ഒരുസ്ഥിതപ്രജ്ഞന്റെ ഹൃദയത്തില്‍ ഞാന്‍ ഈകൃഷ്ണന്‍ മാത്രമേ അധിവസിക്കുന്നുള്ളൂ എന്ന് 61-ാം ശ്ലോകത്തില്‍ -മത് പുരഃ എന്ന പദം കൊണ്ടു പറഞ്ഞുവല്ലോ. ആരീതിയില്‍ ഭക്തന്റെ അന്തഃക്കരണത്തിന് അടിമകളായ ഇന്ദ്രിയങ്ങള്‍ സ്‌നേഹത്തോടെ ഭൗതിക പദാര്‍ത്ഥങ്ങളുടെ സമീപത്തേക്കു പോവുകയില്ല.
അതുകൊണ്ടുതന്നെ അവയോടു ദ്വേഷം തോന്നുകയോ പിന്മാറുകയോ ചെയ്യേണ്ടി വരികയുമില്ല. ഭഗവാനെ സേവിക്കുവാന്‍ ശരീരവും അവയവങ്ങളും നിലനില്‍ക്കണമല്ലോ. അതിനുവേണ്ടിമാത്രം അത്യാവശ്യമായ പദാര്‍ത്ഥങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഭക്ഷണം, വസ്ത്രം, അലങ്കാരങ്ങള്‍, എല്ലാം തന്നെ ഭഗവാന് സമര്‍പ്പിച്ച് പ്രസാദമാക്കി മാറ്റിയതിനുശേഷമേ താന്‍ അനുഭവിക്കുകയുള്ളൂ. ഭഗവാന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കുക നിമിത്തം മായയുടെ ഉല്പന്നമായ സത്വരജസ്തമോഗുണങ്ങള്‍ നീങ്ങുന്നു.
ഭഗവാന്റെ സന്തോഷം കൊണ്ടു ഭൗതിക പദാര്‍ത്ഥങ്ങള്‍ ഭഗവദീയമായിത്തീരുന്നു. അങ്ങനെ ഭഗവദ് പ്രസാദമായി മാറുന്നു. ഭഗവദ് പ്രസാദം മാത്രം അനുഭവിക്കുന്നതുകൊണ്ട് ഭക്തന്റെ ഹൃദയത്തില്‍ എപ്പോഴും സന്തോഷം അലതല്ലുന്നു.
















