തിരുനെല്ലി : തോല്‍പ്പെട്ടി നരിക്കല്ല് പ്രദേശങ്ങളില്‍ ഒറ്റകൊമ്പന്റെ പരാക്രമത്തില്‍ നിരവധി കുടുംബാംഗങ്ങള്‍ ഭീതിയില്‍. ഈച്ചോരത്ത് പ്രകാശന്റെ വീട് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചുമണിയോടുകൂടി കാട്ടാന തകര്‍ത്തു.
അടുക്കളയും പുറകുവശത്തെ ചുമരും കുത്തിപൊളിച്ചനിലയിലാണ്. വീടിന്റെ പുറകുവശത്ത് നിലയുറപ്പിച്ച കാട്ടുകൊമ്പന് അയല്‍വാസികളും വനപാലകരും സ്ഥലത്തെത്തിയതോടെ കാപ്പിതോട്ടത്തിലേക്ക് അകന്നുമാറി. മുന്നൂ റോളം കാപ്പിചെടികളും ഇരുനൂറില്‍പ്പരം കവുങ്ങുകളും കാട്ടാന നശിപ്പിച്ചു.
രാവിലെ എഴ് മണിയോടെ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ തോല്‍പ്പെട്ടി വൈല്‍ഡ്ലൈഫ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുധാകരന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയില്‍ തകര്‍ന്ന വീട് റിപ്പയര്‍ ചെയ്യാനുള്ള തുക ഓവര്‍സീയറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാമെന്ന് തീരുമാനമായതോടെ് സംഘര്‍ഷം ശാന്തമായി.
രണ്ടാഴ്ച്ചക്കകം വന്‍ നാശനഷ്ടമാണ് പ്രദേശത്ത് കാട്ടാന വരുത്തിവെച്ചത്. കാറും ജീപ്പും വനിതാമെസ് ഹൗസും കാട്ടാന തകര്ത്തതില്പ്പെടുന്നു. കൊമ്പനെ തളയ്ക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: