ആറന്മുള : പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചിപ്പാട്ട് കളരിക്ക് അഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികളൊരുക്കിയ വഞ്ചിപ്പാട്ടിന്റെ ശബ്ദ വൈഖരിയില്‍ സമാപനമായി. സമാപനത്തിന്റെ ഭാഗമായി തിരുവാറന്മുളയപ്പനെ സ്തുതിച്ചുകൊണ്ട് പുതുതലമുറ കാഴ്ചവച്ച വഞ്ചിപ്പാട്ട് പ്രദര്‍ശനവും പള്ളിയോട സംസ്കാരത്തിന്റെ ഭാവിയുടെ ചൂണ്ടുപലകയായി മാറി. ഓരോ മേഖലയുടെയും വഞ്ചിപ്പാട്ട് പ്രദര്‍ശത്തിന് പുറമേ മുഴുവന്‍ വിദ്യാര്‍ഥികളും സമാപനത്തിന് നാന്ദി കുറിച്ച് ഒരേ താളത്തില്‍ ഒരുമയോടെ വഞ്ചിപ്പാട്ട് പാടിയതോടെ പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പാഞ്ചജന്യം ഓഡിറ്റോറിയം ഫലത്തില്‍ ഒരു ജലമേളയുടെ ഓര്‍മ്മപുതുക്കലായി മാറി.
പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരിയുടെ സമാപന സമ്മേളനം പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന് പിള്ള ഉദ്ഘാടനം ചെയ്തു. ആറന്മുള വള്ളംകളിയുടെ തനിമയുടെ അവിഭാജ്യഘടകമാണ് വഞ്ചിപ്പാട്ടുകളെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ട് രീതി നിലനിര്‍ത്തപ്പെടേണ്ടത് ഈ പള്ളിയോട സംസ്കാരത്തിന്റെകൂടി ഭാഗമാണ്. ഇതിനുവേണ്ടി പള്ളിയോട സേവാസംഘം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ കരക്കാരും നില്ലോഭമായ സഹകരണമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റും വഞ്ചിപ്പാട്ട് കളരിയുടെ ജനറല്‍ കണ്‍വീനറുമായ കെ പി സോമന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘം ഭാരവാഹികളായ പി ആര് രാധാകൃഷ്ണന്, കൃഷ്ണകുമാര്‍ കൃഷ്ണവേണി, രാഹുല്‍രാജ്, വഞ്ചിപ്പാട്ട് കളരി മേഖല കണ്‍വീനര്‍മാരായ സി കെ ഹരിശ്ചന്ദ്രന്, ആര് ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വഞ്ചിപ്പാട്ട് കളരിക്ക് നേതൃത്വം നല്കിയ ഗുരുക്കന്മാരായ ദാമോദരന്‍ നായര്‍ ഇടപ്പാവൂര്‍, ശശിധരന് നായര്‍ മേലുകര, മധുസൂദനന് പിള്ള ഇടയാറന്മുള, പ്രഫ. രാധാകൃഷ്ണന് നായര്‍ ഇടനാട്, ഇ ആര് രാധാകൃഷ്ണന് കടപ്ര, പി ആര് വിജയന് നായര്‍, സനല്‍കുമാര്‍ നെല്ലിക്കല്‍, സോമശേഖരന്‍ നായര്‍ കീഴ്വന്മഴി എന്നിവരെ ആദരിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ചെറുകോല്‍ എന്‍എസ് കരയോഗം ഹാളില്‍ കിഴക്കന്‍ മേഖലയിലെ പള്ളിയോട കരകള്‍ക്കും ചെങ്ങന്നൂര്‍ നരസിംഹസ്വാമി ക്ഷേത്ര ഹാളില്‍ പടിഞ്ഞാറന്‍ മേഖലയിലെ പള്ളിയോട കരകള്‍ക്കും ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ മദ്ധ്യമേഖലയിലെ പള്ളിയോട കരകള്‍ക്കും പരിശീലന കളരി നടത്തിയിരുന്നു. മൂന്ന് മേഖലകളിലുമായി 472 വിദ്യാര്‍ഥികളാണ് പരിശീലനത്തിനെത്തിയത്. കുചേലവൃത്തം, ഭീഷ്മപര്‍വ്വം തുടങ്ങി നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടുകളും പകാരാദി സ്തുതി, വച്ചുപാട്ട്, വള്ളസദ്യപ്പാട്ടുകള് എന്നിവയും വഞ്ചിപ്പാട്ട് ഗുരുക്കന്മാര് നാല് ദിവസമായി നടന്ന കളരിയില്‍ പരിശീലിപ്പിച്ചു.ഓരോ കരയില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കി മൂന്ന് മേഖലകളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികളുടെ വഞ്ചിപ്പാട്ട് പ്രദര്‍ശനവും സമാപനത്തിന്റെ ഭാഗമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: