മനുഷ്യജീവിതം മനുഷ്യരുടെ അന്ധകാരത്തെ നീക്കി ആനന്ദം ഉറപ്പിക്കുന്നതിലേക്കാകുന്നു. മനുഷ്യരുടെ നേരെ മനസാ വാചാ കര്‍മ്മണാ യാതൊരു അനര്‍ത്ഥവും ചെയ്യാതെ ഇരിക്കണം. കാരണം അത് അവരുടെ മനസ്സിനു ഭാരമാകയാല്‍ അതു പാപമാകുന്നു. തന്മൂലം തന്റെ സര്‍വ്വശക്തിയും പ്രയോഗിച്ചു അനര്‍ത്ഥത്തോടു യുദ്ധം ചെയ്തു ജയിക്കുക. സര്‍വ്വകാലത്തും ആനന്ദം അനുഭവിക്കാം.
ലോകത്തില്‍ മൂന്നു തരം ആത്മാക്കള്‍ ഉണ്ട്. ഒന്നു പരമാത്മാവ്. രണ്ടു ജീവാത്മാവ്. മൂന്നു നരകാത്മാവ്. പരമാത്മാവ് എന്നതു പരന്മാരെ രക്ഷിക്കുന്ന ജ്ഞാനം അല്ലങ്കില്‍ ഗുരുവാകുന്നു. ജീവാത്മാവെന്നത് ഈ അറിവായ ഗുരുവിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കല്‍ ജീവാത്മാവാകുന്നു.
അറിവ് ഏറി മറ്റൊന്നിലേക്ക് കവര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ പരമാത്മാവും, ഈ അറിവ് അറിഞ്ഞു അനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ജീവാത്മാവും ആകുന്നു. നരകാത്മാവ് എന്നതു അറിവ് അല്ലങ്കില്‍ ബോധം തങ്കല്‍ തന്നെ ഉണ്ടാകാതെയിരിക്കയാല്‍ ഭാവിയെ വിചാരിക്കാതെ പ്രവര്‍ത്തിച്ചു പോരുന്ന ആത്മാവ് അതിന്റെ അനുഭവം കൊണ്ട് നരകാത്മാവ് ആകുന്നു.
















