കല്‍പ്പറ്റ : ഭാരതീയര്‍ക്ക് രാജ്യത്തെവിടെയും ജീവിക്കാന്‍ അവകാശമുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, ലഹരി ഉപയോഗവും പകല്‍സമയങ്ങളില്‍ വീടുകളിലെത്തുന്ന വില്‍പ്പനക്കാരുടെയും ഭിക്ഷാടകരുടെയും വര്‍ദ്ധനവും തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. സംസ്ഥാനത്ത് പല അക്രമ-കൊലപാതക-കഞ്ചാവ്-മയക്കുമരുന്ന് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിയാകുന്നതും വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു.
മുന്‍പ് കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പുകാലത്തുമാത്രമായിരുന്നു അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും തൊഴിലാളികള്‍ വയനാട്ടിലേക്ക് എത്തിയിരുന്നത്. വന്‍കിട തോട്ടങ്ങളിലെ ജോലിക്കുശേഷം സ്വദേശത്തേക്ക് തിരിച്ചുപോവുകയാണ് പതിവ്. ഇതുമാറി ഇപ്പോള്‍ കെട്ടിടനിര്‍മ്മാണരംഗത്തും, റോഡ് പണി, ഹോട്ടല്‍ പണികള്‍, മുറുക്കാന്‍കടകള്‍ തുടങ്ങിയ മേഖലകളിലെ പണികള്‍ക്കുമൊക്കെയായി ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നും ഇവര്‍ കൂട്ടത്തോടെ ടൗണുകളിലെ ലോഡ്ജുകളിലും വാടകമുറികളിലും താമസമാക്കുകയും ചെയ്തു. ഇങ്ങനെ കൂട്ടത്തോടെ താമസമാക്കിയ പല ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവര്‍ ആക്രമണകാരികളാവുന്നതും ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.
പണികഴിഞ്ഞ് തൊഴിലാളികള്‍ താമസസ്ഥലത്ത് തിരിച്ചെത്തുന്നതോടെ പ്രദേശത്ത് പുകവലിയുടെ രൂക്ഷഗന്ധം വമിക്കുന്നതായും കഞ്ചാവോ മറ്റോ അടങ്ങിയതെന്നുസംശയിക്കേണ്ടിയിരിക്കുന്ന ഇത്തരം ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ ടൗണുകളില്‍നി ന്നും സ്ഥലം വിടുന്നത് പതിവാണെന്നും താമാശരൂപേണയാണെങ്കിലും അല്‍പ്പം ഗൗരവത്തില്‍തന്നെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇവര്‍ക്കായി ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിന് ജില്ലയില്‍ വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്. പെട്ടിക്കടകളില്‍നിന്നും ഏജന്റുമാര്‍വഴിയും ഇവര്‍ക്കുള്ള ലഹരിവസ്തുക്കള്‍ ലഭിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ സമസ്ത തൊഴില്‍ മേഖലകളും അന്യ സംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയിലുമാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 മണിവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണെന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലിചെയ്യിക്കുന്നതിന് തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു.
സംസ്ഥാനത്ത് നടന്ന പല കൊലപാതകകേസുകളിലും മോഷണകേസുകളിലും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ചില ക്രിമനലുകള്‍ കാണിക്കുന്ന അക്രമം മറ്റുള്ളവര്‍ക്കും ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. ഇന്ന് സംസ്ഥാനത്ത് മിക്ക തൊഴില്‍മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ എത്ര അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിവില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയ്ക്കെത്തിയാല്‍ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും പേര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നല്‍കുകയും വേണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനനടത്തിയശേഷം ഹെല്‍ത്ത് കാര്‍ഡ് ഓരോ തൊഴിലാളിയും സൂക്ഷിക്കുകയും വേണം. ഇവരെ തൊഴിലിന് കൊണ്ടുവരുന്നവരാണ് ഇത് ചെയ്യേണ്ടത്. അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും ഇവരെ കൊണ്ടുവരുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്കും വേണ്ടത്ര അവബോധമില്ലാത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: