യുന്ന നീരൊഴുക്കായി ഇത് മാറിയിട്ടുണ്ട്. രണ്ടുപതിറ്റാണ്ടില്‍ ഏറെയായി തെരഞ്ഞെടുപ്പുകാലത്ത് ഇരുമുന്നണികളുടേയും പ്രകടന പത്രികയിലെ മുഖ്യ ഇനമാണ് കബനി. കബനിക്ക് കുറുകെ കേരളത്തേയും കര്‍ണ്ണാടകത്തേയും ബന്ധിപ്പിക്കുന്ന പാലം പണിയുമെന്നായിരുന്നു ആദ്യ വാഗ്ദാനം.
1994 സെപ്തംബര്‍ 22 ന് അന്നത്തെ കേരളാ മുഖ്യമന്ത്രി കെ.കരുണാകരനും കര്‍ണ്ണാടക മുഖ്യമന്ത്രി എം.വീരപ്പമൊയ്ലിയും ചേര്‍ന്ന് നടത്തിയ ശിലാസ്ഥാപന മാമാങ്കത്തോടെയാണ് തെരഞ്ഞെടുപ്പുകാലത്ത് കബനിയില്‍ രാഷ്ട്രീയ തിരയിളക്കങ്ങള്‍ കണ്ടുതുടങ്ങിയത്. ഇന്നും പണിതുടങ്ങാത്ത ആ സ്വപ്ന പദ്ധതിക്ക് കാലം ഒരുക്കിയ മുദ്രയായി ആ ശിലാഫലകം അവിടെ അവശേഷിക്കുന്നു
ശിലാസ്ഥാപനത്തിന് പത്ത് വര്‍ഷം പൂത്തിയായ 2003-04 ല്‍ വയനാട്ടില്‍ പ്രത്യേകിച്ച് കബനിയുടെ തീരപ്രദേശങ്ങളില്‍ ഉണ്ടായ കൊടും വരള്‍ച്ചയും കൃഷിനാശവും കര്‍ഷക ആത്മഹത്യകളും സജീവമായതോടെ കബനിക്കരയിലെ പാലം ഉപേക്ഷിച്ച മുന്നണി നേതാക്കള്‍ കബനിയിലെ വെളളത്തിന്റെ പേരിലുളള രാഷ്ട്രീയത്തിന് രൂപം നല്കി. പിന്നീട് ഓരോ തെരഞ്ഞെടുപ്പുകാലത്തും കബനിയിലെ ജലം കൃഷിയിടത്തില്‍ എത്തിക്കാനുളള വാഗ്ദാനങ്ങളാണ് മുഴങ്ങിയത്. ഇന്നും ഇത് അനസ്യൂതം തുടരുന്നു. ഇതോടൊപ്പം വേനല്‍ രൂക്ഷമാകുന്ന എല്ലാവര്‍ഷവും ഒരു അനുഷ്ഠാനമെന്നപോലെ കബനിയില്‍ ജനകീയ തടയണയും തീര്‍ക്കും.
മണല്‍ ചാക്കുകള്‍ നിറച്ചാണ് ഈ പ്രതീകാത്മക തടയണ നിര്‍മ്മാണം. 2003-04 കാലത്തെ വരള്‍ച്ചാ കെടുതികള്‍ ഏറെ ഏറ്റുവാങ്ങിയ പുല്‍പ്പളളി- മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തു പരിധികളില്‍ മാത്രം വരള്‍ച്ചാ പ്രതിരോധത്തിന്റെ ഭാഗമായി 51 ചെക്ഡാമുകളാണ് നിര്‍മ്മിച്ചത്. ഇതില്‍ അഞ്ചെണ്ണത്തില്‍ പോലും ഇന്ന് ജലം സംഭരിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ഇവയെല്ലാം വെറു നോക്കുകുത്തികളാണ്. ജലസംഭരണത്തിനുളള ചീപ്പുകള്‍ നശിപ്പിച്ചുകൊണ്ടാണ് ഇതെല്ലാം ഉപയോഗശൂന്യമായത്. ഇന്നും മഴയുടെ പിന്മാറ്റത്തോടെ ഗുരുതരമായ ജലക്ഷാമത്തിന്റെ പിടിയിലാകും ഈ പ്രദേശങ്ങള്‍. ജില്ലയില്‍ ഏറ്റവും അധികം കുഴല്‍ക്കിണറുകളുള്ളത് മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലാണ്.
ജലസംരക്ഷണ പദ്ധതികള്‍ക്കായി ഓരോവര്‍ഷവും കോടികള്‍ ചെലവഴിക്കുന്നതല്ലാതെ ഒരിക്കലും പിന്നീട് അതേക്കുറിച്ച് ആരും അന്വേഷിക്കാത്തതും ജലക്ഷാമം പലര്‍ക്കും ചാകരയാവുകയാണ്. വയനാട്ടില്‍ ജലം സംരക്ഷിക്കാന്‍ വിമുഖത കാണിക്കുന്ന ഈ ജനങ്ങള്‍, കബനിയിലെ ജലമുപയോഗിച്ച് കര്‍ണ്ണാടകയില്‍ ഉണ്ടാകുന്ന കാര്‍ഷിക മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ കൂട്ടത്തോടെ അവിടേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കബനിയിലെ ജലം ഉപയോഗിച്ച് കര്‍ണ്ണാടകയില്‍ ജലവൈദ്യുതപദ്ധതി ഉല്‍പ്പെടെ മൂന്ന് വലിയ ജലസംഭരണികളാണുള്ളത്. ഇവയുടെ സാന്നിധ്യംകൊണ്ട് ജല സമൃദ്ധമാകുന്ന കര്‍ണ്ണാടകയുടെ മണ്ണില്‍ മലയാളികള്‍ പാട്ടകര്ഷകരാവുകയാണ്.
കബനി പിറക്കുന്നു
ലക്കിടി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന ലക്കിടി പുഴയെന്ന പനമരം പുഴയും ബാണാസുരഗിരി നിരകളില്‍ നിന്ന് തുടങ്ങുന്ന മാനന്തവാടി പുഴയും പയ്യമ്പളളിക്ക് സമീപം കൂടല്‍ കടവില്‍ സംഗമിക്കുന്നതോടെയാണ് കബനി പിറക്കുന്നത്. തുടര്‍ന്ന് ബ്രഹ്മഗിരിയില്‍ നിന്നുവരുന്ന തിരുനെല്ലിപ്പുഴയെന്ന ബാവലിപ്പുഴ മീന്മുട്ടി അഥവാ കടഗദ്ദ എന്ന സ്ഥലത്തുവച്ച് കബനിയില്‍ ലയിക്കുന്നു.
ബത്തേരി ചെതലയം പടിപ്പുര പാടശേഖരത്തില്‍ നിന്ന് പുറപ്പെടുന്ന നീരൊഴുക്കുകള്‍ ചെതലയം വനത്തിലെ വെളളച്ചാട്ടവുമായി ചേര്‍ന്ന് പുരാതന ജനവാസകേന്ദ്രമായ കുറിച്യാട് വനഗ്രാമത്തെ വലംവെച്ച് കന്നാരം പുഴയായി കബനിയുടെ കൊളവള്ളിക്കടവില് സംഗമിക്കുന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്ന് ഉത്ഭവിക്കുന്ന പൊന്നേനിപ്പുഴയാണ് വയനാട്ടിലൂടെ കടന്ന് നൂല്പുഴയായി കര്‍ണ്ണാടക വനത്തിലൂടെ കബനിയില്‍ പതിക്കുന്നത്. കര്‍ണ്ണാടകയുടെ നുഗു ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്. ഇങ്ങനെ അഞ്ച് പ്രധാന നദികളും കടമാന്‍തോട് ഉള്‍പ്പെടെയുളള ചെറുതും വലുതുമായ നീരൊഴുക്കുകളുടെയും ആകെത്തുകയാണ് കബനീനദി, ആകെ 210 കിലോമീറ്ററാണ് കബനിയുടെ നീളം. ഇതില്‍ 56 കിലോമീറ്റര്‍ മാത്രമാണ് വയനാട്ടിലൂടെ ഒഴുകുന്നത്.
കാവേരി നദീതടത്തിലേക്ക് കേരളം സംഭാവന ചെയ്യുന്ന 147 ടിഎംസി ജലത്തില്‍ 96 ടിഎംസിയും നല്‍കുന്നത് കബനിയാണ്. 2007 ലെ കാവേരി നദീജല ട്രിബ്യൂണല്‍ വിധിപ്രകാരം തമിഴ്നാടിന് 419 ടിഎംസിയും കര്‍ണ്ണാടകക്ക് 270 ടിഎംസിയും കേരളത്തിന് 30 ടിഎംസിയും പോണ്ടിച്ചേരിക്ക് ഏഴ് ടിഎംസി ജലവുമാണ് അനുവദിച്ചിട്ടുളളത്. കേരളത്തിന് ലഭിക്കുന്ന 30 ല്‍ 21 ടിഎംസിയും കബനിയുടെ വൃഷ്ടി പ്രദേശത്ത് സംരക്ഷിക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ആറ് ടിഎംസി ഭവാനിപുഴയുടെ തീരത്തും മൂന്ന് ടിഎംസി പാമ്പാര്‍ തടത്തിലുമാണ് ഉപയോഗപ്പെടുത്തേണ്ടത്. കബനീതടത്തില്‍ വയനാട് ജില്ലയ്ക്ക് അകത്ത് കാരാപ്പുഴ ജലസേചന പദ്ധതിയില്‍ 2.08 ടിഎംസിയും ബാണാസുര സാഗര്‍ പദ്ധതിയില്‍ 1.7 ടിഎംസിയും മാത്രമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുളളത്. അവശേഷിക്കുന്ന ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിന് പത്ത് പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണനയിലുളളത്.
വന്‍കിട പദ്ധതികളോടുളള തദ്ദേശിയരുടെ എതിര്‍പ്പുമൂലം ഇതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പദ്ധതികള്‍ ഇവയാണ്. നൂല്‍പ്പുഴ പദ്ധതി, മഞ്ചാട്ട് പദ്ധതി, തിരുനെല്ലി പദ്ധതി, പെരിങ്ങോട്ട് പുഴ പദ്ധതി, കള്ളമ്പെട്ടി പദ്ധതി, കടമാന്‍തോട് പദ്ധതി, ചേകാടി പദ്ധതി, ചൂണ്ടാലിപ്പുഴ പദ്ധതി, മാനന്തവാടി പദ്ധതി, തൊണ്ടര്‍നാട് പദ്ധതി എന്നിവയാണിവ. ഇതില്‍ മാനന്തവാടി വിവിധോദ്ദേശ പദ്ധതി ഒഴികെ എല്ലാം ജലസേചന പദ്ധതികളാണ്.
അരനൂറ്റാണ്ടു മുമ്പുവരെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല മല്‍സ്യങ്ങളുടെ കലവറയായിരുന്നു കബനിയെന്ന് വനവാസികളുടെ ഇടയിലെ പഴമക്കാര്‍ പറയുന്നു. ഇന്ന് അതെല്ലാം ഓര്‍മ്മമാത്രം. തെക്കേഇന്ത്യയില്‍ തന്നെ ഒരു നദിയുടെ വൃഷ്ടിപ്രദേശത്ത് ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ മനുഷ്യഗോത്രങ്ങള്‍ തിങ്ങി പാര്‍ക്കുന്നത് വയനാട്ടിലാണെന്ന് മാനന്തവാടി ആസ്ഥാനമായ പരിസ്ഥിതി സംഘടന ബേണ്‍സ് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ശിലായുഗകാലത്തുപോലും ജനവാസമുണ്ടായിരുന്ന നദീതടമാണ് കബനിയെന്ന് ചരിത്രകാരന്മാര് കണ്ടെത്തിയിട്ടുണ്ട്.
ലോകനാഗരികതക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ നദീതടങ്ങളില്‍ ഒന്നാണ് കബനീതടങ്ങളെന്ന് ഇവിടെ പൂത്തുലഞ്ഞ ഗോത്ര നാഗരികതയുടെ ചരിത്ര ശേഷിപ്പുകള്‍ വിളിച്ചോതുന്നുണ്ട്.നിരവധി രാജവംശങ്ങളുടെ ഉദായാസ്തമയങ്ങള്ക്ക് സാക്ഷ്യം വഹിച്ച നദീതടം കൂടിയാണിത്. ഇന്ന് കബനിക്ക് സംഭവിക്കുന്ന രൂപമാറ്റം വയനാടിന്റെ കാലാവസ്ഥയിലുണ്ടാകുന്ന പ്രതികൂല ഭാവമാറ്റങ്ങളുടെ അളവുകോലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: