കോറോം : പന്നിത്തീറ്റയെന്ന വ്യാജേന ചുരംകയറി കോഴിമാലിന്യവുമായി അന്യജില്ലാ വാഹനങ്ങള്‍ തൊണ്ടര്നാടെത്തിയാല് പണി കിട്ടുമെന്ന് ഉറപ്പ്. ഇത്തരം വാഹനങ്ങളെ കണ്ട് കെട്ടാനും വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് പഞ്ചായത്തിന്റെ തീരുമാനം.
കഴിഞ്ഞ ആഴ്ച കരിമ്പില്‍ തോടില്‍ മാലിന്യം നിക്ഷേപിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് തൊണ്ടര്‍നാട് പഞ്ചായത്ത് മാലിന്യനിക്ഷേപത്തിനെതിരെ നടപടികളുമായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്ത് ആരോഗ്യവകുപ്പ് പ്രതിനിധികളുടെയും പൊലീസിന്റെയും യോഗം വിളിച്ച് ചേര്‍ത്തു.
ഈ യോഗത്തിലാണ് കോഴിമാലിന്യവുമായെത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 15 മുതല്‍ നിരവില്‍പ്പുഴ ചെക് പോസ്റ്റില്‍ ഇത്തരം വാഹനങ്ങളെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടയുമെന്നും വാഹനം കണ്ട് കെട്ടി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎ ബാബു പറഞ്ഞു. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് തൊണ്ടര്‍നാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയുടെ മറപറ്റി സാമൂഹ്യ ദ്രോഹികള്‍ മാലിന്യം കൊണ്ട് തള്ളുന്നത്. വിജനമായ റോഡരുകിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് പകര്‍ച്ചാ ഭീഷണിക്ക് ഇടവരുത്തുകയാണ്. കോഴിമാലിന്യത്തിന് പുറമെ ഹോട്ടല്‍ മാലിന്യങ്ങളും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും വാഹനത്തില്‍ കയറ്റിക്കൊണ്ട് വന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.
മുന്‍ വര്‍ഷങ്ങളില്‍ പന്ത്രണ്ടാം മൈലിലും പുതശ്ശേരിയിലും സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ട് തള്ളിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇടക്കാലത്ത് മാലിന്യ നിക്ഷേപത്തിന് അയവ് വന്നെങ്കിലും പിന്നീട് വീണ്ടും മാലിന്യനിക്ഷേപം നിര്‍ബാധം അരങ്ങേറുകയാണ് ഉണ്ടായത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമുകള്ക്കുള്ള തീറ്റയെന്ന വ്യാജേനയാണ് കോഴിമാലിന്യമുള്‍പ്പെടെ അന്യജില്ലകളില്‍ നിന്ന് തൊണ്ടര്നാടിലേക്ക് കൊണ്ട് വരുന്നത്. ഈ ജില്ലകളില്‍ നിന്ന് ഒരു കിലോ മാലിന്യം കൊണ്ട് പോയി കളയാന്‍ പതിനഞ്ച് രൂപ ഇതിനായി നിയോഗിക്കുന്നവര്‍ വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: