ആലപ്പുഴ: വഞ്ചിവീട്ടില്‍ സവാരിക്കെത്തിയ വിദേശ വനിതയെ അപമാനിച്ച കേസ്സില്‍ വഞ്ചിവീട്ടിലെ പാചകക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൈനകരി കിഴക്ക്, കാഞ്ഞിരംവെളിയില്‍ ആന്റണി ജോസഫ് മകന്‍ 42 വയസ്സുളള സേവ്യര്‍ ആന്റണിയെയാണ് ആലപ്പുഴ ഡി.വൈ.എസ്.പി എം.ഇ ഷാജഹാന്റെ നിര്‍ദേശാനുസരണം ആലപ്പുഴ നോര്‍ത്ത് സി.ഐ വി.ബാബു, എസ്.ഐ പ്രമോദ് എന്നിവരടങ്ങുന്ന പോലീസ് സംഘം 05.04.2016 തീയതി രാത്രി പുന്നമടയ്‌ക്ക് സമീപം വച്ച് അറസ്റ്റ് ചെയ്തത്. ആസ്‌ട്രേലിയയില്‍ നിന്ന് എത്തിയ യുവതിയും, സുഹൃത്തും രണ്ട് ദിവസത്തേക്കാണ് സ്വകാര്യ ടൂറിസം സ്ഥാപനം വഴി വഞ്ചിവീട് വാടകയ്‌ക്കെടുത്തിരുന്നത്. രണ്ടാംദിവസം വൈകിട്ട് 7 മണിയോട് കൂടി വഞ്ചിവീട്ടിലെ അടുക്കളയ്‌ക്ക് സമീപം വെച്ച് വിദേശ യുവതിയെ പ്രതി കടന്ന് പിടിക്കുകയും, ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ടി യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും, തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















