കോഴിക്കോട്: മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 13 മണ്ഡലങ്ങളില്‍ നിന്നുള്ള മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേടുന്ന പരിശീലനത്തിന്റെയും പരിചയത്തിന്റെയും മികവനുസരിച്ചാണ് കാര്യക്ഷമവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് സാധ്യമാവുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ഉദ്ഘാടനം ചെയ്ത ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ് സംസാരിച്ചു.
ഓരോ അസംബ്ലി നിയോജകമണ്ഡലത്തിലും രണ്ടു പേര്‍ വീതം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കും. ആദ്യഘട്ടം ഏപ്രില്‍ 18ന് ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന നിയമന ഉത്തരവില്‍ പരിശീലനസ്ഥലം രേഖപ്പെടുത്തും. സുഗമമമായ പോളിങ് ഉറപ്പുവരുത്താനും വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രങ്ങള്‍ (വി.പി.പി.എ.ടി) പരിചയപ്പെടാനും അവ നേരിട്ട് കൈകാര്യം ചെയ്യാനുമുള്ള പരിശീലനം ഇതിലൂടെ ലഭിക്കും.
പരിശീലന ക്ലാസിന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഓഫ് പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സി.കെ വിജയകുമാര്‍, കലക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















