കല്പറ്റ: പോലീസിനെ വെള്ളം കുടിപ്പിച്ച് പിക്കപ്പ് വാൻ ഓടി.ഒടുവില്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു . ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംഭവം. തമിഴ്നാട്ടിൽ നിന്ന് വൈത്തിരിയിലെത്തിയപ്പോൾ മുതൽ തമിഴ്നാട് രജിസ്ട്രേഷനുള്ള പിക്കപ്പുവാനിന്റെ പിന്നാലെ പോലീസ് കൂടി.വാഹനം മോഷ്ടിച്ചതെന്നു പറയുന്നു .
വൈത്തിരി പോലീസിന് ചേരമ്പാടി പോലീസിൽ നിന്നു ലഭിച്ച വിവരമനുസരിച്ച് അവർ പിക്കപ്പുവാൻ വരാൻ കാത്തുനിന്നു. ശരവേഗത്തിൽ വന്ന വാനിന്റെ പിന്നാലെ കൂടിയ വൈത്തിരി പോലീസിന് കല്പറ്റയിൽ വെച്ച് വാനിനെ കയ്യെത്തും ദൂരത്ത് കിട്ടി. എന്നാൽ പിടിക്കാനായില്ല. അടുത്തത് കമ്പളക്കാട് പോലീസിന്റെ ഊഴമായിരുന്നു. അവിടെയും അമിതവേഗവും അഭ്യാസവും പ്രകടിപ്പിച്ച് ഡ്രൈവർ കടന്നു. പിന്നെ മീനങ്ങാടി പോലീസിനായിരുന്നു അവസരം. അവർ മീനങ്ങാടി ടൗണിനു സമീപം കാത്തുനിന്നു. വണ്ടി കണ്ടു. എന്നാൽ പിടിക്കാനായില്ല. കൊളഗപ്പാറയിൽ തൊട്ടു തൊട്ടു എന്ന നിലയിലായി. അടുത്ത ഊഴം ബത്തേരി പോലീസിന് ലഭിച്ചു. അവർ ബീനാച്ചിയിൽ കാത്തു നിന്നു. അവിടെയും നിന്നില്ല. ബത്തേരി അങ്ങാടിയെ ഭീതിയിലാഴ്ത്തി പിക്കപ്പുവാൻ അഭ്യാസം തുടർന്നു. വാഹനത്തിന്റെ വരവു കണ്ട മറ്റുവാഹനങ്ങൾ അരികിലേക്കു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ബത്തേരി ടൗണിൽ നിന്ന് വാഹനം അതിവിദഗ്ധമായി തിരിച്ച് ബീനാച്ചി ഭാഗത്തേക്കു തന്നെ വന്നു. അവിടെ നിന്ന് പനമരം റോഡിലേക്കു തിരിഞ്ഞു. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ പിക്കപ്പ് വാനെ കല്ലെറിഞ്ഞു. വാഹനത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു. എന്നിട്ടും വണ്ടി നിർത്തിയില്ല. പനമരം റോഡിൽ മന്ദൻകൊല്ലി ഇറക്കത്തിൽ വണ്ടി നിയന്ത്രണം വിട്ടുമറിഞ്ഞു. മറിഞ്ഞ വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയും ചെയ്തു. വൈകുന്നേരത്തോടെ തമിഴ്നാട് പോലീസ് വയനാട്ടിലെത്തി. വാഹനം മോഷ്ടിച്ചതാണെന്നു കരുതുന്നു. മറിഞ്ഞ വാഹനത്തിൽ നിന്ന് തെളിവൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: