എത്രമേല്‍ ലളിതം എന്നോമലേ,
ഞങ്ങള്‍ നിന്റച്ഛനുമമ്മയും
നിലവിളക്കും മുല്ലപ്പൂക്കളും
അല്പം തെളിനിലാവും
ചേര്ത്തുരചിച്ചൊരാ
ഹൃദയ ചിത്രത്തെ,
മായ്ചുകളഞ്ഞീടുവാന്…
എത്രമേല്‍ ലളിതം എന്നോമലേ
ഞങ്ങള്‍ നിന്റച്ഛനുമമ്മയും
പേമാരിയിലും തിളവെയിലിലും
തണുത്തുറഞ്ഞും പൊള്ളിത്തിണര്ത്തും
നിനക്കു നീട്ടിയോരു കിണ്ണം
പുത്തരിച്ചോറ്
വലിച്ചെറിഞ്ഞീടുവാന്‍…
എത്രമേല്‍ ലളിതം എന്നോമലേ,
ഞങ്ങളില്‍ കൊട്ടാപ്രത്തുണ്ണി കേറിയും
ചൂണ്ടുവിരലില്‍ തൂങ്ങിയും
വഴുവഴുത്ത വീഥികളും,
കാരമുള്ക്കാടുകളും കടന്ന്
അടിയാഴങ്ങളില്‍ പെരും ചുഴികാണാത്ത
മേല്പ്പാലമേറുമ്പോള്,
കഴുകക്കണ്ണുകള്‍
പതിയിരിക്കുന്ന
ഉത്സവക്കമ്പോളങ്ങളില് നുരയും
ചിത്രശലഭങ്ങളിലേക്കെത്തുമ്പോള്
അമാവാസിയുടെ ഗര്‍ഭത്തിലും കിടന്ന്
കണ്ണ് മുറുക്കെ തെളിഞ്ഞിട്ടു-
ണ്ടെന്നഹങ്കരിക്കുമ്പോള്,
കാതുറക്കെ കേള്‍ക്കുമെന്ന്
അപരിചിതന് പറഞ്ഞത്
ആധാരമായെടുക്കുമ്പോള്‍
എത്രമേല്‍ ലളിതം എന്നോമലേ…
ഈ അച്ഛനുമമ്മയുമൊന്നൊ
ടുങ്ങിയിരുന്നെങ്കിലെന്ന്
ഉറക്കെ പ്രാര്‍ത്ഥിപ്പാന്‍…
എത്രമേല്‍ ലളിതം എന്നോമലേ
എത്രമേല്‍ ലളിതം എന്നോമലേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: