തണുത്തുറഞ്ഞ ഹിമാലയന്‍ പ്രദേശമാണ് ലഡാക്ക്. കടുത്ത ശൈത്യവും കൊടുംമഞ്ഞും മഞ്ഞണിഞ്ഞ കൊടുമുടികളുമാണ് എവിടെയും. ലഡാക്കിനെ അറിയാന്‍ വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയം. പക്ഷേ കൃഷീവലന്മാരായ നാട്ടുംപുറത്തുകാരുടെ സ്ഥിതി വളരെ ദയനീയം. തുള്ളിവെള്ളമില്ല കൃഷിയിറക്കാന്‍. കാരണം കാലാവസ്ഥാ മാറ്റം. കൃഷിയിറക്കേണ്ട നാളുകളില്‍ വെള്ളം കണികാണാനില്ല. അതുകഴിഞ്ഞാലോ ആവശ്യത്തിലേറെ ജലം. ഹിമാനികള്‍ ഉരുകിയൊലിക്കുന്നതപ്പോള്‍ മാത്രം.
വറ്റിവരണ്ട ആ തരിശുഭൂമികളില്‍ രക്ഷാദൂതനെപ്പോലെ ഒരു യുവാവ് അവതരിച്ചു. സോനം വാങ്ചുക്ക്. കാലേകൂട്ടി വെള്ളമെത്തിച്ച് ഗ്രാമങ്ങളില്‍ മഞ്ഞ് സ്തൂപങ്ങള്‍ നിര്‍മിക്കുക. കൃഷിക്കാലത്ത് അവ ഉരുക്കി വെള്ളം നല്‍കുക. അതായിരുന്നു സോനം വാങ്ചുക്കിന്റെ വിജയമന്ത്രം.
ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ നിന്നും പത്ത് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന പിയാംഗ് ഗ്രാമമായിരുന്നു സോനത്തിന്റെ പരീക്ഷണഭൂമി. അവിടെ അരുവികളും വയലുകളും വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. കര്‍ഷകര്‍ പട്ടിണിയിലും. അങ്ങുദൂരെ ആകാശം മുട്ടിനില്‍ക്കുന്ന കൊടുമുടികളിലെ ഹിമാനികളില്‍ ജലം ഉറഞ്ഞുകിടക്കുന്നു. അവ ഉരുകണമെങ്കില്‍ വേനല്ക്കാലമെത്തണം.
പക്ഷേ, കൃഷിയിറക്കേണ്ടത് വസന്തത്തില്‍. പണ്ട് ചിയാംഗ് നോര്‍ഫെല്‍ എന്നയാള്‍ മലമുകളില്‍ കൃത്രിമ ഹിമാനികള്‍ സൃഷ്ടിച്ച് വെള്ളം സംഭരിക്കാന്‍ നടത്തിയ ശ്രമമാണ് സോനം വാങ്ചുക്കിന്റെ ഓര്‍മയിലെത്തിയത്. അത് വിജയിച്ചില്ലെങ്കിലും!.
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ സോനം ഒരുപിടി സന്നദ്ധ സേവകരുമായിട്ടാണ് പിയാംഗിലെത്തിയത്. ഗ്രാമത്തില്‍ വയലിനോട് ചേര്‍ന്ന് കോണ്‍ ആകൃതിയിലുള്ള തടികൊണ്ടുള്ള ഒരു ചട്ടക്കൂടാണ് അവര്‍ ആദ്യം നിര്‍മിച്ചത്. ദൂരെ മലമുകളിലെ മലയില്‍ നിന്ന് കോണ്സ്തൂപത്തില് പൈപ്പുകള്‍ നിര്‍മിക്കുകയായിരുന്നു അടുത്ത പടി.
ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍. പൈപ്പിന്റെ അഗ്രം സ്തൂപത്തിനു മുകളില്‍ ഘടിപ്പിക്കാനും ആ യുവ എഞ്ചിനീയര്‍ മറന്നില്ല. തോടിലെ വെള്ളം ഗുരുത്വാകര്‍ഷണ ശക്തിമൂലം താഴേക്ക് കുതിച്ചൊഴുകി സ്തൂപത്തിന് മുകളില്‍ ചിതറിത്തെറിച്ചു. അപ്പോള്‍ അവിടുത്തെ അന്തരീക്ഷോത്മാവ് മൈനസ് 30 ഡിഗ്രി. പൈപ്പിന് പുറത്തുവന്ന ജലമത്രയും തണുത്തുറഞ്ഞ് കട്ടിപിടിക്കാന്‍ തെല്ലും വൈകിയില്ല.
അങ്ങനെ വയലിന്റെ ഒരറ്റത്തായി ക്രമേണ ഒരു ഐസ് സ്തൂപം ജന്മമെടുത്തു. ഉയരം 40 മീറ്റര്‍. ജലം ശേഖരിച്ചത് 16000 ക്യൂബിക് അടി. കൃത്യമായി പറഞ്ഞാല്‍ 25 ഏക്കര്‍ സ്ഥലത്ത് ഗോതമ്പും ബാര്ലിയുമൊക്കെ വിതക്കാന്‍ അത് ധാരാളം. ഒരു ക്യൂബിക് മീറ്റര്‍ ജലത്തിന് ചിലവ് കേവലം ഒന്നര രൂപ മാത്രം.
പണ്ട് ചിവാംഗ് നോര്‍ഫെല്‍ മലയുടെ ഉച്ചിയിലാണ് കൃത്രിമ മഞ്ഞുപാളികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. നീണ്ടുപരന്ന അത്തരം ഹിമാനികള്‍ നേരിയ വെയില് വന്നാല്‍ പോലും ഉരുകിയൊലിക്കും. മാത്രമല്ല, അത്രയും ഉയരത്തില്‍ കയറി വെള്ളം കൊണ്ടുവരാന്‍ നാട്ടുകാര്‍ തയ്യാറായതുമില്ല. എന്നാല്‍ സോനത്തിന്റെ ശാസ്ത്രാവബോധം ആ പ്രശ്നമൊക്കെ പരിഹരിച്ചു. പരന്ന ഹിമാനികളുടെ സ്ഥാനത്ത് കുത്തനെയുള്ള ഹിമസ്തൂപം. അതില്‍ വെയില് തട്ടുന്ന പ്രതലം വളരെ കുറച്ചുമാത്രം. വെയില് തട്ടുന്നിടത്താവട്ടെ ബുദ്ധ വിഹാരങ്ങളുടെ കൊടിക്കൂറകള്‍. അതോടെ വെയിലിന്റെ ശല്യം നന്നേ കുറഞ്ഞു.
വസന്തകാലത്ത് നേരിയ ചൂട് കിട്ടുമ്പോള്‍ സ്തൂപം മെല്ലെമെല്ലെ ഉരുകിത്തുടങ്ങും. അതിന് ചുറ്റും കളിമണ്ണ് മെഴുകി ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങില്ല. പിയാംഗ് ഗ്രാമത്തില്‍ ആറോളം ഹിമ സ്തൂപങ്ങള്‍ സ്ഥാപിക്കാനാണ് സോനം ലക്ഷ്യമിടുന്നത്. അങ്ങനെ 100 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം സംരക്ഷിക്കാം.
അതുകൊണ്ട് 1500 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കാം. ബാര്‍ളിയും ഗോതമ്പും പഴങ്ങളും പച്ചക്കറികളുമൊക്കെ വയലുകളില്‍ വിളഞ്ഞുമറിയും. അതിനാവശ്യമായ പണത്തിന്റെ വലിയൊരു ഭാഗം ബുദ്ധവിഹാരങ്ങളും ധര്‍മസ്ഥാപനങ്ങളും നല്‍കുകയും ചെയ്യും. അങ്ങനെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദാരിദ്ര്യത്തെ ശാസ്ത്രാവബോധം കൊണ്ട് സോനം പരാജയപ്പെടുത്തുക തന്നെ ചെയ്തു.
സ്തൂപത്തിന്റെ ആദ്യ മാതൃക പൂര്‍ത്തിയായി വര്‍ഷമൊന്നുകഴിഞ്ഞു. അങ്ങനെ കുറേയേറെ വെള്ളം ഏപ്രിലില്‍ പിയാംഗിലെത്തി. കുറേയേറെ പോപഌ മരങ്ങളും വില്ലോ മരങ്ങളും നട്ടുവളര്‍ത്തിയാണ് നാട്ടുകാര്‍ തങ്ങളുടെ നീരൊഴുക്കിനെ നെഞ്ചേറ്റിയത്. വര്‍ഷം കഷ്ടിച്ച് 50 മില്ലീമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന ഒരുതരം മഴനിഴല്‍ പ്രദേശമാണ് ലഡാക്ക് എന്നതും നാം മറക്കാതിരിക്കുക. അവിടെ പിയാംഗ് ഗ്രാമം സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പില്‍ നിന്നും 10,400 അടി ഉയരത്തിലും.
എന്തായാലും ഗ്രാമീണര്‍ ഏറെ സന്തോഷത്തിലാണ്. അവരുടെ സ്വപ്നങ്ങളിലാകെ ബാര്‍ലിയും ഗോതമ്പുമൊക്കെ കതിര്ക്കനത്തില് വിളഞ്ഞുനില്‍ക്കുന്നു. നന്ദി, സോനം വാങ്ചുക്കിന്. ഹിമാനികളെ നീരൊഴുക്കാക്കി പരിവര്‍ത്തനം ചെയ്ത ശാസ്ത്രബോധത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: