സത്യത്തില്‍, സൗദിയറേബ്യ മോദിയറേബ്യയായി മാറുകയായിരുന്നു. അങ്ങനെയാണ് മോദി മാജിക്. അദ്ദേഹം രാജ്യങ്ങള്‍ കീഴടക്കിക്കൊണ്ടേയിരിക്കുന്നു, ഭൂമി വെട്ടിപ്പിടിച്ചല്ല, ഹൃദയങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട്. ഒരുപക്ഷേ, അടല്‍ബിഹാരി വാജ്പേയി കഴിഞ്ഞാല്‍ ജനഹൃദയങ്ങളില്‍ ഇത്രത്തോളം സ്നേഹപൂര്‍ണ്ണമായ ഇടം നേടിയ ജനനേതാവ് വേറേ ഇല്ല.
ഭാരതപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണശേഷിയും രാഷ്ട്രീയ ശക്തിയും തിരിച്ചറിഞ്ഞ് സൗദി അറേബ്യ അദ്ദേഹത്തിന് ആ രാജ്യത്തിന്റെ പരമോന്നത പൗര ബഹുമതി നല്കി ആദരിച്ചു. ആ ആദരവും ബഹുമാനവും എത്രമാത്രം ശക്തമാണെന്ന് തിരിച്ചറിയാന്‍ ഭാരതത്തില്‍ നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിനോട് സൗദി സന്ദര്‍ശനവേളയില്‍ അസൂയക്കാര് പ്രകടിപ്പിച്ച വികാരം നോക്കിയാല്‍മതി. പ്രത്യേകിച്ച് കേരളത്തിലെ ചില മാധ്യമങ്ങളും ‘നിഷ്പക്ഷ’ മാധ്യമ പ്രവര്‍ത്തകരും കാണിച്ച അസഹിഷ്ണുതകള്‍. ചിലര്‍ മാത്രം സത്യംവിളിച്ചു പറഞ്ഞു, സോഷ്യല്‍ മീഡിയകളിലൂടെ.
അതിലൊരാള്‍ പറഞ്ഞു, അറബിനാട്ടില്‍ അടിമകളെ പോലെ ജോലിചെയ്യുന്ന ഞങ്ങള്‍ക്ക് ഒരു അഡ്രസ് ഉണ്ടാക്കിത്തന്നു മോദി. സ്വന്തക്കാരും ബന്ധുക്കളും പോലും ഞങ്ങളെക്കുറിച്ച് അന്വേഷിക്കാത്ത കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ഞങ്ങളുടെ പ്രധാനമന്ത്രി. മതാചാരങ്ങളുടെ ഭാഗമായി മാത്രം ഉത്സവവേളകളില്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം പങ്കുവെച്ച കഥകളേ മറ്റു പല നേതാക്കള്‍ക്കും പറയാനുണ്ടാവു, നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഞങ്ങളോടൊപ്പം ഒന്നിച്ചുണ്ടു. അതെ മോദി കീഴടക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ ഇങ്ങനെ കീഴ്വഴക്കങ്ങള് പലപ്പോഴും തെറ്റുക പതിവാണ്. മറ്റൊരു ലോകരാഷ്ട്ര നേതാക്കള്‍ക്കും കിട്ടാത്ത ആദരം നേടിയാണ് ആ സന്ദര്‍ശനങ്ങള്‍ പൂര്‍ണമാവുക. മോദിയുടെ സൗദി സന്ദര്‍ശനത്തിലും അതിന് മാറ്റമുണ്ടായില്ല. ആവേശകരമായിരുന്നു അവിടെ ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സ്വീകരണം. സൗദി അറേബ്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാകും എന്ന സൂചനകള്‍ നല്‍കിയാണ് ആ സന്ദര്‍ശനം അവസാനിച്ചതും.
നരേന്ദ്രമോദിയെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സമൂഹമാധ്യമങ്ങള്‍ പോലും മത്സരത്തിലായിരുന്നു. സൗദിയിലെ നിരത്തുകളില്‍ ഭാരതപതാകകള്‍ ഉയര്‍ന്നു. വിദേശരാജ്യ നേതാക്കള്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവിടെ പതാക ഉയര്‍ത്തുന്നതെല്ലാം പതിവാണ്. എന്നാല്‍ അവിടുത്തെ ജനങ്ങള്‍ ഒന്നാകെ ഒരു രാഷ്ട്രനേതാവിനെ സ്വാഗതം ചെയ്യുക എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നാണ്. അധികാരത്തിലെത്തി ആദ്യമായാണ് മോദി സൗദി സന്ദര്‍ശിക്കുന്നത്. അറബ് മാധ്യമങ്ങള്‍പോലും അദ്ദേഹത്തിന്റെ സന്ദര്‍ശനം വന്‍ പ്രാധാന്യത്തോടെയാണ് നല്കിയതും.
അദ്ദേഹത്തിന്റെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിങാണ് അവര്‍ നടത്തിയതും. ഇതിനായി പേജുകള്‍ തന്നെ അവിടുത്തെ മാധ്യമങ്ങള്‍ മാറ്റിവയ്ക്കുയും ചെയ്തു. ഫേസ്ബുക്കിലും ട്വിറ്ററിലും എല്ലാം മോദി നിറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന സന്ദര്‍ശനത്തിലൂടെ നയതന്ത്ര, നിക്ഷേപ,വ്യാപാര മേഖലയില്‍ സുപ്രധാന നേട്ടങ്ങളിലേക്കുള്ള വഴി തെളിയിക്കുവാനും അദ്ദേഹത്തിനായി. അതെല്ലാം ഔദ്യോഗിക പക്ഷം.
ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന രാജ്യമാണ് സൗദി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഇരുകൂട്ടര്‍ക്കും സാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഭീകരവാദത്തിന് മതമില്ല എന്ന തന്റെ എക്കാലത്തേയും നിലപാട് സൗദിയിലും മോദി ആവര്‍ത്തിച്ചത്. മാനവികതയുടെ മുഴുവന്‍ ശത്രുവാണ് ഭീകരവാദമെന്നും മോദി ഓര്‍മിപ്പിച്ചു. ഭീകരവാദത്തിന്റെ ഇരകളാണ് ഭാരതവും സൗദിയെന്നും ഭീകരവാദത്തില്‍ നിന്നും മതത്തെ വേര്‍തിരിക്കുകയാണ് വേണ്ടതെന്നും മോദി പറയുന്നു. ഭീകരവാദത്തിന്റെ വേരുകള്‍ ഉന്മൂലനം ചെയ്യുന്നതില്‍ സൗദി അറേബ്യ മാതൃകയാണെന്നും അദ്ദേഹം പറയുമ്പോള്‍ ഭാരതവും സൗദിയും ഭീകരവാദത്തിനെതിരെ ഒരേപാതയില്‍ സഞ്ചരിക്കുന്ന രാജ്യങ്ങളാണെന്ന് വ്യക്തമാകും.
സുപ്രധാനമായ അഞ്ച് കരാറുകളിലാണ് ഭാരതവും സൗദിയും തമ്മില്‍ ഒപ്പുവച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് ഇത്തരത്തിലുള്ള കരാറുകള്‍ അനിവാര്യമാണ്. അത് എല്ലാക്കാലത്തും ഉണ്ടായിട്ടുമുണ്ട്. പക്ഷേ ചെന്നെത്തുന്ന രാജ്യത്തെ ജനങ്ങളുടെയെല്ലാം ഹൃദയം കീഴടക്കുകയെന്നത് അത്ര സുഗമമല്ല. അതിന് ജനവികാരം മനസ്സിലാക്കാനുള്ള മികവ് ഭരണാധികാരിക്കുവേണം. അതാണ് മോദിയെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നതും. മോദി ഒരു വികാരമായി മാറുന്നതും. അവിടെയാണ് മോദിയുടെ മാനവിക പക്ഷം.
സൗദിയില്‍ നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളിലെല്ലാം ഉയര്ന്നുകേട്ടതാവട്ടെ മോദി മോദിയെന്ന ആര്‍പ്പുവിളികളും ഭാരത് മാതാ കീ ജയും. ഭാരതത്തില്‍ ഇന്ന് ആസാദി ആസാദി എന്ന് വിളിക്കണോ അതോ ഭാരതമാതാവിന് ജയ് വിളിക്കണോ എന്ന തര്‍ക്കം കത്തിപ്പടരുമ്പോള്‍ അങ്ങ് സൗദിയില്‍ ഭാരതീയരെല്ലാം ഉറക്കെവിളിച്ചതാകട്ടെ ഭാരത് മാതാ കീ ജയ് എന്നും. ഭാരതം വിട്ട് അന്യരാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭാരതം എന്നത് എന്നും സ്വര്‍ഗതുല്യമാണ്. രാഷ്ട്രത്തലവന്മാര് തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കപ്പുറം സൗദിയിലെ ഭാരതീയരെ നേരിട്ടുകണ്ട് അവരുമായി അല്പസമയം ചെലവഴിക്കുന്നതിനും നരേന്ദ്രമോദി തയ്യാറായി. മുമ്പെങ്ങും അത്തരത്തിലൊരു അനുഭവം അവിടുത്തെ പ്രവാസികള്‍ക്ക് ഉണ്ടായിട്ടുമില്ല.
റിയാദിലെ എല്‍ ആന്‍ഡ് ടി ജീവനക്കാരുടെ റസിഡന്‍ഷ്യല്‍ കോംപ്ലക്സിലെത്തി അവര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടും ആശയവിനിമയം നടത്തിയും മോദി അവരിലൊരാളായി മാറി. തന്റെ അനുഭവം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഒരുമിച്ചുള്ള ഭക്ഷണം, ഓരോരുത്തരുടേയും ചിന്തയും അനുഭവവും കേള്‍ക്കുക എന്നാണ് ട്വിറ്ററിലൂടെ നരേന്ദ്രമോദി പ്രതികരിച്ചത്. സാധാരണക്കാരിലേക്കും ഇറങ്ങിച്ചെല്ലുന്ന പ്രധാനമന്ത്രിയെയാണ് അവിടെ കണ്ടത്.
റിയാദിലെ ടിസിഎസ് ട്രെയിനിങ് സെന്ററും മോദി സന്ദര്‍ശിച്ചു. ഭാരത പ്രധാനമന്ത്രിയെ വരവേല്ക്കുവാന് അവിടുത്തെ വനിതാ ജീവനക്കാര്‍ ആകാംക്ഷയോടെയാണ് കാത്തുനിന്നത്. സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള ടിസിഎസ് ഐടി കേന്ദ്രത്തില്‍ 85 ശതമാനം ജീവനക്കാരും സൗദി പരന്മാരാണ്. ഇവിടെയെത്തിയ മോദിയെ ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് ജീവനക്കാര്‍ എതിരേറ്റത്. ജീവനക്കാരെ ഭാരതത്തിലേക്ക് ക്ഷണിക്കാനും ഭാരതത്തില്‍ അവരെ കാത്തിരിക്കുന്ന സ്വീകരണത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നില്ല. അവരോടൊപ്പം സംവദിച്ചും, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവരെ നിരാശപ്പെടുത്താതെയും നാല്പത് മിനിട്ടാണ് അവിടെ ചിലവഴിച്ചത്.
