ചില കാര്യങ്ങള്‍ അങ്ങനെയാണ്. അത്ഭുതപ്പെടുത്തുന്ന യാദൃച്ഛികത!. സമവാക്യങ്ങളായി തീരുന്ന യാദൃച്ഛികതയാവണം എന്നില്ല. വൈരുദ്ധ്യങ്ങളില്‍ അധിഷ്ഠിതവും ആ ലോകം. ആ യാദൃച്ഛികതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ നാം എന്തൊക്കെയാണ് വിശ്വസിച്ചുപോവുക. ആ വിശ്വാസത്തെ ചിലര്‍ അന്ധവിശ്വാസം എന്ന് വിളിച്ചേക്കാം. (അല്ലെങ്കിലും വിശ്വാസം എന്നത് അന്ധമല്ലെ?!). എന്തുവിളിച്ചാലും ചില അനുഭവങ്ങള്‍ നമ്മളെത്തന്നെ അതിശയപ്പെടുത്താറില്ലെ?!
ഏതാണ്ട് ഒരു രണ്ടര ദശാബ്ദത്തിന് മുമ്പാണ്.
പാലക്കാട് അലത്തൂര് എന്ന സ്ഥലത്ത് വലിയൊരു വെടിക്കെട്ട് അപകടം ഉണ്ടായി. ഞാന്‍ ഒരു വാരികയില്‍ ജോലി ചെയ്തിരുന്ന കാലം. അപകടങ്ങള്‍, കൊലപാതകങ്ങള്‍ പലരും സചിത്രലേഖനങ്ങളായി വാരികയില്‍ എല്ലാ ആഴ്ചയിലും ഉണ്ടാകും. വാരികകള്‍ തമ്മില്‍ ഇത്തരം സംഭവങ്ങള്‍ കവറുചെയ്യുന്നതില് മത്സരം തന്നെയാണ്. വലിയ സംഭവങ്ങള്‍ വന്നാല്‍ അതിനേക്കാള്‍ ഭീകരത, ദയനീയത കുറഞ്ഞ സംഭവങ്ങള്‍ മാറ്റി പേജുചെയ്യുന്ന കാലം. ഓരോ ആഴ്ചയിലും എന്തെങ്കിലും ക്രൂരമോ ദയനീയമോ ആയ നടുക്കുന്ന കാര്യങ്ങള്‍ ഉണ്ടാകണം എന്ന് പത്രമുതലാളി ഗൂഢമായി ക്രൂരമായി ആഗ്രഹിക്കുന്ന കാലം.
അപ്പോഴാണ് ആലത്തൂര്‍ വെടിക്കെട്ട് അപകടം. പ്രഥമ വാര്‍ത്തയില്‍ തന്നെ പത്തുപേര്‍ മരിച്ചിട്ടുണ്ട്. പത്രമുതലാളിക്ക് വന്‍ സന്തോഷം. ഒന്നും രണ്ടും പേരല്ലല്ലോ മരിച്ചത്. ഇത്രയും ‘നല്ലൊരു അനുഭവം’ വേറെ ഉണ്ടാകാനുണ്ടോ?. ചെയ്തുവച്ചിരിക്കുന്ന ഫീച്ചര്‍ മാറ്റി ഉടന്‍ ഇത് ചെയ്യുക. ആദ്യം ആ സംഭവം ഫീച്ചര്‍ ചെയ്യേണ്ടത് നമ്മുടെ വാരിക തന്നെ. അപകടം നടന്ന സ്ഥലത്തെ റിപ്പോര്‍ട്ടര്‍ അത്രപോര. എന്താണ് ചെയ്യുക. ഒടുവില്‍ അവിടേക്ക് പോകേണ്ട നിയോഗം എനിക്കായി. ഞാന്‍ ആലത്തൂരെത്തി, അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ആളുകളെ കണ്ടു, വിവരങ്ങള്‍ ശേഖരിച്ചു. മരണമടഞ്ഞവരുടെ വീടുകളില്‍ പോയി. ദയനീയ ചിത്രങ്ങള്‍ എടുത്തു. വേണ്ടത്ര വിവരങ്ങളും ചിത്രങ്ങളുമായി. അപ്പോഴേക്കും സമയം ഇരുട്ടി. അപ്പോള്‍ത്തന്നെ തിരിച്ചുപുറപ്പെടണം. എന്നാലെ രാത്രി വീട്ടിലെത്തി, പിറ്റേന്ന് രാവിലെ വാരിക ഓഫീസിലെത്തി എഴുതി തയ്യാറാക്കി പ്രിന്റിങ്ങിന് കൊടുക്കാനാകൂ. അന്ന് ഇന്നത്തെപ്പോലെ കമ്പ്യൂട്ടറും ഇ-മെയിലിങ്ങൊന്നും കേരളത്തില്‍ പ്രചാരമായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ ബദ്ധപ്പാട് കൂടുതലാണ്.
രാത്രിയോടെ ഞാന്‍ ബസ് സ്റ്റോപ്പില്‍ എറണാകുളത്തേക്കുള്ള ബസിനായി കാത്തുനിന്നു. അഞ്ച് മിനിട്ടുപോലും വേണ്ടി വന്നില്ല, എറണാകുളത്തേക്കുള്ള ബസ് എത്തി. ഞാന്‍ കൈ കാണിച്ചു. പതിവുതെറ്റിക്കാതെ ആ ട്രാന്‍സ്പോര്‍ട്ട് ബസ് തെല്ലകലെ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ ഓടി അടുത്തപ്പോഴേക്കും ബസ് വിട്ടു. എന്നെ കണ്ട കണ്ടക്ടര്‍ ബെല്ലടിച്ച് ബസ് നിര്‍ത്തിക്കുവാന്‍ ശ്രമിച്ചുകൊണ്ട് എന്നെ കൈകാട്ടി വിളിച്ചു. ഞാന്‍ പിന്നാലെ ഓടി. നിര്‍ത്തുവാന്‍ ഒരുങ്ങിയതുപോലെ ബസ് റോഡിന്റെ ഓരം ചേര്‍ന്നു. പിന്നീട് പൂര്‍വാധികം വേഗതയില്‍ കടന്നുപോയി. ഓടിയതുമാത്രം മിച്ചം. എന്നെ പരിഹസിച്ചതുപോലെ ധാര്‍ഷ്ട്യം നിറഞ്ഞ ആ ബസിന്റെ പോക്ക്. നിരാശ, ദേഷ്യം, എല്ലാം കൂടി ചേര്‍ന്ന് എന്നാല്‍ ഒന്നിനും ആകാതെ ബസ് സ്റ്റോപ്പില്‍ ഞാന്‍ വീണ്ടും നിന്നു.
ഏതാണ്ട് ഒരുമണിക്കൂറോളം ആ നില്പ് അവിടെത്തന്നെ നില്‍ക്കേണ്ടതായി വന്നു. അപ്പോഴാണ് മറ്റൊരുബസ് വരുന്നത് കണ്ടത്. ഞാന്‍ കൈകാണിച്ചു. ഓട്ടത്തിന് തയ്യാറെടുത്തു.(ഇത് എവിടെയാണ് നിര്‍ത്തുന്നതെന്ന് അറിയില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ബസ് അല്ലെ, ഓടിയല്ലെ പറ്റു). ബസ് നിര്‍ത്തി. ഞാന്‍ കയറിപ്പറ്റി. ആശ്വാസത്തോടെ സീറ്റിലിരുന്നു. എന്നാലും… നേരത്തെപോയ ആ ബസില്‍ കയറിയിരുന്നെങ്കില്‍ ഇത്രയും വൈകേണ്ടിവരില്ലായിരുന്നു. ഇനി എപ്പോ എത്താനാണ്. ഓരോന്ന് ഓര്‍ത്ത് ഞാനിരിക്കുമ്പോഴാണ് ബസ് സ്റ്റോപ്പല്ലാത്ത ഒരു സ്ഥലത്ത് നിര്‍ത്തിയത്. സ്റ്റോപ്പില്‍ പോലും നിര്‍ത്താത്ത ബസ് സ്റ്റോപ്പില്ലാത്തിടത്ത് നിര്‍ത്തിയത്. എന്താണെന്നായി. ആളുകള്‍ എഴുന്നേറ്റ് നിന്ന് നോക്കുന്നു. ഈശ്വരനെ വിളിക്കുന്നു.
ഞാനും എഴുന്നേറ്റ് നിന്ന് നോക്കി. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കാഴ്ച!. ഞാന്‍ കയറാന്‍ പോയിട്ട് എനിക്ക് പിടിതരാതെ പാഞ്ഞ ബസ് അപകടത്തില്‍പ്പെട്ടു കിടക്കുന്നു. അര്ക്കൊക്കെയോ ഗുരുതര പരിക്കുണ്ട്. അപകടം അത്ര നിസാരമല്ല. പിന്നീട് ഞാന്‍ അപകടത്തെക്കുറിച്ച് അറിഞ്ഞു. വലിയൊരപകടമായിരുന്നത്രെ അത്. ചിലര്‍ ഗുരുതരാവസ്ഥയില്‍. ഈശ്വരാ… ആ ബസില്‍ ഞാന്‍ കയറിയിരുന്നുവെങ്കില്‍… ഏതെങ്കിലും വാരികക്കാര് എന്റെ ഫീച്ചര്‍ എഴുതുവാനും വരേണ്ടിവരുമായിരുന്നോ?!.
പക്ഷേ, 2010 ല്‍ നടന്നത് മറ്റൊന്നാണ്. ഒരു ഗായകന്റെ ജീവചരിത്രമെഴുതിക്കൊണ്ടിരുന്ന എനിക്ക് സിനിമാ സംഗീത സംവിധായകനായ കെ. രാഘവന് മാസ്റ്റര്‍ക്ക് ആ ഗായകനുമായുള്ള പരിചയാനുഭവങ്ങള്‍ ആവശ്യമായിരുന്നു. ആ ഗായകനുമായി അത്രമേല്‍ അടുത്തിടപഴകിയിട്ടുള്ള രാഘവന് മാസ്റ്ററുടെ അനുഭവങ്ങള്‍ കൂടിയുണ്ടായാലെ ആ ജീവചരിത്രം സമഗ്രമാകൂ എന്ന് ഞാന്‍ കരുതി.
ഞാന്‍ രാഘവന് മാസ്റ്ററെ കാണാന്‍ തീരുമാനിച്ചു. രാത്രി മലബാര്‍ എക്സ്പ്രസിനുപോകാം. പുലര്‍ച്ചെ എത്താം. ലോഡ്ജില്‍ മുറിയെടുത്ത് ഫ്രഷ് ആയ ശേഷം മാസ്റ്ററെ കാണാം. എറണാകുളം ടൗണ്‍ റയില്‍വേ സ്റ്റേഷനില്‍ രാത്രി പത്തുമണിക്ക് ശേഷമുള്ള വണ്ടിക്കുവേണ്ടി ഞാന്‍ എത്തി. അപ്പോഴാണ് പ്ലാറ്റ് ഫോമില്‍ ആരേയോ കാത്തുനില്ക്കുന്ന അനില്‍ മേനോനെ ഞാന്‍ കണ്ടത്. സിനിമാരംഗത്ത് സംവിധായകന് ഷാജി കൈലാസിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ എന്റെ സുഹൃത്താണ്. അനില്‍ എന്റെ അടുത്തെത്തി. ഞാന്‍ കാര്യം പറഞ്ഞു.
‘റിസര്‍വേഷന്‍ ഉണ്ടോ?’ ‘ഇല്ല’ എങ്കില്‍ ചേട്ടന് ഈ വണ്ടിക്കു പോകണ്ട. നല്ല തിരക്കാണ്. ഒരു ജനറല്‍ കമ്പാര്ട്ടുമെന്റെ ഉള്ളൂ. പോക്കറ്റടി മിക്കവാറും ഉണ്ട്.” ഞാന്‍ എന്തുചെയ്യണം എന്നറിയാതെയായി. ‘നാളെ രാവിലെ ബസിലെങ്ങാനും പോകൂ. അതായിരിക്കും നല്ലത്.’
കുറച്ചുനേരം ആലോചിച്ച ശേഷം അനിലിന്റെ വാക്ക് ഞാന്‍ സ്വീകരിച്ചു. പിറ്റേന്ന് രാവിലെ ഞാന്‍ കൃത്യം തൃശൂര്‍ക്ക് ബസ് കയറി. അവിടെ ഒരു പ്രസാധകനെ കാണേണ്ടതായി ഉണ്ടായിരുന്നു. ആ ദൗത്യം കഴിഞ്ഞപ്പോള്‍ സമയം ഉച്ച. ഭക്ഷണം കഴിഞ്ഞ് ഞാന്‍ കണ്ണൂര്‍ക്കുള്ള ബസിനായി കാത്തു. ബസിനെക്കുറിച്ച് ചിലരോട് അന്വേഷിച്ചു.
‘കോഴിക്കോട് ബസ് ഇപ്പോഴുണ്ട്. ഒരു പത്തുമിനിട്ടുകൂടി കഴിഞ്ഞാല്‍ കണ്ണൂര്‍ ബസ് വരും’. പത്ത് മിനിറ്റ് കാത്തുനില്ക്കാന് എന്റെ അക്ഷമ സമ്മതിക്കുന്നില്ല. ഏതായാലും കോഴിക്കോട് ബസിന് കയറുക. എന്നിട്ട് അവിടെ ചെന്നിട്ടാകാം അടുത്ത ബസ്. പത്തുമിനിട്ടുപോലും ക്ഷമയില്ലായ്മ. ഞാന്‍ കോഴിക്കോട് ബസില്‍ കയറി. അധികം തിരക്കില്ല.
നേരിയ ചാറ്റല്‍ മഴ ആരംഭിച്ചു. ഉച്ചയൂണ് കഴിഞ്ഞതിന്റെ ആലസ്യം. ഞാന്‍ ചെറിയൊരു മയക്കത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പെട്ടന്നാണ് വലിയൊരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എന്താണെന്ന് അറിയാന്‍ സമയം കിട്ടിയില്ല. അതിനുമുമ്പേ എന്റെ തല ബസ്സിലെ കമ്പിയില്‍ ഇടിച്ചു. വായില്‍ നിന്നും രക്തം ഒഴുകി. തല മരവിക്കും പോലെ. ബസ്സില്‍ ഉച്ചത്തിലുള്ള കരച്ചില്. ചരിഞ്ഞാണ് ബസിന്റെ നില്പ്. എപ്പോ വേണമെങ്കിലും മറിയാം.
കണ്ടയ്നര്‍ ലോറിയുമായി ബസ് ഇടിച്ചിരിക്കുന്നു. ഒരു യാത്രക്കാരി നില്‍ക്കാനും ഇരിക്കാതെ കഴിയാതെ കൂനിക്കൂടി ഈശ്വരന്മാരേയും അമ്മേയയും വിളിച്ച് കേഴുന്നു. എന്റെ അടുത്തിരുന്നയാള്‍ തെറിച്ചുവീണുകിടക്കുന്നു. എന്റെ ഷര്‍ട്ടിന്റെ പിന്‍ഭാഗം മുഴുവനും ആരുടെയൊക്കെയോ രക്തം. എന്റെ താടി തൂങ്ങിയ പോലെ. വലത്തെക്കാലിന് ലേശം പ്രശ്നം. എങ്കിലും വലിയ കുഴപ്പമില്ലെന്ന് തോന്നി. ഞാന്‍ ബാഗുമായി മറിയാനായി നില്ക്കുന്ന ബസിന്റെ ജനാലയില്‍ക്കൂടി പുറത്തേക്ക് ചാടി.
ഓടിക്കൂടിയിരുന്ന ജനം എന്നെ താങ്ങി. അവര്‍ ഓട്ടോറിക്ഷയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. താടിക്കു ലേശം പരിക്ക്. നടക്കാന്‍ ബുദ്ധിമുട്ട്. രണ്ട് പല്ലിന് ഇളക്കം, കുഴപ്പം. മോണയില്‍ മുറിവ്. സ്റ്റിച്ചിട്ടു. എന്റെ അടുത്തിരുന്ന ആളുടെ കോളര്‍ബോണ്‍ ഒടിഞ്ഞിരുന്നു. അയാള്‍ എന്റെ അടുത്ത് ഒരു രഹസ്യംപോലെ പറഞ്ഞു. ‘ഞാന്‍ വില്ലേജ് ഉദ്യോഗസ്ഥനാ… എപ്പോ ബസില്‍ പുറപ്പെട്ടാലും ആ ബസ് ആപത്തില്‍പ്പെടാറുണ്ട്!.’
ഞാന്‍ ഈശ്വരനെ വിളിച്ചുപോയി. ആ പഹയനെ ഞാന്‍ വല്ലാതെ നോക്കി. നോക്കു- ആദ്യത്തേത് ഞാന്‍ ഓടിച്ചെന്നിട്ടും എന്നെ അപകടത്തില്‍ പെടുത്താതെ പോയ ബസ്. രണ്ടാമത്തേത് ട്രെയിനില്‍ പോകാതെ, പത്തുമിനിട്ട് കണ്ണൂര്‍ വണ്ടിക്ക് കാത്തുനില്‍ക്കാതെ ധൃതിയില്‍ അപകടത്തിലേക്ക് കയറിയ ബസ്. എന്തൊരു വൈരുദ്ധ്യപരമായ യാദൃച്ഛികത. ഭാവി പ്രവചിക്കുന്നതില്‍ അനശ്വരത നേടിയ നോസ്റ്റര്ഡാമിന്റെ പ്രവചനങ്ങള്‍ അറിഞ്ഞ് നാം അത്ഭുതപരതന്ത്രരായിട്ടുണ്ട്. അദ്ദേഹത്തിന് മുമ്പ് കൃത്യമായി പ്രവചനം നടത്തിയിരുന്ന ഇംഗ്ലണ്ടിലെ മദര്ഷിപ്ടണ് എന്ന പേരിലറഞ്ഞ ഉര്സുലസണ് തെയ്ലും അത്ഭുതപ്പെടുത്തുന്ന പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള സ്ത്രീയാണ്.
കവിത അറം പറ്റിയപോലെയായി. പല്ലനയാറ്റില്‍ മുങ്ങിമരിച്ച കുമാരനാശാന്റെ കാര്യം നാം മറന്നിട്ടില്ല. അടുത്തകാലത്ത് അവയവദാനം പ്രമേയമാക്കി സിനിമാസംവിധാനം ചെയ്ത്, അവയവമാറ്റം നടത്തുന്നതിന് മുന്നേ കരള്‍രോഗത്താല്‍ മരിച്ച യുവസംവിധായകനേയും നമുക്കറിയാം.
അമേരിക്കന്‍ ഗ്രന്ഥകാരനായിരുന്ന എഡ്ഗാര്അല്ലന്പോയുടെ നാന്റുക്റ്റിലെ ആര്ഥര്ഗോര്ദന്പില്ലിന്റെ കഥ എന്ന ചെറുകഥ പ്രശസ്തമായതും ഇത്തരമൊരു യാദൃച്ഛികതയിലാണ്. 1838 ലാണ് അല്ലന്പോ ഈ കഥ പ്രസിദ്ധീകരിച്ചത്. ഒരു കപ്പല്‍ ചേതത്തില്‍ കടലില്‍ അലയേണ്ടിവന്ന മൂന്നുപേര്‍.
ദിവസങ്ങളോളം വിശപ്പും ദാഹവും സഹിക്കാനാകാതാകുമ്പോള്‍ മരണം വിശപ്പാല്‍ സംഭവിക്കും എന്ന് ഉറപ്പായപ്പോള്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന സഹയാത്രികനെ കൊന്നുതിന്നുന്ന കഥയാണിത്.
എന്നാല്‍ 1884 ല്‍ അപകടത്തില്‍ ഒരു കപ്പല്പ്പെട്ടു. ജീവന് തിരിച്ചുകിട്ടിയ മൂന്നുപേര്‍. അവരിലൊരാളെ മറ്റ് രണ്ടുപേര്‍ കൂടി കൊന്നുതിന്നു. ഈ സംഭവത്തിലെ യാദൃച്ഛികതയെക്കാള്‍ അത്ഭുതം അവര്‍ കൊന്നുതിന്ന ക്യാബിന് ബോയിയുടെ പേരാണ്. അയാളുടെ പേരും റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്നായിരുന്നു.
അറം പറ്റിയ വാക്കുകളുടെ, പ്രവചനങ്ങളുടെ, ഭാവന യാഥാര്ത്ഥ്യമായതിന്റെയൊക്കെ ഉദാഹരണങ്ങളാണ് ഇവയെല്ലാം. പക്ഷേ, എനിക്ക് സംഭവിച്ച യാദൃച്ഛികതയോ!?
ഇതുപോലെ എത്രയെത്ര സംഭവങ്ങളാണ് നാമൊക്കെ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നേരിടേണ്ടിവന്നിരിക്കുന്നത്. ഇതിലെയൊക്കെ യുക്തി അന്വേഷിച്ചുപോയാല്‍ യുക്തിയ്ക്കപ്പുറം കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആശ്വസിക്കാനേ നമുക്കാവൂ.
കേട്ടകഥ
യുക്തിവാദി രോഗിയായ മകന് ചികിത്സയൊന്നും ഫലിക്കാതായപ്പോള്‍ മന്ത്രവാദിയെ കാണാന്‍ പോയി. ഇതറിഞ്ഞ സുഹൃത്തായ യുക്തിവാദി പറഞ്ഞു. ‘യുക്തിവാദിയായ താനിത് ചെയ്യരുത്’. മന്ത്രവാദിയെ കാണാന്‍ പോയ യുക്തിവാദി പറഞ്ഞു… ‘ഇത് എന്റെ മകനല്ലെ ചങ്ങാതി…തന്റേതല്ലല്ലോ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: