കോട്ടയം: കനത്ത വേനല്‍ ചൂടില്‍ ജില്ല വറുതിയില്‍. പുഴകളിലും തോടുകളിലും നീരൊഴുക്ക് നിലച്ചതോടെ കിണറുകള്‍ വറ്റിവരണ്ടു. പല പ്രദേശങ്ങളിലും ജലവിതരണം അലങ്കോലപ്പെട്ടു. പൊതുടാപ്പുകളില്‍ വെള്ളം കിട്ടാക്കനിയായി. ടാപ്പുകളുടെ മുന്നില്‍ കുടിവെള്ളത്തിനായുള്ള നീണ്ടനിര പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാത്ത പ്രദേശങ്ങള്‍ ഏറെ. ആഴ്ചയില്‍ ഒരിക്കലും ദിവസങ്ങള്‍ കൂടുമ്പോഴും മാത്രം ജലവിതരണം നടത്തുന്ന പ്രദേശങ്ങളും ജില്ലയിലേറെയുണ്ട്. വിതരണം നടക്കുന്ന സമയത്ത് ശക്തിയില്ലാതെ ഒഴുകിയെത്തുന്ന ടാപ്പുകളില്‍നിന്നും ഒരുകുടം വെള്ളം ശേഖരിക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. പ്രാദേശിക ഭരണസമിതികളില്‍ ഭൂരിഭാഗവും കിടിവെള്ള വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ആരംഭിച്ച ഭരണകൂടങ്ങളാകട്ടെ എല്ലാ മേഖലകളിലും ജലം എത്തിക്കുന്നില്ലെന്നും പരാതി ഉയരുന്നു. ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോള്‍ പൊട്ടിയകുഴല്‍വഴി ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പലയിടത്തും പാഴാകുന്നു. കുഴലുകള്‍ പൊട്ടിയാല്‍ തിരിഞ്ഞുനോക്കാത്ത ജലവിതരണവകുപ്പ് അധികൃതര്‍. ദാഹനീരിനായി ജനം നട്ടംതിരിയുമ്പോഴും ജലവിതരണ വകുപ്പും പ്രാദേശിക ഭരണകൂടങ്ങളും അവരുടെ അനാസ്ഥ തുടരുകയാണ്.
