1000 സ്ത്രീ ജീവനക്കാരാണ് ടിസിഎസിലുള്ളത്. ലോകത്തിന് ശക്തമായൊരു സന്ദേശം നല്‍കാനുള്ള ആര്‍ജ്ജവമാണ് തനിക്കിവിടെ കാണാന്‍ സാധിച്ചതെന്നാണ് ടിസിഎസ് സന്ദര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത്. ലോകത്ത് ഇന്ന് ശക്തമായ മത്സരമാണ് നടക്കുന്നത്. മാനവശേഷിക്ക് ഇവിടെ വലിയൊരു പങ്കാണ് വഹിക്കാനുള്ളത്. സ്ത്രീകളുടെ കഴിവിനെക്കൂടി വികസനപ്രക്രിയയുമായി ബന്ധിപ്പിക്കാന്‍ സാധിക്കണം. അങ്ങനെയാണെങ്കില്‍ എല്ലാ രാജ്യങ്ങള്‍ക്കും വേഗത്തിലുള്ള പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും മോദി പറയുമ്പോള്‍ അത് സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ചിന്ത കൂടിയാണെന്ന് വ്യക്തം.
ഏത് രാജ്യം സന്ദര്‍ശിച്ചാലും ആ രാജ്യവുമായി ബന്ധമുള്ള ഏതെങ്കിലും സമ്മാനം നല്‍കുക എന്നതും മോദിയുടെ പതിവാണ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജൂമാ മസ്ജിന്റെ സ്വര്‍ണ മാതൃകയാണ് മോദി സൗദി ഭരണാധികാരി സല്മാന് ബില്‍ അബ്ദുള്‍ അസീസിന് നല്‍കിയത്.
അതെ മോദി ചെല്ലുന്നു, ചെല്ലുന്നിടം കീഴടക്കുന്നു. മോദിയിലേക്കു ചെല്ലുന്ന ഹൃദയങ്ങള്‍ മോദി വശത്താക്കും. അല്ലെങ്കില്‍ മോദി ആ ഹൃദയങ്ങളിലേക്കു കടന്നിരിക്കും. കര്‍ത്തവ്യങ്ങളെക്കുറിച്ച് കൃത്യമായ ബോധമുള്ള നേതാക്കള്‍ അങ്ങനെയാണല്ലോ…..
സൗദി സന്ദര്‍ശനം നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
$ഭാരതത്തില്‍ നിന്നും സൗദിയില്‍ എത്തുന്ന ഭാരതീയരായ തൊഴിലാളികള്‍ക്കെല്ലാം സൗജന്യ പ്രീ പെയ്ഡ് സിം കാര്‍ഡ്.
$പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്പ് ലൈന്‍ സംവിധാനം.
$റിയാദിലും ജിദ്ദയിലും വര്‍ക്കര്‍ റിസോഴ്സ് സെന്ററുകള്‍
$വെബ് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സഹായം
$വ്യാപാരം, തൊഴില്‍, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തല്‍
$ഭീകരവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചും ഉള്ള രഹസ്യവിവരങ്ങളും പരസ്പരം കൈമാറാന്‍ ധാരണ.
$ഭാരതത്തില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് തൊഴില്‍ സുരക്ഷ
$പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍.
$കരകൗശല മേഖലയിലെ സഹകരണം
സൗദിയുടെ പരമോന്നത ബഹുമതി സമ്മാനം
മോദിയുടെ സൗദി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് ഉറപ്പ്. അദ്ദേഹത്തിന് അവിടെ ലഭിച്ച രാജകീയമായ സ്വീകരണം തന്നെ അതിനുദാഹരണം. സൗദി രാജാവ് റിയാദിലെ തന്റെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ആ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയും നല്‍കിയാണ് മോദിയെ ആദരിച്ചത്. ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുലസീസ് അല്‍ സൗദിന്റെ പേരിലുള്ള കിങ് അബ്ദുലസീസ് സാഷ് ബഹുമതി പത്രവും ഔദ്യോഗിക ചിഹ്നവും അടങ്ങുന്നതാണ് ഇവിടുത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരം. ഏറ്റവും പ്രധാനപ്പെട്ട വ്യക്തിക്കാണ് പുരസ്കാരം സമ്മാനിക്കുക. മറ്റൊരു ഭാരതീയനും ഇതിന് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: