കൊല്ലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ പിടിയിലായി. 250 പൊതി കഞ്ചാവും ബ്രൗണ്‍ ഷുഗറെന്ന് സംശയിക്കുന്ന വെളുത്ത പൊടിയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇരവിപുരം കയ്യാലയ്‌ക്കല്‍ നഗര്‍ 89ല്‍ സലിം(39), മുണ്ടയ്‌ക്കല്‍ ഉദയമാര്‍ത്താണ്ഡം കൊണ്ടയ്യത്ത് പടിഞ്ഞാറ്റതില്‍ ചന്ദ്രന്‍(61), കൊറ്റങ്കര പേരൂര്‍ ചെല്ലം സദനത്തില്‍ രാജേന്ദ്രന്‍(64) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഹൈസ്‌കൂള്‍ ജങ്ഷന് പെട്ടിആട്ടോയില്‍ കഞ്ചാവും മയക്കുമരുന്നും കടത്തുന്നതിനിടെയാണ് അറസ്റ്റ്. മയക്കുമരുന്നിന് അടിമയാണ് പിടിയിലായ സലിം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യത്തിന് അനുസരിച്ച് കഞ്ചാവും ബ്രൗണ്‍ഷുഗറും എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളുടെ തവണവില്‍പനയുടെ മറവിലാണ് ഇയാളുടെ കഞ്ചാവ് വില്പന. സലിമിന് ബ്രൗണ്‍ ഷുഗര്‍ എത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനക്ക് കൊല്ലം സിഐ ബി.സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.പി. ആന്‍ഡ്രൂസ്, വിജയന്‍, ബി.സന്തോഷ്, നിഷാദ്, ശ്രീജയന്‍, വിധുകുമാര്‍, അനീഷ്‌കുമാര്‍, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.
















