കല്‍പ്പറ്റ : വയനാടിന്റെ വിവിധഭാഗങ്ങളില്‍ മത്സ്യകൃഷിക്കുള്ള കുളം നിര്‍മാണത്തിനു മറവില്‍നടത്തുന്ന മണല്‍ക്കൊള്ള വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അശാസ്ത്രീയവും അനിയന്ത്രിതവുമായ മണലൂറ്റ് കൊടിയപരിസ്ഥിതിനാശത്തിനുപുറമേ സ ര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെവരുമാനനഷ്ടത്തിനും കാരണമാകുകയാണ്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ജില്ലയില്‍ വ്യാപകമായി മണല്‍ക്കൊള്ള. ഇതിന്റെ ഒടുവിലുത്തെ ഉദാഹരണങ്ങളാണ് ബത്തേരി അമ്മായിപ്പാലത്തും മുട്ടില്പഞ്ചായത്തിലെ കൊളവയലിലും നടന്ന മണലെടുപ്പ്. രാഷ്ട്രീയ മേലാളരേയും ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ചും പ്രലോഭിച്ചും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖള്‍ ഉപയോഗപ്പെടുത്തിയാണ് മത്സ്യകൃഷിയുടെ മറവില്‍ മണല്‍ ഖനനം. ഇതിനെതിരെ ഉയരുന്ന പരാതികളില്‍ പഴുതടച്ച അന്വേഷണത്തിനു റവന്യൂ-ജിയോളജി വകുപ്പുകള്‍ തയാറാകുന്നില്ല.
മണല്ലോബികളെസഹായിക്കുന്ന നിലപാടാണ് തദ്ദേശസ്ഥാപന സാരഥികളും സ്വീകരിക്കുന്നത്. അമ്മായിപ്പാലത്തേയും കൊളവയലിലേയും മണല്‍ക്കൊള്ള സാമൂഹികപ്രവര്‍ത്തകരില്‍ ചിലരാണ് മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത്. ദീര്‍ഘകാലമായി രണ്ടിടങ്ങളിലും നടക്കുന്ന മണലെടുപ്പ് ശ്രദ്ധയി ല്പ്പെട്ടില്ലെന്ന അധികാരികളുടെ നിലപാട് പരിഹാസ്യമാണ്. കൊളവയലിലെ മണല്‍ക്കൊള്ളയ്ക്കെതിരെ മീനങ്ങാടി പോലീസ് നടപടിക്ക്മുതിര്ന്നെങ്കിലും അതും സാങ്കേതികമായി നിലനില്‍ക്കില്ലെന്ന സ്ഥിതിയിലാണ്.
കൊളവയലില്‍ മണല്‍ഖനനം നടക്കുന്നതിന്റെ 50മീറ്റര്‍ അകലെയാണ് പുഴ. മണല്‍ കടത്തുന്നതിനു പുഴയുടെ തിട്ടയിടിച്ച് വഴി നിര്‍മിക്കുന്നതിനു മുട്ടില്‍ പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്. മണല്‍ക്കടത്തിനു ഒരു ലക്ഷം രൂപ റോയല്‍റ്റി വാങ്ങിയ ജിയോളജി വകുപ്പ് ഏകദേശം ഒരു കോടി രൂപയുടെ മണല്‍ കടത്താന്‍ ഒത്താശ ചെയ്തിട്ടുണ്ട്. മണല്‍ ഖനനത്തിനും കടത്തിനും അനുമതി നല്കുന്നതില് അധികാര ദുര്‍വിനിയോഗവും അഴിമതിയും പകല്‍പോലെ വ്യക്തമാണ്. ഇത് തുറന്നുകാണിക്കുന്നതിനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിര്‍ത്തുന്നതിനും സമഗ്രാന്വേഷണം അനിവാര്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷനായിരുന്നു. സെക്രട്ടറി തോമസ് അമ്പലവയല്‍, പി.എം. സുരേഷ്, ബാബു മൈലമ്പാടി, എം.ഗംഗാധരന്, ബി. ഗംഗാധരന്, ഷൈലേന്ദ്രബാബു, ഗോകുല്‍ദാസ് തൊടുവട്ടി, വി.എം. രാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: