കര്‍മ്മബന്ധം മോക്ഷം
ചെയ്യേണ്ടതായ പ്രവൃത്തികള്‍ ചെയ്താല്‍ വരേണ്ടതായ ഗുണങ്ങള്‍ വരും. ചെയ്യരുതാത്ത പ്രവൃത്തികള്‍ ചെയ്താല്‍ വരരുതാത്ത ദോഷങ്ങള്‍ വരും. ചെയ്യരുതാത്ത പ്രവൃത്തികള്‍ ചെയ്യാതിരുന്നാല്‍ വരരുതാത്ത ദോഷം വരികയില്ല. ചെയ്യേണ്ട പ്രവൃത്തികള്‍ ചെയ്യാതെയിരുന്നാല്‍ വരേണ്ടതായ ഗുണങ്ങള്‍ വരാതെ പോകും.
അതിനാല്‍ ഏതൊന്നിനെപറ്റി താന്‍ തന്റെ മനസ്സില്‍ ജനിപ്പിക്കുന്നുവോ ആയതിന്റെ ഭാവിയില്‍ കിട്ടുന്ന ഫലം എന്താണെന്ന് അറിയണമെങ്കില്‍ ഗുരുജ്ഞാനമാകുന്ന ചിന്ത കൊണ്ടു എല്ലാറ്റിനേയും തിരിച്ചറിഞ്ഞു ദോഷവും ഗുണവും വിഭാഗിച്ചു ചെയ്യേണ്ടതു ചെയ്യുകയും വരേണ്ടതായ ഗുണം അനുഭവിക്കുകയും ചെയ്യുന്നതു തന്നെ മോക്ഷം.
നേരെ മറിച്ച് ഗുരുത്വത്തെ ഉപേക്ഷിച്ച് ചെയ്യരുതെന്നുള്ളതു ചെയ്താല്‍ വരരുതാത്തതായ ദോഷം വന്നിട്ടു നടക്കരുതാത്തതായ നാശം നടന്നു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്നതു തന്നെ നരകം.
ഇപ്രകാരം പുണ്യകര്‍മ്മവും പാപകര്‍മ്മവും അനുഭവിക്കുന്നു. ഈ രണ്ടു കര്‍മ്മവും ദൈവ വിധിയല്ല. കാരണം പുണ്യകര്‍മ്മം ദൈവവിധിയും പാപകര്‍മ്മം അവരവരാല്‍ അറിയാതെ തങ്കല്‍തന്നെ വിധിക്കുന്നതും ആകുന്നു. അതിനാല്‍ വിധി പോലെ വരുമല്ലോ മനമേ എന്നു സാരം.
















