പുനലൂര്‍: കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന പുനലൂര്‍ നഗര മധ്യത്തില്‍ ദാഹജലം നല്‍കി മാതൃകയാകുകയാണ് നഗരത്തിലെ സ്വകാര്യ ഫൈനാന്‍സ് ഉടമ. നഗരത്തിലെത്തുന്ന ഏതൊരാള്‍ക്കും ഇവിടെ നിന്നും ശുദ്ധമായ മോരുംവള്ളം ലഭിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ദാഹജലവിതരണം 12 മണിവരെയാണ് ഉള്ളത്. ഈ സമയം ഈ സ്ഥാപനത്തിന് മുന്നില്‍ കൂടി കടന്നുപോകുന്ന ഏവര്‍ക്കും കുളിര്‍മ നിറഞ്ഞ മോരും വെള്ളം യഥേഷ്ടം സൗജന്യമായി ലഭിക്കും.
സ്ഥാപനത്തിന്റെ നൂറാംവാര്‍ഷികം പ്രമാണിച്ചാണ് സൗജന്യ ദാഹ ജലവിതരണം. ദാഹജലം ഇവിടെ നിന്നും ലഭിക്കും എന്നറിയിക്കാന്‍ മൈക്ക് അനൗന്‍സ്‌മെന്റുമുണ്ട്. മാര്‍ച്ച് 31ന് രാവിലെ 10ന് നഗരസഭ ചെയര്‍മാനാണ് ദാഹജലവിതരണം ഉദ്ഘാടനം ചെയ്തത്.
നഗരത്തില്‍ 40-42 ഡിഗ്രി ചൂടേറുമ്പോള്‍ നഗരത്തിലെത്തുന്നവര്‍ക്ക് ആശ്വാസമേകുകയാണ് ഈ ദാഹജല വിതരണം. നഗരത്തില്‍ ഇളനീരിനും ജ്യൂസിനങ്ങള്‍ക്കും വന്‍ചാര്‍ജ്ജ് ഈടാകുമ്പോള്‍ സാധാരണകാര്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ് ഈ ദാഹജലവിതരണം. ദിവസവും ആയിരകണക്കിനാളുകളാണ് ഇവിടെ എത്തുന്നതെന്നും സ്ഥാപനഉടമ പറയുന്നു. നഗരത്തിലെ ശീതളപാനിയ കടകളിലും വഴിയോരകച്ചവടക്കാര്‍ക്കും ഇത് ചാകരകാലമാണ്. ചൂടിന്റെ കാഠിന്യമേറുന്നതോടെ പഴവര്‍ഗങ്ങളുടെയും ജ്യൂസിന്റെയും വില ഇപ്പോഴുള്ളതിലും കൂടുതല്‍ നല്‍കേണ്ടിവരുമെന്ന് ഇവര്‍ തന്നെ പറയുന്നുണ്ട്.
















