ഹേ, വിഭീഷണാ, നിത്യവും വിഷയങ്ങളില്‍നിന്നു വിരക്തനായി, ശാന്തനായി, ഭക്തി മുഴുത്ത് പരിശുദ്ധരായിരിക്കുന്ന ജ്ഞാനികളുടെ ഹൃദയത്തില്‍ ഞാന്‍ സീതയോടൊപ്പമിരിക്കുന്നു. അങ്ങനെയുള്ള എന്നെ എപ്പോഴും ധ്യാനിച്ചുകൊണ്ടിരുന്നാല്‍ നിനക്കു മോക്ഷം കിട്ടുമെന്നതില്‍ സംശയം വേണ്ട.
എന്നെ ആശ്രയിച്ചതിന്റെ ഫലം ഇന്നുതന്നെ നിനക്കുതരുന്നുണ്ട്. എന്നുപറഞ്ഞ് സമുദ്രജലം കൊണ്ടുവന്ന് ലങ്കാരാജാവായി വിഭീഷണനെ അഭിഷേകം ചെയ്യാന്‍ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. വാനരപ്പടയുടെ സാന്നിദ്ധ്യത്തില്‍ സൂര്യചന്ദ്രന്മാരും ആകാശവും ഭൂമിയും രാമകഥയും ഉള്ള കാലത്തോളം നീ ലങ്കേശനായി വാഴുക എന്ന് ശ്രീരാമന്‍ പറഞ്ഞസമയത്ത് ലക്ഷ്മണന്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സൂഗ്രീവനെ ലങ്കേശനായി അഭിഷേകം ചെയ്തു.
ആകാശത്തു നിന്നും ദേവന്മാര്‍ പുഷ്പവൃഷ്ടി നടത്തി. അപ്‌സരസ്സുകള്‍ നൃത്ത ഗീതങ്ങളോടെ ഭഗവാനെ സ്തുതിച്ചു. സുഗ്രീവന്‍ വിഭീഷണനെ മാറോടണച്ചു പുണര്‍ന്നു. വിഭീഷണാ, നമ്മളെല്ലാവരും പരമാത്മാവായ രാമന്റെ ദാസന്മാരാണ്. ഇപ്പോള്‍ നിങ്ങള്‍ ഏറ്റവും പ്രധാനിയായിരിക്കുന്നു. നിങ്ങള്‍ കേവലഭക്തികൊണ്ട് അദ്ദേഹത്തെ ശരണം പ്രാപിച്ചു. ഇനി രാവണനെ നശിപ്പിക്കുന്നതിന് നിങ്ങള്‍ സഹായിക്കും.
















