ഇന്നോളം ഞാന്‍ പ്രയോഗിച്ച വാക്കുകള്‍
അവരുടെ സ്നേഹസംഗമത്തിന്
എന്നെ ആദരവോടെ വിളിച്ചു.
വാക്കൊടുങ്ങാറായ ഞാന്‍ വടികുത്തി,
വലിവടക്കി വളരേ നേരത്തെയെത്തി.
പ്രിയങ്കരമായ വാക്കുകള്‍ താണുവീണ്
വണങ്ങിയെതിരേറ്റ് എന്നെ മുട്ടിയുരുമ്മി നിന്നു.
പ്രയോഗിച്ച് മറന്നുപോയവ
ഞങ്ങളെയോര്ക്കുന്നുവോയെന്നാരാഞ്ഞ്
അരികത്തേക്കു വന്നു.
പ്രാസത്തിനും മൂര്‍ച്ചക്കും വേണ്ടി ഞാന്‍
ചെത്തിമിനുക്കിയതിന്റെ നീറ്റലാവണം
ചിലരെയെങ്കിലും അകറ്റിനിര്‍ത്തിയത്.
വേദനിപ്പിക്കാനായെയ്ത വെറുക്കപ്പെട്ട വാക്കുകള്‍
തിരക്കു നടിച്ചങ്ങോട്ടുമിങ്ങോട്ടുമോടുകയല്ലാതെ
അടുത്തേക്കു വന്നതേയില്ല.
പ്രേമപൂര്‍വ്വം ഞാന്‍ നിക്ഷേപിച്ച തേന്‍പുരട്ടിയ വാക്കുകള്‍
ഉറുമ്പരിച്ചവയെങ്കിലും, എന്നെ കൈപിടിച്ച് നടത്തി.
വാക്കുകളുടെ സദ്യയിലും, കലാസന്ധ്യയിലും,
സ്വയം നഷ്ടപ്പെട്ടിരിക്കവേ ഞാനോര്‍ത്തു
ഈശ്വരായ… എനിക്കു നേരെ പ്രയോഗിക്കപ്പെട്ട
വാക്കുകളുടെ സംഗമത്തിനെന്നെ വിളിക്കരുതേ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: