നമ്മള് കരുതിയിരുന്നത് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് വല്യ ജോലിയായിരിക്കുമെന്നാണ്. എന്നുവെച്ചാല്‍ നിന്ന് തിരിയാന്‍ സമയം കിട്ടാത്തത്രയും വല്യ പണി. മ്മടെ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞപോലെ മ്മ്ണി ബല്യ ഒന്നിനെപോലെ. എന്നാല്‍ അങ്ങനെയല്ലെന്ന് എത്ര പൊടുന്നനെയാണ് വെളിപ്പെടുന്നത്. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ കഴിഞ്ഞാല്‍ ആകെ പങ്കെടുക്കാന്‍ അര്‍ഹതയുള്ളയാളാണ് ചീഫ് സെക്രട്ടറി.
എന്നാല്‍ നാമിപ്പോള്‍ അറിയുന്നു പുള്ളി അത്ര വലിയ കണക്കപ്പിള്ളയൊന്നും അല്ല, വെറും കേട്ടെഴുത്തുകാരന് മാത്രമാണെന്ന്!~ പണ്ട് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വലിയ പേടി കേട്ടെഴുത്തായിരുന്നു. അത് പതിയെപ്പതിയെ ഇല്ലാതായത് ഏഴില്‍ എത്തിയപ്പോഴാണ്. അതോര്‍ക്കുമ്പോള്‍ നേരത്തെ ഭയമായിരുന്നെങ്കില്‍ ഇപ്പോള്‍ തമാശയായി.
എന്നാല്‍ ഐഎഎസ് കഴിഞ്ഞ് മുസൂറിയിലെ പരിശീലനവും കഴിഞ്ഞ് റിസര്‍വ്ബാങ്ക് ഗവര്‍ണറുടെ ഒപ്പുള്ള കടലാസുകെട്ടുകള്‍ വാങ്ങിക്കൂട്ടുന്ന ഒരു ടിയാന് ഇത്തരം കേട്ടെഴുത്താണ് പണിയെന്ന് കേട്ടപ്പോള്‍ ബോബനും മോളിയും വായിച്ച ഒരു ഇദ്. നമ്മുടെ ഉമ്മച്ചന്റെ സ്വന്തം കണക്കപ്പിള്ളയായ ചീഫ് സെക്രട്ടറിക്ക് കേട്ടെഴുത്താണത്രെ പണി.
ച്ചാല്‍ ഉമ്മച്ചനും സംഘവും മന്ത്രിസഭായോഗത്തിലും അല്ലാതെയും പറയുന്നത് വള്ളിപുള്ളി വിസര്‍ഗം തെറ്റാതെ എഴുതിയെടുക്കുക. എത്ര സുന്ദരമായ പണി അല്ലേ? അങ്ങനെയെങ്കില്‍ ഇച്ചങ്ങായി എന്തിനാടോ കണ്ണില്‍കണ്ട സ്ഥലങ്ങളിലൊക്കെ പോയി നാട്ടുകാരുടെ നികുതിപ്പണം ചെലവഴിച്ച് പഠിച്ചതെന്ന് ചോദിക്കുന്നു നമ്മുടെ കണാരേട്ടന്. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകേട്ട അന്നു തുടങ്ങിയ കണാരേട്ടന്റെ ചിരി ഇനിയും നിന്നിട്ടില്ല. അടുത്തൊന്നും നില്ക്കുന്ന ലക്ഷണവുമില്ല. അദ്ദേഹം അതിന്റെ സാമ്പത്തിക ഔദ്യോഗിക മേഖലയെക്കുറിച്ചൊന്നും അന്വേഷിച്ചിട്ടില്ല.
എന്നാല്‍ അതിന്റെ രസാത്മകമായ വശം കേരളത്തിന്റെ കാവ്യമനസ്സായ നമ്മുടെ സുഗതകുമാരി ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു. അതുകേള്‍ക്കുമ്പോള്‍ നമുക്ക് തലയറഞ്ഞു ചിരിക്കാം. ഇതാ കേട്ടുകൊള്‍ക: മന്ത്രിസഭാ യോഗത്തില്‍ കുറിപ്പെഴുതുക മാത്രമാണ് തന്റെ ജോലിയെന്ന ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയുടെ പ്രസ്താവന ശരിയാണെങ്കില്‍ പകരം സ്റ്റെനോഗ്രാഫറെ നിയമിച്ചാല്‍ മതി. വിവാദ തീരുമാനങ്ങള്‍ മന്ത്രിസഭ എടുക്കുമ്പോള്‍ അതിന്റെ ഗുണദോഷം പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തം ചീഫ് സെക്രട്ടറിക്കുണ്ട്.
അതിന് കഴിയില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം നല്കി ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കേണ്ട കാര്യമില്ല. മിനിറ്റ്സ് എഴുതാന്‍ സ്റ്റെനോഗ്രാഫര്‍ മതി. (മാതൃഭൂമി മാര്‍ച്ച് 30) എന്നുവെച്ചാല്‍ കേട്ടെഴുതാന്‍ അറിയുന്ന വിദ്വാന് മതിയെന്ന്! നമ്മുടെ കണാരേട്ടനും നേരത്തെ പറഞ്ഞത് അതുതന്നെ. മറ്റുപല മേധാവികളുടെയും പണിയെക്കുറിച്ച് ഏതാണ്ടൊരു രൂപമുണ്ടായിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിക്ക് എന്തു പണിയാണെന്ന് അറിയില്ലായിരുന്നു. അടുത്ത സര്‍ക്കാറിനെ തെരഞ്ഞെടുക്കാനുള്ള അവസരം സമാഗതമായിരിക്കെ ചീഫ് സെക്രട്ടറിയുടെ പണിയെന്താണെന്ന് അറിഞ്ഞിരിക്കുന്നത് രസമുള്ള കാര്യമല്ലേ? അതറിയിച്ച ചീഫ് സെക്രട്ടറിക്ക് നന്ദി, നമസ്കാര്‍.
********
എങ്ങനെയാണ് കാര്യങ്ങള്‍ ശരിയാവുക എന്നതിനെക്കുറിച്ച് തലപുകഞ്ഞിരിക്കുമ്പോഴാണ് ആ മുദ്രാവാക്യം കുളിര്‍മഴപോലെ പെയ്തിറങ്ങിയത്. ഈ കൊടുംചൂടില്‍ മഴപെയ്യുന്നു എന്നു പറയുന്നതുപോലും കുളിര്‍മ കൂട്ടുന്നില്ലേ. ഈ നൂറ്റാണ്ടിലെ എന്നുതന്നെ പറയാം, ആ മുദ്രാവാക്യം ക്ഷപിടിച്ചിരിക്കുന്നു. എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും എന്നാണാമുദ്രാവാക്യം. ഇവിടെ ഇങ്ങനെ എല്ലാ ശരിയാവുന്ന ഒരു സ്ഥിതിവിശേഷം മുമ്പെങ്ങുമുണ്ടായിരുന്നില്ല. നിലവില്‍ പല തരത്തില്‍, പല മേഖലകളില്‍ പണിയെടുക്കുന്നവരും അവരെ ആശ്രയിച്ചുകഴിയുന്നവരും ആ മുദ്രാവാക്യത്തിന്റെ മാസ്മരിക പ്രഭയില്‍ ആവേശഭരിതരായിരിക്കുകയാണ്.
എല്ലാം ശരിയാക്കുന്ന പ്രകൃതം പാര്‍ട്ടിക്കുള്ളതിനാല്‍ ഇതില്‍ അത്ഭുതത്തിന് വകുപ്പില്ല. ജയകൃഷ്ണന് മാസ്റ്റര്‍ കുട്ടികളെ നന്നായി പഠിപ്പിക്കാത്തതില്‍ മനംനൊന്താണ് ക്ലാസ് മുറിയില്‍ അദ്ദേഹത്തെ ശരിയാക്കിയത്. ഷുക്കൂറിന്റെ പ്രവൃത്തിയിലെ അപാകതകൊണ്ടാണ് പട്ടാപ്പകല്‍ വയലില്‍ വെച്ച് ശരിയാക്കിയത്. രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലെ അപാകമാണ് ടി.പി. ചന്ദ്രശേഖരനെ ശരിയാക്കാന്‍ കാരണം. എന്നുവെച്ചാല്‍ നാട്ടുകാര്‍ കാണുന്ന ശരിയല്ല പാര്‍ട്ടിയുടെ ശരി. പാര്‍ട്ടി ശരിയുടെ ശരീരവടിവ് എങ്ങനെയിരിക്കുമെന്ന് വേലിക്കകത്തും പുറത്തുമുള്ള നേതാക്കളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ മനസ്സിലാക്കാവുന്നതേയുളളൂ.
ഇപ്പോള്‍ കാര്യങ്ങള്‍ ശരിയാവാത്തതിന്റെ കാരണം ഉമ്മച്ചനും സംഘവും നടത്തുന്ന കൃഷിയാണ്. അത് ഒഴിവാക്കി പുതിയ ശരിയുമായി വരാന്‍ തയ്യാറെടുക്കുന്ന എല്‍ഡിഎഫിന് ഇതില്പരം നല്ല മുദ്രാവാക്യം മറ്റെന്താണുള്ളത്. അതിന്റെ രേഖീയവിവരണം മാതൃഭൂമിയിലെ (മാര്‍ച്ച് 29) ഓപ്പണ്‍വോട്ടില്‍ കാണാം. സംഗതി രസാത്മകമായി വരച്ചിട്ടിരിക്കുന്നുവെങ്കിലും അതിന്റെയുള്ളിലെ ക്രൗര്യകാഠിന്യം പ്രത്യേകം ശ്രദ്ധിക്കുന്നത് കൊ ള്ളാം.
ശരിയായി കാര്യങ്ങള്‍ ചെയ്യാത്തവരെ ലക്ഷ്യമിട്ടുള്ള ആ മുദ്രാവാക്യത്തില്‍ അടങ്ങിയ ഭീഷണി കാണാതിരിക്കരുത്. അതിന് പ്രതിരോധം തീര്ക്കാ നുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര പൊടുന്നനെ തുടങ്ങു ന്നോ അത്രയും നന്ന്.
********
കോഴിക്കോട്ടെ കടപ്പുറത്ത് ഏപ്രില്‍ ആദ്യവാരത്തില്‍ രണ്ട് ഗംഭീര സമ്മേളനങ്ങളാണ് നടക്കുന്നത്. ഒന്ന് കാശ്യപാശ്രമത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രജ്ഞാനം ബ്രഹ്മ. അത് ഇന്നാണ്. വേദവെളിച്ചത്തിന്റെ സായുജ്യം അറിയാനും അനുഭവിക്കാനുമുള്ള മഹത്തായ അവസരമാണ് സമാഗതമാവുന്നത്. അതിന്റെ പരിപൂതമായ അന്തരീക്ഷം സാഗരം ഏറ്റെടുക്കും മുമ്പ് മഹാഭാരതം ധര്‍മ്മസംഗമം അരങ്ങേറുന്നു.
കേരളം ഭ്രാന്താലയമാകാതിരിക്കാനുള്ള യജ്ഞമാണ് രണ്ടു മഹാസംഭവങ്ങളിലൂടെയും ഉരുവംകൊള്ളുന്നത്. മനുഷ്യനന്മയുടെ വെളിച്ചം കൂടുതല്‍ ജാജ്വല്യമാക്കുകയും മാനവികതയുടെ മഹാകവാടങ്ങള്‍ തുറക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യം ഇവയ്ക്കുണ്ട്. നിരന്തരം ഇത്തരം യജ്ഞങ്ങള്‍ നടന്നെങ്കിലേ മനുഷ്യമനസ്സിലെ കന്മഷവും കാലുഷ്യവും അകലൂ. ആചാര്യന്മാരുടെ കൂട്ടായ മഹദ്കൃത്യങ്ങള്ക്കു മുമ്പില്‍ കാലികവട്ടത്തിന്റെ സാഷ്ടാംഗ പ്രണാമം.
********
ഒരോരുത്തരുടെയും യഥാര്‍ത്ഥസ്വഭാവം അറിയണമെങ്കില്‍ അവരുടെ എഴുത്തുനോക്കിയാല് മതിയെന്ന് പറഞ്ഞത് ഗുരുനാഥന് ആര്.കെ. രവിവര്‍മ്മയാണ്. അടുത്തിടെ അദ്ദേഹം സ്വര്‍ഗസ്ഥനായി. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ പാറക്കടവന്റെ സ്വഭാവം എഴുത്തില്‍ തെളിയുന്നു. ന്യൂദല്‍ഹിയില്‍ നാലുദിനങ്ങളിലായി നടന്ന സാര്‍വദേശീയ സൂഫി സമ്മേളനത്തിന്റെ വേദിയിലേക്കാണ് ടിയാന് മഷിക്കുപ്പി തട്ടി മറിച്ചിട്ടത്.
എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതും നരേന്ദ്രമോദി അതില്‍ പങ്കെടുത്ത് ഉജ്വലമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചതും പാറക്കടവനെ വെകിളി പിടിപ്പിച്ചിരിക്കുകയാണ്. ആ കൊടുംവിഷം മാധ്യമം ആഴ്ചപ്പതിപ്പിലെ (ഏപ്രില്‍ 04) തുടക്കം പംക്തിയിലൂടെ ഛര്ദ്ദിച്ചിരിക്കുന്നു. നമുക്കും സൂഫിക്കുപ്പായങ്ങള് തുന്നാം എന്ന തലക്കെട്ടില്‍ തന്നെ വിഷത്തിന്റെ തീവ്രത വ്യക്തം.
എന്തിലും വിഷം കലക്കാന്‍ വിരുതുള്ളവരുടെ ആഗോള സമ്മേളനത്തിന് ആധ്യക്ഷ്യം വഹിക്കാന്‍ സര്‍വഥാ യോഗ്യനായ പാറക്കടവന് ഒരു നീണ്ടുനീര്‍ന്ന നമസ്കാരം കൊടുക്കുകയല്ലാതെ മറ്റെന്ത്? നന്മയുള്ളവന് ഏത് തിന്മയിലും നന്മമാത്രം കാണും. തിന്മ സ്വത്വമായവന് നന്മയുടെ ഉള്ളില്‍ എവിടെയാണ് തിന്മയെന്ന് പെരുച്ചാഴിയെ പോലെ തുരന്നു കൊണ്ടിരിക്കും. പാറക്കടവന്റെ തുരക്കല്‍ നിര്‍ബ്ബാധം തുടരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: