മുക്കം: സംസ്ഥാനത്തെ 28000 ത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ആശാ വര്‍ക്കര്‍മാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നിരവധി തവണ സര്‍ക്കാരിന് മുന്നില്‍ നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും തികഞ്ഞ അവഗണനയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ആശാ വര്‍ക്കര്‍മാര്‍ പറയുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ ചെയ്തു വരുന്നത്. ഒരു സ്ത്രീ ഗര്‍ഭിണിയായത് മുതല്‍ കുഞ്ഞ് ജനിക്കുന്നത് വരെയും പിന്നീട് കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണം ഇവരുടെ ചുമതലയാണ് .ഗര്‍ഭിണികളുടെ മൂന്നാം മാസത്തെ രജിസ്‌ട്രേഷന്‍, അവര്‍ക്ക് അയേണ്‍ ഗുളികകള്‍ മാസാമാസം എത്തിക്കല്‍, യഥാസമയം കുത്തിവെപ്പ് എടുപ്പിക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ ഇവരെ അറിയിക്കുക, പ്രസവശേഷം കുഞ്ഞുങ്ങള്‍ക്കുള്ള കുത്തിവെപ്പെടുപ്പിക്കുക, എന്നിവയും മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഉറവിട മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയെല്ലാം ആശാ വര്‍ക്കര്‍മാരാണ് ചെയ്യുന്നത്. ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വെറും 1000 രൂപയുടെ ഓണറേറിയം മാത്രമാണ്. മാസത്തില്‍ 300 ല്‍ പരം വീടുകളില്‍ കയറി ഇറങ്ങുന്നതിനാണ് ഈ ചെറിയ വേതനം .നേരത്തെ ഏഴു തവണകളിലായി 23 ദിവസത്തെ ട്രെയിനിംഗ് നല്‍കിയിരുന്നതിന് വേതനമായി നല്‍കിയിരുന്ന തുകയും ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രിയുടെ വീടു വളയല്‍ സമരം നടത്തിയതിന്റെ ഭാഗമായി മന്ത്രി പ്രഖ്യാപിച്ച 5000 രൂപ ഓണറേറിയവും ഇതുവരെ നല്‍കിയിട്ടില്ല. ഇത്തരം നിരവധി അവഗണനകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് തുടരുന്ന സാഹചര്യത്തിലാണ് ആശാ വര്‍ക്കര്‍മാര്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം ഓരോ കമ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കു മുന്നിലും സത്യഗ്രഹ സമരം നടത്തുമെന്നും ആശാവര്‍ക്കേഴ്‌സ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു
















